എത്രയും വേഗം വെടിനിർത്തൽ ഉണ്ടാകണമെന്ന് കൂടിക്കാഴ്ചയിൽ മോദി അഭ്യർത്ഥിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ്. സമാധാനശ്രമങ്ങൾക്ക് എല്ലാവിധ സഹകരണവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.

ദില്ലി: റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവുമായി (Sergey Lavrov) ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) നടത്തിയ ചർച്ചയില്‍ യുക്രൈൻ വിഷയം ചര്‍ച്ചയായി. റഷ്യ-യുക്രൈൻ സംഘര്‍ഷം തീര്‍ക്കുന്നതില്‍ ഇന്ത്യയുടെ മധ്യസ്ഥത റഷ്യന്‍ വിദേശകാര്യമന്ത്രി സ്വാഗതം ചെയ്തു. യുക്രൈൻ വിഷയത്തിലെ ഇന്ത്യയുടെ സ്വതന്ത്ര നിലപാടിനെ നയതന്ത്രതല ചർച്ചയില്‍ റഷ്യ അഭിനന്ദിച്ചു . ബാഹ്യസമ്മർദ്ദങ്ങള്‍ ഇന്ത്യയുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്നും സെർഗെയ് ലാവ്റോവ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി റഷ്യൻ വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തി.

യുക്രൈന്‍ വിഷയത്തില്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ നിലപാട് കടുപ്പിക്കുമ്പോള്‍ ഇന്ത്യയുമായി കൂടുതല്‍ അടുക്കാനാണ് റഷ്യയുടെ ശ്രമം. ചൈനയിലെ സന്ദർശനത്തിന് പിന്നാലെ ഇന്ത്യയിലെത്തിയെ റഷ്യന്‍ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവ് വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ചർച്ച നടത്തി. യുക്രൈന്‍ വിഷയത്തില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നിലപാട് തള്ളിയ റഷ്യ ഇന്ത്യയുടെ നയത്തെ അഭിനന്ദിച്ചു.

അമേരിക്കയുടെ സമ്മർദ്ദങ്ങള്‍ക്ക് ഇന്ത്യ റഷ്യ ബന്ധത്തെ സ്വാധീനിക്കാനാവില്ല. ഇന്ധനം ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ലഭ്യമാക്കുമെന്നും ലാവ്റോവ് മാധ്യമങ്ങളോട് പറഞ്ഞു. യുക്രൈനിലേത് യുദ്ധമല്ലെന്നും ഭീഷണി നേരിടാനുള്ള പ്രത്യേക നടപടി മാത്രമാണെന്നും റഷ്യൻ വിദേശകാര്യമന്ത്രി ന്യായീകരിച്ചു. തർക്കങ്ങള്‍ ചർച്ചയിലൂടെ പരിഹരിക്കുകയാണ് വേണ്ടതെന്ന നിലപാട് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചർച്ചയില്‍ ആവർത്തിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയില്‍ യുക്രൈനിലെ നിലവിലെ സാഹചര്യവും സമാധാന ശ്രമവും റഷ്യന്‍ വിദേശകാര്യമന്ത്രി വിശദീകരിച്ചു. സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി മോദി കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. എത്രയും വേഗം വെടിനിർത്തൽ ഉണ്ടാകണമെന്ന് കൂടിക്കാഴ്ചയിൽ മോദി അഭ്യർത്ഥിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സമാധാന ശ്രമങ്ങൾക്ക് എല്ലാവിധ സഹകരണവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. 2021 ഇന്ത്യ റഷ്യ ഉഭയകക്ഷി ഉച്ചകോടിയിലെ തീരുമാനങ്ങളുടെ പുരോഗതിയും ലാവ്റോവ് പ്രധാനമന്ത്രിയെ അറിയിച്ചു. 

റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങും: ഉറച്ച നിലപാടുമായി നിർമല സീതാരാമൻ

കുറഞ്ഞ വിലയ്ക്ക് റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി. ആഗോള തലത്തിൽ വില ഉയർന്നിരിക്കെ യുദ്ധത്തിന് മുൻപത്തെ വിലയ്ക്ക് ക്രൂഡ് ഓയിൽ നൽകാമെന്ന വാഗ്ദാനം അംഗീകരിക്കുകയാണെന്ന് ഇന്ത്യ വ്യക്തമാക്കുകയാണ്.

ഇതിനോടകം തന്നെ റഷ്യയിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങി തുടങ്ങിയെന്ന് നിർമല സീതാരാമൻ വ്യക്തമാക്കി. യുക്രൈന്‍ വിഷയത്തില്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ നിലപാട് കടുപ്പിക്കുന്പോള്‍ ഇന്ത്യയുമായി കൂടുതല്‍ അടുക്കാനാണ് റഷ്യയുടെ ശ്രമം. ചൈനയിലെ സന്ദർശനത്തിന് പിന്നാലെ ഇന്ത്യയിലെത്തിയെ റഷ്യന്‍ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവ് വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ചർച്ച നടത്തി. യുക്രൈന്‍ വിഷയത്തില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നിലപാട് തള്ളിയ റഷ്യ ഇന്ത്യയുടെ നയത്തെ അഭിനന്ദിച്ചു.

ബാരലിന് 35 ഡോളര്‍ വരെ കുറച്ച് ക്രൂഡ് ഓയിൽ നല്‍കാമെന്നാണ് റഷ്യയുടെ വാഗ്ദാനം. കുറഞ്ഞത് 1.5 കോടി ബാരല്‍ ക്രൂഡ് ഓയിലെങ്കിലും വാങ്ങണമെന്ന നിർദ്ദേശവും റഷ്യ ഇന്ത്യക്ക് മുന്നിൽ വെച്ചിട്ടുണ്ട്. യുക്രൈനെതിരായ യുദ്ധ നീക്കത്തെ തുടർന്ന് യൂറോപ്പിലേയ്ക്കും അമേരിക്കയിലേക്കും റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ വിതരണം തടസപ്പെട്ടിട്ടുണ്ട്. 

ഇതോടെ റഷ്യയിൽ ക്രൂഡ് ഓയിൽ കെട്ടിക്കിടക്കുന്ന സ്ഥിതി വന്നു. ഈ സാഹചര്യത്തിൽ അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിലിനുള്ള വില വർധന കൂടി കണക്കിലെടുത്ത്, തങ്ങളെ തീർത്തും എതിർക്കാത്ത ഏഷ്യൻ രാജ്യങ്ങളിലടക്കം ഇത് വിറ്റഴിക്കാനുള്ള നീക്കമാണ് റഷ്യ നടത്തുന്നത്. ഏഷ്യയിലെ രണ്ടാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ഇപ്പോൾ ഇന്ത്യ ക്രൂഡ് ഓയിലിന് ആശ്രയിക്കുന്ന രാജ്യങ്ങൾ ഉയർന്ന വിലയ്ക്കാണ് ഇത് വിൽക്കുന്നത് എന്നിരിക്കെ, വില കുറച്ച് വിൽക്കുന്നത് ഇന്ത്യയിലെ എണ്ണക്കമ്പനികളെ ആകർഷിക്കാൻ സഹായിക്കുമെന്ന് റഷ്യ കണക്ക് കൂട്ടുന്നു.