റിയാദിന് നേരെ ഹൂതി വിമതർ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ സൗദി സഖ്യസേന വിജയകരമായി തകർത്തു. തുടർച്ചയായ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മക്ക പ്രതിരോധ കരാർ പ്രകാരം തുർക്കിയും പാകിസ്ഥാനും സൗദിയിലേക്ക് സൈന്യത്തെ അയക്കും.
റിയാദ്: ഹൂതി വിമതർ സൗദി അറേബ്യയിലെ റിയാദിന് വടക്കൻ മേഖല ലക്ഷ്യമാക്കി വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ വിജയകരമായി തകർത്തതായി സൗദി സഖ്യസേന അറിയിച്ചു. ബുധനാഴ്ചയായിരുന്നു സംഭവം. ഭീകര സംഘടനയായ ഹൂതി മിലിഷ്യ റിയാദിന് വടക്കോട്ട് വിക്ഷേപിച്ച ബാലസ്റ്റിക് മിസൈൽ സഖ്യസേന തടയുകയും നശിപ്പിക്കുകയും ചെയ്തതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി എക്സ് പ്ലാറ്റ്‍ഫോമിൽ കുറിച്ചു. സൗദി അറേബ്യയെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തുടരുമെന്ന് സഖ്യസേന വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അസീർ മേഖലയിലെ അഹദ് റുഫൈദ, നജ്റാൻ, ഖമീസ് മുശൈത്ത് എന്നിവിടങ്ങളിൽ ഹൂതി ആക്രമണമുണ്ടായിരുന്നു. അഹദ് റുഫൈദയിലേക്ക് ഹൂതികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ സൗദി വ്യോമസേന തടഞ്ഞുനശിപ്പിച്ചു. എന്നാൽ, മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ച് പ്രദേശത്തുണ്ടായിരുന്ന ഏഷ്യക്കാരനായ പ്രവാസിക്ക് പരിക്കേറ്റു. സംഭവം നടന്ന കെട്ടിടത്തിനുള്ളിലെ പ്രാർഥനാ ഹാളിനും സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചതായി സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു.
അതേസമയം സൗദി അറേബ്യക്കെതിരെ ഹൂതി വിമതരുടെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ തുർക്കിയും പാകിസ്ഥാനും സൗദിയിലേക്ക് തങ്ങളുടെ സൈന്യത്തെ അയക്കും. സൗദിക്കെതിരേ ഹൂതി വിമതർ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് നടപടി. തുർക്കിയും പാകിസ്ഥാനും സൗദിയും അടുത്തിടെ ഒപ്പുവെച്ച മക്ക സംയുക്ത പ്രതിരോധ കരാറിന്റെ അടിസ്ഥാനത്തിലാണ് സഖ്യരാഷ്ട്രങ്ങൾ തങ്ങളുടെ സൈന്യത്തെ സൗദിയിൽ വിന്യസിക്കുന്നത്.
ഒരു രാജ്യത്തിന് നേരേ ആക്രമണമുണ്ടായാൽ പരസ്പരം സഹായിക്കണമെന്ന് മക്ക പ്രതിരോധ കരാറിൽ വ്യവസ്ഥയുണ്ട്. ഏതെങ്കിലും ഒരു രാജ്യത്തിന് നേരേ ആക്രമണമുണ്ടായാൽ അത് എല്ലാരാജ്യങ്ങൾക്കും എതിരായ ആക്രമണമായി കണക്കാക്കുമെന്നും കരാറിൽ പറയുന്നു. ഇതനുസരിച്ചാണ് സൗദിക്ക് സഹായമായി തുർക്കിയും പാകിസ്ഥാനും തങ്ങളുടെ സൈന്യങ്ങളെ അയക്കുന്നത്.


