ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചു. ഈ കരാർ പ്രകാരം ആഡംബര കാറുകൾ, വിദേശ മദ്യം, മരുന്നുകൾ, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ എന്നിവയുടെ ഇറക്കുമതി തീരുവ കുറയുന്നതോടെ ഇന്ത്യയിൽ ഇവയ്ക്ക് വില ഗണ്യമായി കുറയും. 

ദില്ലി: ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചതോടെ രാജ്യത്തെ വിപണികളിൽ വൻ മാറ്റങ്ങൾക്ക് വഴിതുറക്കുന്നു. 18 വർഷം നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷമാണ് വ്യാപാര കരാറുകളുടെ മാതാവ് എന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ഉർസുല വോൺ ഡെർ ലെയ്ൻ വിശേഷിപ്പിച്ച ഈ സുപ്രധാന ഉടമ്പടി യാഥാർത്ഥ്യമാകുന്നത്. കരാർ പ്രാബല്യത്തിൽ വരുന്നതോടെ യൂറോപ്യൻ വിപണികൾ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കായി വാതിൽ തുറക്കുന്നതിനൊപ്പം, വിദേശ ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയിൽ വില കുറയുകയും ചെയ്യും.

വാഹന പ്രേമികളെ സംബന്ധിച്ചിടത്തോളം അതീവ സന്തോഷകരമായ വാർത്തയാണ് ഈ കരാർ മുന്നോട്ടുവെക്കുന്നത്. മെഴ്സിഡസ് ബെൻസ്, ബിഎംഡബ്ല്യു, ഔഡി തുടങ്ങിയ ആഡംബര കാറുകളുടെ ഇറക്കുമതി തീരുവയിൽ വൻ കുറവുണ്ടാകും. നിലവിൽ 100 ശതമാനത്തിലധികം നികുതി ചുമത്തുന്ന 15,000 യൂറോയ്ക്ക് (ഏകദേശം 16 ലക്ഷം രൂപ) മുകളിൽ വിലയുള്ള കാറുകൾക്ക് ഇനി മുതൽ 40 ശതമാനം നികുതി നൽകിയാൽ മതിയാകും. വരും വർഷങ്ങളിൽ ഇത് 10 ശതമാനമായി കുറയ്ക്കാനും തീരുമാനമുണ്ട്. ഇതോടെ ആഡംബര കാറുകൾക്ക് ലക്ഷക്കണക്കിന് രൂപയുടെ വിലക്കുറവ് ലഭിക്കും. എന്നാൽ ഇന്ത്യൻ വാഹന വിപണിയെ സംരക്ഷിക്കുന്നതിനായി 25 ലക്ഷം രൂപയിൽ താഴെ വിലയുള്ള കാറുകളുടെ കാര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചെറുകിട കാർ വിപണിയിൽ യൂറോപ്യൻ രാജ്യങ്ങൾ ഇന്ത്യയിലേക്ക് നേരിട്ട് കയറ്റുമതി നടത്തില്ലെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

മദ്യ വിപണിയിലും മാറ്റം

മദ്യ വിപണിയിലും വലിയ ചലനങ്ങൾ ഈ കരാർ സൃഷ്ടിക്കും. നിലവിൽ 150 ശതമാനം ഇറക്കുമതി തീരുവയുള്ള വൈനുകൾക്ക് നികുതി 20 ശതമാനമായി കുറയ്ക്കാൻ നിർദ്ദേശമുണ്ട്. ഫ്രാൻസ്, ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദേശ വൈനുകൾക്ക് ഇതോടെ വില ഗണ്യമായി കുറയും. എങ്കിലും ആഭ്യന്തര വിപണിയെ ബാധിക്കാതിരിക്കാൻ അഞ്ച് മുതൽ 10 വർഷം കൊണ്ടായിരിക്കും ഈ മാറ്റങ്ങൾ നടപ്പിലാക്കുക. 2.5 യൂറോയിൽ താഴെ വിലയുള്ള വൈനുകൾക്ക് നികുതി ഇളവ് ലഭിക്കില്ല.

ആരോഗ്യ മേഖലയിലും കരാർ ആശ്വാസകരമാണ്. ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾക്കുള്ള മരുന്നുകൾക്കും അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾക്കും വില കുറയും. കൂടാതെ ഇന്ത്യയിൽ നിർമ്മിക്കുന്ന മരുന്നുകൾക്ക് 27 യൂറോപ്യൻ രാജ്യങ്ങളിലെ വിപണിയിൽ പ്രവേശനം ലഭിക്കുകയും ചെയ്യും. ഇലക്ട്രോണിക്സ്, മൊബൈൽ ഫോൺ നിർമ്മാണ മേഖലകളിലും അനുകൂലമായ മാറ്റങ്ങളുണ്ടാകും. വിദേശ സ്പെയർ പാർട്സുകളുടെ നികുതി ഒഴിവാക്കുന്നതോടെ ഗാഡ്‌ജെറ്റുകളുടെ നിർമ്മാണ ചെലവ് കുറയുകയും ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ ഇവ ലഭ്യമാകുകയും ചെയ്യും.

നിർമ്മാണ മേഖലയെ സംബന്ധിച്ചിടത്തോളം ഇരുമ്പ്, ഉരുക്ക്, രാസവസ്തുക്കൾ എന്നിവയുടെ ഇറക്കുമതി തീരുവ പൂജ്യമായി കുറയ്ക്കാനുള്ള നിർദ്ദേശം ആശ്വാസകരമാണ്. ഇത് അസംസ്കൃത വസ്തുക്കളുടെ വില കുറയ്ക്കുകയും സാധാരണക്കാരായ വീട് നിർമ്മാതാക്കൾക്ക് ഗുണകരമാവുകയും ചെയ്യും. വസ്ത്രങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, ആഭരണങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് വലിയ നേട്ടം കൊയ്യാൻ ഈ കരാർ വഴി സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.