ആശുപത്രിയിലും മോർച്ചറിയിലും തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല,  ജില്ലാ ഭരണകൂടത്തിന് പരാതി നൽകിയിട്ടുണ്ട്. തന്റെ ഡി എൻ എ സാമ്പിളുകളും നൽകിയെന്ന് അഭിജിത്തിന്റെ സഹോദരൻ പറഞ്ഞു.

തൃശ്ശൂർ: ഇന്നലെ വെടിക്കെട്ട് പുരയിൽ ജോലിക്കായി പോയ ആൾ ഇതുവരെ മടങ്ങി എത്തിയിട്ടില്ലെന്ന് മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് പുര അപകടത്തിൽ കാണാതായ അഭിജിത്തിന്റെ സഹോദരൻ അഞ്ചൽ. ആശുപത്രിയിലും മോർച്ചറിയിലും തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ലെന്നും സഹോദരൻ അഞ്ചൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജില്ലാ ഭരണകൂടത്തിന് പരാതി നൽകിയിട്ടുണ്ട്. തന്റെ ഡി എൻ എ സാമ്പിളുകളും നൽകിയെന്ന് അഞ്ചൽ പറഞ്ഞു. അഭിജിത്തിന്റെ അച്ഛനും വെടിക്കെട്ട് നിർമ്മാണ രംഗത്തെ തൊഴിലാളി ആയിരുന്നു. ജോലിയോടുള്ള അടുപ്പം കൊണ്ട് സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനായ അഭിജിത്ത് പൂരക്കാലത്ത് അവധിയെടുത്താണ് വെടിക്കെട്ട് പുരയിൽ എത്തിയിരുന്നത്. വെടിക്കെട്ട് ജോലികൾ ചെയ്യുന്നതിന് ശമ്പളം വാങ്ങിയിരുന്നില്ല. താനും ഇടയ്ക്ക് വെടിക്കെട്ട് ജോലികൾക്കായി പോകാറുണ്ടെന്നും സഹോദരൻ അഞ്ചൽ പറഞ്ഞു. അതേസമയം വാടകവീട്ടിലാണ് അഭിജിത്ത് താമസിക്കുന്നത് പുതിയ വീടിന്റെ തറ കെട്ടിയിരുന്നു.

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ 4 പേരെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ. കാഞ്ഞിരക്കോട് സ്വദേശി സുരേഷ് സി എ (50), കോട്ടപ്പുറം സ്വദേശി അഭിജിത് എന്ന അഭി (28), മണക്കൂടി സ്വദേശി വിഷ്ണു (38), കോട്ടപ്പുറം സ്വദേശി ഗിരീഷ് (42) എന്നിവരെയാണ് കാണാതായത്. ഇവരുടെയെല്ലാം ബന്ധുക്കളുടെ ഡി എൻ എ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. അതേസമയം, വെടിക്കെട്ട് സ്ഫോടനത്തിൽ ശരീര ഭാഗങ്ങൾ തേടിയുള്ള പരിശോധന പൂർത്തിയായി. പ്രാഥമിക തെളിവെടുപ്പ് എഡിഎം പൂർത്തിയാക്കി. വെടിക്കെട്ട് നിർമാണ ശാലയുടെ സമീപത്തുണ്ടായിരുന്ന കുളത്തിലെ പരിശോധനയും പൂർത്തിയായി. അവിടെ നിന്നും ശരീര ഭാ​ഗങ്ങളൊന്നും കണ്ടെത്താനായില്ല. ചില വസ്തുക്കൾ സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. സാമ്പിൾ ഫോറൻസിക് എടുത്ത ശേഷം പൊലീസ് നിർദേശം അനുസരിച്ചായിരിക്കും ബാക്കി തീരുമാനം.