അസംബ്ലിയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയ അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ചത് ഭരണഘടന ലംഘനമെന്നും നീതി കിട്ടുംവരെ പ്രതിപക്ഷ അംഗങ്ങൾ സഭയിൽ അസംബ്ലിയിൽ തുടരുമെന്നും പി പി പി നേതാവ് ബിലാവൽ ഭൂട്ടോ പ്രഖ്യാപിച്ചു.
കറാച്ചി: തികച്ചും നാടകീയമായ നീക്കങ്ങളിലൂടെ അവിശ്വാസ പ്രമേയത്തെ അതിജീവിച്ച ഇമ്രാൻ ഖാൻ പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറെടുക്കുകയാണ്. എന്നാൽ എല്ലാം ഇമ്രാന്‍റെ ഇഷ്ടത്തിന് വിട്ടുകൊടുക്കാൻ തയ്യാറല്ല പ്രതിപക്ഷം. അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) വ്യക്തമാക്കി കഴിഞ്ഞു. നടന്നത് ഭരണഘടനാ ലംഘനമാണെന്നാണ് പിപിപി വാദം, നീതി കിട്ടും വരെ സഭയിൽ തുടരാനാണ് തീരുമാനം. അതിനിടെ പ്രധാനമന്ത്രിയുടെ ശുപാർശ സ്വീകരിച്ച് ദേശീയ അസംബ്ലി പിരിച്ചു വിട്ടതായി പാക് പ്രസിഡൻ്റ് ആരിഫ് അലവി അറിയിച്ചു.
ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം ദേശീയ അസംബ്ലിയിൽ അവതരിപ്പിക്കാൻ ഡെപ്യുട്ടി സ്പീക്കർ അനുമതി നിഷേധിക്കുകയായിരുന്നു. ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്നാണ് ഡെപ്യുട്ടി സ്പീക്കർ ക്വസിം സൂരി പറഞ്ഞത്. വിദേശ ശക്തിയുടെ പിന്തുണയുള്ള അവിശ്വാസം അവതരിപ്പിക്കാൻ അനുമതി നൽകാനാവില്ലെന്ന് സ്പീക്കറുടെ റൂളിംഗ്. അപ്രതീക്ഷിത പ്രഖ്യാപനം പ്രതിപക്ഷത്തെ ആകെ ഞെട്ടിച്ചു.
Read More: ഞെട്ടിച്ച് ഇമ്രാൻ; അപ്രതീക്ഷിത ബൗൺസറിൽ പതറി പ്രതിപക്ഷം, പാകിസ്ഥാൻ തെരഞ്ഞെടുപ്പിലേക്ക്
അവതരിപ്പിക്കാൻപോലും അനുവദിക്കാതെ അവിശ്വാസപ്രമേയം തള്ളിയ ഡെപ്യുട്ടി സ്പീക്കർക്കെതിരെ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷ അംഗങ്ങൾ എണീറ്റെങ്കിലും ഫലം ഉണ്ടായില്ല. സഭ പിരിയുന്നതായി പ്രഖ്യാപിച്ച ക്വസിം സൂരി ഇരിപ്പിടാം വിട്ടിറങ്ങി. ദേശീയ അസംബ്ലിയിൽ എത്താതെ ഔദ്യോഗിക വസതിയിലിരുന്ന് എല്ലാം ടെലിവിഷനിൽ കാണുകയായിരുന്ന ഇമ്രാൻ ഖാൻ നിമിഷങ്ങൾക്കകം രാജ്യത്തെ അഭിസംബോധന ചെയ്തു.
ഉചിതമായ തീരുമാനം എടുത്തതിന് ഡെപ്യുട്ടി സ്പീക്കർക്ക് നന്ദിയറിയിച്ച പാക് പ്രധാനമന്ത്രി ദേശീയ അസംബ്ലി പിരിച്ചുവിടാൻ പ്രസിഡന്റ് ആരിഫ് അൽവിക്ക് ശുപാർശ നൽകിയെന്ന് രാജ്യത്തെ അറിയിച്ചു. ഈ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് മാത്രമാണ് പോംവഴിയെന്നായിരുന്നു ഇമ്രാൻ്റെ വിശദീകരണം. പ്രധാനമന്ത്രിയുടെ ശുപാർശ സ്വീകരിച്ചു ദേശീയ അസംബ്ലി പിരിച്ചു വിട്ടതായി ആരിഫ് അലവിയുടെ പ്രഖ്യാപനം പിന്നാലെ വന്നു.
അസംബ്ലിയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയ അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ചത് ഭരണഘടന ലംഘനമെന്നും നീതി കിട്ടുംവരെ പ്രതിപക്ഷ അംഗങ്ങൾ സഭയിൽ അസംബ്ലിയിൽ തുടരുമെന്നും പി പി പി നേതാവ് ബിലാവൽ ഭൂട്ടോ പ്രഖ്യാപിച്ചു.
ഡെപ്യുട്ടി സ്പീക്കറുടെ ഭരണഘടനാ വിരുദ്ധ നടപടിക്ക് എതിരെ സുപ്രീംകോടതിയെ സമീപിക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.
അധികാരത്തിലേറാൻ കഴിയുമെന്ന് ഉറപ്പിച്ചു നീക്കിയ പ്രതിപക്ഷത്തിന് അപ്രതീക്ഷിത തിരിച്ചടി ആയി ദേശീയ അസംബ്ലി പിരിച്ചുവിട്ടുകൊണ്ടുള്ള ഇമ്രാന്റെ നീക്കം.
അവസാന പന്തിൽ കളിയുടെ ദിശമാറ്റി ഇമ്രാൻ
തോറ്റു എന്നുറപ്പിച്ചിടത്തുനിന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അവസാന നിമിഷം ഇങ്ങനെയൊരു ട്വിസ്റ്റ് കൊണ്ടുവരുമെന്ന് ആരും കരുതിയില്ല. സഭയിൽ അവിശ്വാസം നിഷ്പ്രയാസം പാസാക്കിയെടുക്കാം എന്ന പ്രതിപക്ഷത്തിന്റെ ആത്മവിശ്വാസത്തിന് കനത്ത തിരിച്ചടിയാണ് ഇമ്രാൻ നൽകിയത്.
ഇന്നത്തെ അവിശ്വാസവോട്ടെടുപ്പോടെ പ്രധാനമന്ത്രി പദത്തിൽ നിന്നിറങ്ങേണ്ടി വരും എന്ന പ്രവചനങ്ങളെ വെള്ളത്തിലാക്കിക്കൊണ്ട് അവസാന പന്തിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കളി തിരിച്ചു. രാവിലെ സഭ കൂടിയപ്പോൾ തന്നെ ഇമ്രാന്റെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. പ്രധാനമന്ത്രിയാകാൻ കച്ചകെട്ടിയിരുന്ന ഷഹബാസ് ഷെറീഫോ ഇമ്രാന്റെ ശത്രുപാളത്തിലെ സർദാരി അടക്കമുള്ള മറ്റു പ്രമുഖരോ പ്രതീക്ഷിച്ചിരുന്നതിന് അപ്പുറത്തായിരുന്നു ഇമ്രാന്റെ ഭാഗത്തുനിന്നുണ്ടായ അവസാനത്തെ കരുനീക്കം.
അവിശ്വാസവോട്ടെടുപ്പിനെപ്പറ്റി ആശങ്ക വേണ്ട അതിനെ നേരിടാനുള്ള പ്ലാൻ തന്റെ കയ്യിലുണ്ട് എന്ന തികഞ്ഞ ആത്മവിശ്വാസം ഇന്നലെ തന്നെ ഇമ്രാൻ പ്രകടിപ്പിച്ചിരുന്നു. അവസാന പന്തുവരെ താൻ കളി തുടരും എന്നും, ദേശദ്രോഹികളെ അസംബ്ലിയിൽ താൻ നേർക്കുനേർ നേരിടും എന്നും അദ്ദേഹം പറഞ്ഞിരുന്നു. വോട്ടെടുപ്പ് നടത്താൻ കണക്കാക്കി സഭയിലെത്തിയ പ്രതിപക്ഷത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഡെപ്യൂട്ടി സ്പീക്കർ വഴി പ്രമേയത്തിന്മേൽ വോട്ടെടുപ്പ് നിഷേധിച്ചുകൊണ്ടുള്ള ഇമ്രാന്റെ നീക്കം. ഇങ്ങനെയൊരു നടപടിയുടെ നിയമ സാധുത ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ് എങ്കിലും, അവസാന നിമിഷം അപ്രതീക്ഷിതമായ ഒരു തന്ത്രം പുറത്തെടുത്തുകൊണ്ട് സകലരെയും ഞെട്ടിച്ചിരിക്കുകയാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.
നേരത്തെ പ്രവചിക്കപ്പെട്ടിരുന്നത് പോലെ അവിശ്വാസ പ്രമേയം വോട്ടിനിട്ടിരുന്നു എങ്കിൽ ഇമ്രാൻ ഖാൻ പ്രമേയത്തിൽ ദയനീയമായ തോൽവി നേരിട്ട് ഇറങ്ങിപ്പോവേണ്ട സാഹചര്യം ഉണ്ടായേനെ. അത് ഒരുപക്ഷെ അത് ഇമ്രാൻ ഖാന്റെ രാഷ്ട്രീയ ജീവിതത്തിനു പോലും തിരശീലയിട്ടേനെ. അതൊഴിവാക്കാൻ വേണ്ടി നടത്തിയ സഭ പിരിച്ചു വിട്ട് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള നീക്കം, ഇമ്രാൻ ഖാന്റെ മാസ്റ്റർ സ്ട്രോക്ക് ആയാണ് വിലയിരുത്തപ്പെടുന്നത്. മത ദേശീയ വികാരങ്ങൾ ഉയർത്തിവിട്ടുകൊണ്ട് ആ തെരഞ്ഞെടുപ്പിൽ ജനങ്ങളെ സമീപിക്കാനുള്ള വലിയൊരു സാധ്യതകൂടിയാണ് ഇമ്രാൻ ഈ നീക്കത്തിലൂടെ ഉറപ്പിക്കുന്നത്.
