കര-നാവിക-വ്യോമ സേനകൾ പങ്കെടുക്കുന്ന ഈ അഭ്യാസത്തിന് സമാന്തരമായി പാകിസ്ഥാനും അതേ മേഖലയിൽ നാവിക പരിശീലനം പ്രഖ്യാപിച്ചിട്ടുണ്ട്, ഇത് ഇന്ത്യയുടെ സൈനിക ശക്തി പ്രകടനത്തോടുള്ള പാകിസ്ഥാൻ്റെ പ്രതികരണമാണോ എന്ന സംശയങ്ങൾ ഉയർത്തുന്നു.
ദില്ലി: ഓപ്പറേഷൻ സിന്ദൂരിന് ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും വലിയ സംയുക്ത സൈനികാഭ്യാസമായ 'ത്രിശൂൽ' അറബിക്കടലിൽ പുരോഗമിക്കവേ, സമാന നീക്കങ്ങളുമായി പാകിസ്ഥാൻ. അതേ പ്രദേശത്ത് നാവിക വെടിവെപ്പ് പരിശീലനത്തിനായി പാകിസ്ഥാൻ സമാന്തരമായി നാവിഗേഷൻ മുന്നറിയിപ്പ് പുറത്തിറക്കി. നവംബർ 2 മുതൽ 5 വരെയാണ് പാകിസ്ഥാൻ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ത്യൻ പരിശീലനത്തിൽ ഓപ്പറേഷൻ രണ്ടാം ഘട്ടം പാക്കിസ്ഥാൻ ഭയക്കുന്നുണ്ടോ എന്നാണ് വിവിധ മാധ്യമ റിപ്പോര്‍ട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയുടെ സംയുക്ത സൈനിക നീക്കങ്ങൾ നടക്കുന്ന മേഖലകളിൽ, 28,000 അടിക്ക് താഴെ പറക്കുന്ന വിമാനങ്ങൾക്കായി ഇന്ത്യ പുറത്തിറക്കിയ വ്യോമ മുന്നറിയിപ്പിന് പിന്നാലെയാണിത്. അന്താരാഷ്ട്ര അതിർത്തിയോട് ചേർന്ന് ഇന്ത്യ വലിയ തോതിലുള്ള സൈനികാഭ്യാസങ്ങൾ നടത്തുമ്പോൾ പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് ഇത്തരം പ്രതികരണങ്ങൾ ഉണ്ടാകുന്നത് പതിവാണ്.
ഇന്ത്യയുടെ കര-നാവിക-വ്യോമ സേനകളുടെ സംയുക്ത അഭ്യാസമായ 'ത്രിശൂലിൽ' 25 യുദ്ധക്കപ്പലുകളും, 40-ൽ അധികം യുദ്ധവിമാനങ്ങളും, ഏകദേശം 40,000 സൈനികരും പങ്കെടുക്കുന്നുണ്ട്. വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളിലും പ്രവർത്തന മേഖലകളിലും സംയോജിത ദൗത്യങ്ങൾ നടത്താനുള്ള ഇന്ത്യയുടെ കഴിവ് പ്രദർശിപ്പിക്കുന്ന ഒരു പ്രധാന ത്രി-സർവീസസ് ഓപ്പറേഷണൽ വാലിഡേഷൻ അഭ്യാസമാണ് 'ത്രിശൂൽ' എന്ന് ഇൻ്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് വിശേഷിപ്പിച്ചിരുന്നു.
സംയുക്ത പ്രവർത്തനം, ആത്മനിർഭരത, നവീകരണം എന്ന മനോഭാവത്തിലൂടെ അതിർത്തികൾ സംരക്ഷിക്കാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയം 'ത്രിശൂൽ' ഉദാഹരിക്കുന്നുവെന്ന് ഐഡിഎസ് വ്യക്തമാക്കി. അറബിക്കടലിൻ്റെ ചില ഭാഗങ്ങൾ, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് അഭ്യാസം നടക്കുന്നത്. റാൻ ഓഫ് കച്ച്, സിർ ക്രീക്ക് മേഖലകൾക്ക് അഭ്യാസം പ്രത്യേക ശ്രദ്ധ നൽകുന്നു.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അടുത്തിടെ സന്ദർശിച്ച റാൻ ഓഫ് കച്ച്, സിർ ക്രീക്ക് മേഖലകളിലാണ് 'ത്രിശൂൽ' കൂടുതലും നടക്കുന്നത്. "അതിർത്തിക്കപ്പുറത്ത് നിന്ന് എന്തെങ്കിലും 'ദുഷ്‌കൃത്യം' ഉണ്ടായാൽ ഭൂമിശാസ്ത്രവും ചരിത്രവും തിരുത്തിയെഴുതേണ്ടി വരും" എന്ന് രാജ്‌നാഥ് സിംഗ് മുന്നറിയിപ്പ് നൽകിയിരുന്നു. നാവിക ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ വൈസ് അഡ്മിറൽ എ.എൻ. പ്രമോദ് പറയുന്നതനുസരിച്ച്, ബഹിരാകാശം, സൈബർ യുദ്ധ ഘടകങ്ങൾ എന്നിവ സംയോജിപ്പിച്ചുള്ള സങ്കീർണ്ണമായ ബഹുമുഖ പരിശീലനമാണ് 'ത്രിശൂൽ'. ഇന്ത്യയുടെ ലാൻഡിംഗ് പ്ലാറ്റ്ഫോം ഡോക്കായ ഐഎൻഎസ് ജലാശ്വയും മറ്റ് ചെറു കപ്പലുകളും പങ്കെടുക്കുന്ന ഈ അഭ്യാസം നവംബർ 13 വരെ തുടരും.


