Asianet News MalayalamAsianet News Malayalam

റഷ്യയുടെ കൊവിഡ് വാക്സിന്‍ ആദ്യം എന്‍റെ ശരീരത്തില്‍ പരീക്ഷിക്കും; ഫിലിപ്പെന്‍സ് പ്രസിഡന്‍റ്

വാക്സിന്‍ വന്നാല്‍ അത് ഞാന്‍ സ്വയം ശരീരത്തില്‍ കുത്തിവയ്ക്കും, അതും പൊതുജനമധ്യത്തില്‍. എന്നിലാണ് ആദ്യം അത് പരീക്ഷിക്കേണ്ടത്. അതിന് എനിക്ക് സമ്മതമാണ്.

Philippines Duterte offers to be first person to receive Russia covid vaccine
Author
Manila, First Published Aug 11, 2020, 10:05 AM IST

മനില: കൊവിഡിനെതിരായ റഷ്യ അടുത്ത ദിവസം പുറത്തിറക്കുന്ന വാക്സിന്‍ തന്‍റെ ശരീരത്തില്‍ ആദ്യം പ്രയോഗിക്കണമെന്ന ആവശ്യവുമായി ഫിലിപ്പെന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുറ്റര്‍റ്റെ. ഇത് വിശ്വാസത്തിന്‍റെയും കൃജ്ഞതയുടെയും പ്രതീകമായുള്ള പ്രവര്‍ത്തിയായിരിക്കുമെന്നും ഡ്യുറ്റര്‍റ്റെ അറിയിച്ചു.

വാക്സിന്‍ വന്നാല്‍ അത് ഞാന്‍ സ്വയം ശരീരത്തില്‍ കുത്തിവയ്ക്കും, അതും പൊതുജനമധ്യത്തില്‍. എന്നിലാണ് ആദ്യം അത് പരീക്ഷിക്കേണ്ടത്. അതിന് എനിക്ക് സമ്മതമാണ്. വാക്സിന്‍റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കും ഉത്പാദനത്തിനും റഷ്യയെ ഫിലിപ്പെന്‍സ് സഹായിക്കുമെന്നും പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു.

റഷ്യയുമായുള്ള രാജ്യങ്ങളുടെ ബന്ധങ്ങളിലെ മാതൃക വ്യക്തിയാണ് ഫിലിപ്പെന്‍ പ്രസിഡന്‍റ് എന്നാണ് മുന്‍പ് റഷ്യന്‍ പ്രസിഡന്‍റ് വ്ലഡമിര്‍ പുടിന്‍ റോഡ്രിഗോ ഡ്യുറ്റര്‍റ്റെ വിശേഷിപ്പിച്ചത്.

അതേ സമയം റഷ്യ ഓഗസ്റ്റ് 12ന് വാക്സിന്‍ പുറത്തിറക്കും എന്നത് വ്യക്തമാക്കി രംഗത്ത് എത്തി. റഷ്യയുടെ ഗമേലിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവിലിയന്‍സ് വികസിപ്പിച്ച വാക്സിനാണ് കൃത്യമായ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് മുന്‍പ് പുറത്തിറക്കുന്നത് എന്ന് ആരോപണമുണ്ട്. ലോകാരോഗ്യ സംഘടന അടക്കം വാക്സിന്‍ പുറത്തിറക്കാനുള്ള മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് റഷ്യയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

അതേസമയം വാക്സിന്‍ ഫലിച്ചില്ലെങ്കിൽ വൈറസ് ബാധയുടെ തീവ്രത വർധിച്ചേക്കുമെന്നു റഷ്യയിലെ പ്രമുഖ വൈറോളജിസ്റ്റുമാരിൽ ഒരാൾ തന്നെ രംഗത്ത് എത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.  ചില പ്രത്യേക ആന്റിബോഡികളുടെ സാന്നിധ്യം രോഗതീവ്രത വർധിപ്പിച്ചേക്കാമെന്നാണ് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു എന്നാണ് പാശ്ചത്യമാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. അതേ സമയം നാളെ വാക്സിന്‍ റജിസ്റ്റർ ചെയ്യുമെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios