അമേരിക്കയുടെ ഇറാൻ ആക്രമണത്തിൽ നി‍ർണായകമായ ബി 2 സ്പിരിറ്റ് ജെറ്റ് വിമാനങ്ങൾ ചടങ്ങിൽ ഭാഗമാകും

വാഷിംഗ്ടൺ: ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരായ ആക്രമണത്തിൽ അമേരിക്കയുടെ യുദ്ധ വിമാനങ്ങൾ നിയന്ത്രിച്ച പൈലറ്റുമാർക്ക് ജൂലൈ നാലിന് അമേരിക്കയുടെ സ്വാതന്ത്ര്യദിനത്തിൽ വൈറ്റ് ഹൗസിൽ വച്ച് ആദരം നൽകും. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റാണ് തിങ്കളാഴ്ച ഇക്കാര്യം വിശദമാക്കിയത്. അമേരിക്കയുടെ ഇറാൻ ആക്രമണത്തിൽ നി‍ർണായകമായ ബി 2 സ്പിരിറ്റ് ജെറ്റ് വിമാനങ്ങൾ ചടങ്ങിൽ ഭാഗമാകും. ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശമനുസരിച്ച് ഫോർഡോ, നഥാൻസ് ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത് ബി 2 സ്പിരിറ്റ് ബോംബ‍ർ വിമാനങ്ങളായിരുന്നു.

ഇതിന് പുറമേ മിസോറിയിലെ യുദ്ധവിമാന ബേസിൽ നിന്നുള്ള വ്യോമസേനാംഗവും ചടങ്ങുകളുടെ ഭാഗമാവുമെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച രാജ്യ തലസ്ഥാനത്ത് നടക്കുന്ന ആഘോഷങ്ങളിൽ ട്രംപും ഭാഗമാകുമെന്നാണ് റിപ്പോർട്ട്. എഫ് 22, ബി 2, എഫ് 35 വിമാനങ്ങളുടെ ആകാശപ്രകടനവും ജൂലൈ നാലിനുണ്ടാവുമെന്നാണ് വൈറ്റ് ഹൗസ് വിശദമാക്കുന്നത്. നേരത്തെ തന്നെ ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ച പൈലറ്റുമാരെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്ന് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചിരുന്നു.

ഏഴ് ബി2 ബോംബ‍ർ വിമാനങ്ങളാണ് ഇറാന്റെ ആണവ കേന്ദ്രങ്ങളെ ആക്രമിച്ചത്. മിസോറിയിൽ നിന്ന് ഇറാനിലേക്കും തിരിച്ച് അമേരിക്കയിലേക്കുമായി 36 മണിക്കൂറാണ് യുദ്ധ വിമാനത്തിന്റെ യാത്ര നീണ്ടതെന്നാണ് പെൻറഗൺ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. മറ്റ് യുദ്ധ വിമാനങ്ങളുടെ സഹായത്തോടെ ഇന്ധനം നിറച്ചായിരുന്നു ബി 2 ബോംബറുകളുടെ യാത്രയെന്നാണ് പെൻറഗൺ വിശദമാക്കിയത്. 14 ബങ്കർ ബസ്റ്റ‍ർ ബോംബുകളാണ് ഫോർഡോ, നഥാൻസ്, ഇസ്ഫഹാൻ ആണവ കേന്ദ്രങ്ങളിലേക്ക് അമേരിക്ക വർഷിച്ചതെന്നാണ് പെൻറഗൺ വിശദമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം