അമേരിക്കയുടെ ആക്രമണത്തിൽനിന്ന് ഇറാൻ്റെ സൈനിക വിമാനങ്ങൾക്ക് പാകിസ്ഥാൻ സംരക്ഷണം ഒരുക്കിയെന്ന് റിപ്പോർട്ട്. റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളത്തിൽ വിമാനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിച്ചുവെന്നാണ് സിബിഎസ് ന്യൂസിൻ്റെ റിപ്പോർട്ട്.
ഇസ്ലാമാബാദ്: ഇറാൻ്റെ സൈനിക വിമാനങ്ങൾക്ക് പാകിസ്ഥാൻ്റെ വ്യോമതാവളത്തിൽ അഭയം നൽകിയെന്ന് റിപ്പോർട്ട്. അമേരിക്കയുടെയും ഇസ്രായേലിൻ്റെയും ആക്രമണമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നിരിക്കെ ആണ് പാകിസ്ഥാൻ്റെ നൂർ ഖാൻ വ്യോമതാവളത്തിൽ ഇറാൻ്റെ വിമാനങ്ങൾ പാർക്ക് ചെയ്യാൻ അനുമതി നൽകിയത്. പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാനായി യുഎസിനും ഇറാനുമിടയിൽ പാകിസ്ഥാൻ മധ്യസ്ഥത വഹിക്കുന്നതിനിടെയാണ് ഈ തീരുമാനമെന്നത് ശ്രദ്ധേയമാണ്. ഇതുസംബന്ധിച്ച വിവരം ലഭിച്ച അമേരിക്കൻ അധികൃതരെ ഉദ്ധരിച്ചു സിബിഎസ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ച് ദിവസങ്ങൾക്കം ഇറാൻ അനേകം വിമാനങ്ങൾ പാകിസ്താനിലെ നൂർ ഖാൻ വ്യോമതാവളത്തിലേക്ക് മാറ്റിയതായി പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യുഎസ് അധികൃതർ സിബിഎസ് ന്യൂസിനോട് പറഞ്ഞു. റാവൽപിണ്ടിയിൽ സ്ഥിതിചെയ്യുന്ന നൂർഖാൻ വ്യോമതാവളം പാകിസ്ഥാൻ്റെ തന്ത്രപ്രധാന വ്യോമതാവളങ്ങളിൽ ഒന്നാണ്.
അതേസമയം നൂർ ഖാൻ വ്യോമതാവളത്തിൽ ഇറാൻ്റെ വിമാനങ്ങൾക്ക് അഭയം നൽകിയെന്ന ആരോപണം പാക് അധികൃതർ നിഷേധിച്ചു. നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന നൂർ ഖാൻ വ്യോമതാവളത്തിൽ പൊതുശ്രദ്ധയിൽ പെടാതെ വിമാനങ്ങൾ ഒളിപ്പിച്ചു വെക്കാനാവില്ലെന്നാണ് പാക് അധികാരികളുടെ വിശദീകരണം. റിപ്പോർട്ടുകളിൽ വാസ്തവമുണ്ടെങ്കിൽ തങ്ങൾക്ക് പുനർവിചിന്തനം നടത്തേണ്ടതുണ്ടെന്ന് യുഎസ് സെനറ്ററായ ലിൻഡ്സി ഗ്രഹാം പ്രതികരിച്ചിട്ടുണ്ട്.
അതിനിടെ, ഇറാൻ്റെ യാത്രാ വിമാനങ്ങൾ അഫ്ഗാനിസ്ഥാനിലേക്ക് മാറ്റിയെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. യുദ്ധത്തിനിടെ ശേഷിക്കുന്ന വ്യോമ ആസ്തികൾ സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കം. എന്നാൽ ഇതിൽ സൈനിക വിമാനങ്ങൾ ഉൾപ്പെടുന്നുണ്ടോയെന്ന് വ്യക്തമല്ല. അതേസമയം അഫ്ഗാനിസ്ഥാൻ ഭരിക്കുന്ന താലിബാനും റിപ്പോർട്ട് നിഷേധിച്ചിട്ടുണ്ട്. പാകിസ്ഥാനിൽ കഴിഞ്ഞ മാസം നടന്ന യുഎസ് - ഇറാൻ ചർച്ചകളെ തുടർന്നാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ ഏപ്രിൽ എട്ടുമുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്.


