പുടിന് ഹൃദയാഘാതം, പിന്നാലെ 'അപര'നും ! എല്ലാം 'ശുദ്ധ നുണ'കളെന്ന് റഷ്യയും
പുടിന് പാർക്കിൻസൺസ് രോഗ ലക്ഷണമുണ്ടെന്നും അദ്ദേഹത്തിന്‍റെ വലത് കൈയും കാലും നിയന്ത്രണാധീതമായി ചലിക്കുന്നുവെന്നും ചില വിദേശ മാധ്യമങ്ങള്‍ വീഡിയോ സഹിതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഒരു വര്‍ഷവും എട്ട് മാസവുമായി, ആയുധ ശേഷിയില്‍ ലോകത്തിലെ രണ്ടാമത്തെ രാജ്യമെന്ന് അറിയപ്പെടുന്ന റഷ്യ ഇക്കാര്യത്തില്‍ 22 -ാം സ്ഥാനത്തുള്ള യുക്രൈനുമായി യുദ്ധം ആരംഭിച്ചിട്ട്. 'പ്രത്യേക സൈനിക നടപടി' എന്നാണ് റഷ്യ, യുക്രൈനെതിരെയുള്ള പോരാട്ടത്തെ വിശേഷിപ്പിച്ചത്. 'യുദ്ധം' എന്ന വാക്ക് രാജ്യത്ത് ഉപയോഗിക്കുന്നതിന് പോലും ക്രൈംലിന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ 71 -കാരനായ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനെ കുറിച്ചുള്ള നിരവധി വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരുന്നത്. കഴിഞ്ഞ ദിവസം പുടിന് ഹൃദയാഘാതം ഉണ്ടായെന്നും കുഴഞ്ഞ് വീണ പ്രസിഡന്‍റിനെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെന്നുമായിരുന്നു വാര്‍ത്ത. ഇതിന് പിന്നാലെ പുടിന്‍റെ അപരനെ കണ്ടെത്തിയെന്ന വാര്‍ത്തയും വ്യാപകമായി പ്രചരിച്ചു.
പുടിൻ അടുത്തിടെ നടത്തിയ എല്ലാ പ്രകടനങ്ങളും ഒരു ബോഡി ഡബിൾ ഉപയോഗിച്ചാണ് നടത്തിയതെന്ന് അവകാശവാദം ഉന്നയിച്ചത് ഒരു ടെലിഗ്രാം ചാനലാണ്. റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ ഗുരുതരാവസ്ഥയിലാണെന്നും അദ്ദേഹത്തിന്‍റെ സമീപകാല ഭാവങ്ങൾ ഇരട്ടിയാണെന്നുമായിരുന്നു അവകാശവാദം. പുടിന് മാരകമായ അസുഖമുണ്ടെന്ന് ഒരു ടെലിഗ്രാം ചാനൽ റിപ്പോർട്ട് ചെയ്തതായി ബ്രിട്ടീഷ് ടാബ്ലോയിഡ് ഡെയ്‌ലി മിറർ റിപ്പോർട്ട് ചെയ്തു.
യുക്രൈനുമായുള്ള യുദ്ധം ആരംഭിച്ച് മാസങ്ങള്‍ക്ക് ശേഷം പുടിന്‍ പങ്കെടുത്ത യോഗങ്ങളില്‍ അദ്ദേഹത്തിന് പാർക്കിൻസൺസ് രോഗ ലക്ഷണമുണ്ടെന്നും അദ്ദേഹത്തിന്‍റെ വലത് കൈയും കാലും നിയന്ത്രണാധീതമായി ചലിക്കുന്നുവെന്നും ചില വിദേശ മാധ്യമങ്ങള്‍ വീഡിയോ സഹിതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെ പുടിന് ഉദരരോഗമുണ്ടെന്നും അദ്ദേഹം യുദ്ധത്തിനിടെ അതീവ രഹസ്യമായി ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നും വാര്‍ത്തകള്‍ പുറത്ത് വന്നു. ഇതിന് ഏറ്റവും ഒടുവിലാണ് കഴിഞ്ഞ ഞായറാഴ്ച പുടിന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഔദ്ധ്യോഗിക വസതിയില്‍ കുഴഞ്ഞ് വീണതായി റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ഇത്തരം പ്രചാരണങ്ങളെല്ലാം 'ശുദ്ധ അസംബന്ധം' എന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ്, മാധ്യമങ്ങളോട് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ആഭ്യന്തര കാര്യങ്ങളില്‍ ചൈനീസ് ഇടപെടല്‍; ചൈനയ്‍ക്കെതിരെ കാനഡ രംഗത്ത് !
റഷ്യയ്ക്ക്, യുക്രൈന്‍ യുദ്ധത്തില്‍ സഹായ വാഗ്ദാനം ചെയ്ത് ഉത്തര കൊറിയന്‍ പ്രസിഡന്‍റ് റഷ്യ സന്ദര്‍ശിച്ചത് കഴിഞ്ഞ സെപ്തംബര്‍ 13 നായിരുന്നു. പിന്നാലെ, വ്യാപാര കരാറുകളില്‍ ഒപ്പിടുന്നതിനും റഷ്യയോടുള്ള പിന്തുണ ഉറപ്പാക്കുന്നതിനുമായി പുടിന്‍ കഴിഞ്ഞ ആഴ്ച (ഒക്ടോബര്‍ 17 ന്) ചൈന സന്ദര്‍ശിച്ചിരുന്നു. ഈ രണ്ട് യാത്രകളും യുഎസ് നേതൃത്വത്തിലുള്ള നാറ്റോ സഖ്യം അതീവ ഗൗരവത്തോടെയാണ് കണ്ടത്. 'ശക്തനായ നേതാവ്' എന്ന പ്രതിച്ഛായ സൃഷ്ടിയില്‍ എന്നും തത്പരനായിരുന്നു പഴയ കെജിബി ഉദ്യോഗസ്ഥന്‍ കൂടിയായിരുന്ന പുടിന്‍. 2020 ലെ ഒരു അഭിമുഖത്തിൽ, താൻ ബോഡി ഡബിൾസ് ഉപയോഗിക്കുന്നുവെന്ന കിംവദന്തികൾ പുടിൻ തന്നെ നിഷേധിച്ചിരുന്നു. എന്നാൽ, സുരക്ഷാ കാരണങ്ങളാൽ മുമ്പ് അത്തരമൊരു അവസരം തനിക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ടെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. പുതിയ ആരോപണങ്ങള്‍ 'മറ്റൊരു നുണ' എന്നാണ് പെസ്കോവ് ആവര്‍ത്തിച്ചത്.