അതികഠിനമായ വയറുവേദനയുമായാണ് യുവാവ് ആശുപത്രിയിലെത്തിയത്. പിന്നാലെ നിരവധി പരിശോധനകള്‍ ഡോക്ടര്‍മാര്‍ നടത്തി. എക്സ്റേ, അള്‍ട്രാസൗണ്ട് പരിശോധനകളടക്കം നടത്തി. 

വിയറ്റ്നാം: അവിശ്വസനീയമെന്ന് തോന്നുന്ന പല വാര്‍ത്തകളും നാം കേൾക്കാറുണ്ട്. എന്നാല്‍ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന രീതിയില്‍ ചിന്തിച്ച് പോകുന്ന ഒരു വാര്‍ത്തയാണ് വിയറ്റ്നാമില്‍ നിന്ന് പുറത്തുവരുന്നത്. കടുത്ത വയറുവേദനയുമായി വിയറ്റ്നാമിലെ ഒരു ആശുപത്രിയിലെത്തിയ ഇന്ത്യക്കാരനെ പരിശോധനകള്‍ക്ക് വിധേയനാക്കിയതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. വയറ്റിലുള്ളത് ജീവനുള്ള ഈല്‍ മത്സ്യം!

ജീവനുള്ള ഈലിനെ യുവാവ് തന്നെയാണ് മലദ്വാരത്തിലൂടെ കയറ്റിവിട്ടത്. ശരീരത്തിനുള്ളില്‍ കയറിയ മത്സ്യം യുവാവിന്‍റെ കുടല്‍ ഉള്‍പ്പെടെ കടിച്ചുമുറിച്ചതായും ഈലിനെ നീക്കം ചെയ്യാന്‍ ഡോക്ടര്‍മാര്‍ വളരെ പ്രയാസപ്പെട്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ 27നാണ് കടുത്ത വയറുവേദനയുമായി 31കാരനായ ഇന്ത്യന്‍ യുവാവ് ഹനോയിയിലുള്ള വിയറ്റ് ഡക് ഹോസ്പിറ്റലിലെത്തിയത്. ഇതേ ദിവസം തന്നെ യുവാവ് രണ്ടടി നീളമുള്ള ജീവനുള്ള ഈലിനെ മലദ്വാരത്തിലൂടെ കടത്തി വിട്ടതായി അറിഞ്ഞു. ഇതോടെ രോഗിയെ ഉടനടി നിരവധി പരിശോധനകള്‍ക്കും അള്‍ട്രാസൗണ്ട്, എക്സറേ ഉള്‍പ്പെടെയുള്ളവയ്ക്കും വിധേയനാക്കി. പരിശോധനയില്‍ യുവാവിന്‍റെ വയറ്റില്‍ ഈല്‍ ഉള്ളതായി കണ്ടെത്തി. ഉടന്‍ തന്നെ വിയറ്റ് ഡക് ഹോസ്പിറ്റലിലെ എന്‍ഡോസ്കോപ്പി വിദഗ്ധരെയും അനസ്തേഷ്യോളജിസ്റ്റുകളെയും വിളിച്ച് പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിച്ച് ഈലിനെ പുറത്തെടുക്കാന്‍ ശ്രമം തുടങ്ങി.

Read Also - വയനാടിന് കൈത്താങ്ങ്; 10 വീടുകൾ നിര്‍മ്മിച്ച് നല്‍കും, ആദ്യ ഗഡു ധനസഹായമായി 5 ലക്ഷം രൂപ നൽകുമെന്ന് പ്രവാസി സംഘടന

യുവാവിന്‍റെ മലദ്വാരത്തിലൂടെ തന്നെ ഈലിനെ പുറത്തെടുക്കാനാണ് ആദ്യം ശ്രമിച്ചതെങ്കിലും ഈലിന് പിന്നാലെ ഒരു നാരങ്ങയും യുവാവ് ശരീരത്തിനുള്ളില്‍ കയറ്റിയിരുന്നു. ഡോക്ടര്‍മാരുടെ ശ്രമത്തിന് നാരങ്ങ വഴിമുടക്കിയതോടെ അടിയന്തര ശസ്ത്രക്രിയയിലേക്ക് ഡോക്ടര്‍മാര്‍ പ്രവേശിക്കുകയായിരുന്നു. വയര്‍ കീറിയപ്പോള്‍ 65 സെന്‍റീമീറ്റര്‍ നീളവും 10 സെന്‍റീമീറ്റര്‍ ചുറ്റളവുമുള്ള ജീവനുള്ള ഈലിനെയാണ് കണ്ടെത്താനായത്. ശരീരത്തിനുള്ളിലെത്തിയ ഈല്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ യുവാവിന്‍റെ മലാശയവും വന്‍കുടലും കടിച്ചു മുറിച്ചതായി ഹോസ്പിറ്റലിലെ കോളോറെക്ടല്‍ ആന്‍ഡ് പെരിനിയല്‍ സര്‍ജറി വകുപ്പ് ഉപ മേധാവി ലീ നാറ്റ് ഹ്യൂ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം