പള്ളികെട്ടിടത്തിലെ മച്ചിന്റെ ഭാഗത്ത് വരച്ച മ്യൂറൽ ചിത്രങ്ങൾ കാണാനായി നിരവധിപ്പേരാണ് നിർമ്മാണ പണികൾക്കായി ഉണ്ടാക്കിയ മരത്തിന്റെ തട്ടുകളിലേക്ക് കയറിയത്
അഡിസ് അബാബ: നിർമ്മാണത്തിലിരുന്ന പള്ളി കെട്ടിടം തകർന്ന് എത്യോപ്യയിൽ 25 പേർ കൊല്ലപ്പെട്ടു. എത്യോപ്യയിലെ അംഹാര മേഖലയിൽ ബുധനാഴ്ചയാണ് പള്ളി കെട്ടിടം പണി നടക്കുന്നയിടത്ത് അപകടമുണ്ടായത്. ചുമരുകളിലെ പണികൾക്കായി നിർമ്മിച്ച തട്ട് പൊളിഞ്ഞ് വീണാണ് അപകടമുണ്ടായത്. എത്യോപ്യയിലെ വടക്കൻ മേഖലയിലെ നിർമ്മാണത്തിലിരുന്ന മാതാവിന്റെ പള്ളിയിലാണ് അപകടമുണ്ടായത്. നിരവധി ആളുകൾ മാതാവിന്റെ പെരുന്നാളിനായി പള്ളിയിൽ ഒത്തു ചേർന്ന സമയത്താണ് അപകടമുണ്ടായത്. പള്ളികെട്ടിടത്തിലെ മച്ചിന്റെ ഭാഗത്ത് വരച്ച മ്യൂറൽ ചിത്രങ്ങൾ കാണാനായി നിരവധിപ്പേരാണ് നിർമ്മാണ പണികൾക്കായി ഉണ്ടാക്കിയ മരത്തിന്റെ തട്ടുകളിലേക്ക് കയറിയത്. നിരവധിപ്പേർ കയറിയതോടെ ഭാരം താങ്ങാനാവാതെ തട്ട് ഒടിഞ്ഞ് വീഴുകയായിരുന്നു.
മാതാവിന്റെ പെരുന്നാളിനിടെ മരിച്ചവരിൽ സ്ത്രീകളും കുട്ടികളും
ഇതോടെ കെട്ടിടത്തിന്റെ മുകൾ ഭാഗത്തേക്ക് കയറാൻ ശ്രമിച്ചവരെല്ലാം തന്നെ താഴേയ്ക്ക് വീഴുകയായിരുന്നു. കുട്ടികളുെ പ്രായമാവരും അടക്കം 25ഓളം പേരുടെ മരണം ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. നൂറിലേറെ പേർക്കാണ് പരിക്ക്. റെഡ് ക്രോസ് പ്രവർത്തകർ അടക്കം അപകടമേഖലയിലേക്ക് എത്തിയിട്ടുണ്ട്. പരിക്കേറ്റവരിൽ മിക്കവരുടേയും നില ഗുരുതരമായതിനാൽ മരണ സംഖ്യ ഇനിയും ഉയരുമെന്ന സൂചനയാണ് പ്രാദേശിക ഭരണകൂടം നൽകുന്നത്.
സമാനമായ മറ്റൊരു സംഭവത്തിൽ ഇന്തോനേഷ്യയിലെ മുസ്ലിം ബോർഡിംഗ് സ്കൂളിലെ പ്രാർത്ഥനാ മുറി തകർന്ന് കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽപ്പെട്ട വിദ്യാർത്ഥികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നാലാം ദിവസവും തുടരുകയാണ്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞുള്ള പ്രാർത്ഥന പുരോഗമിക്കുന്നതിനിടയിലാണ് കെട്ടിടം തകർന്നുവീണത്. കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് ആറ് വിദ്യാർത്ഥികളെ ജീവനോടെ കണ്ടെത്താനായെങ്കിലും ഇവരെ പുറത്തേക്ക് എത്തിക്കാനായിട്ടില്ല. 65 ഓളം വിദ്യാർത്ഥികൾ കെട്ടിടാവശിഷ്ടങ്ങളിൽ മൂടിപ്പോയതായി സംശയിക്കപ്പെടുന്നുണ്ട്. മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചതായും നൂറ് പേർക്ക് അപകടത്തിൽ പരിക്കേറ്റതായും ഇന്തോനേഷ്യയിലെ ദേശീയ ദുരന്ത നിവാരണ അതോറിറ്റി ചൊവ്വാഴ്ച വിശദമാക്കിയത്.


