ലണ്ടനിലെ മാർക്ക്സ് & സ്പെൻസർ സ്റ്റോറിലെ ജീവനക്കാർ ഹിന്ദിയിൽ സംസാരിച്ചതിനെതിരെ ബ്രിട്ടീഷ് വനിത പരാതി നൽകി. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയ സംഭവത്തിൽ വനിതയെ വംശീയവാദി എന്ന് വിമർശിക്കുന്നവരുമുണ്ട്.

ലണ്ടൻ: ഹിന്ദി സംസാരിച്ച മൂന്ന് ക്ലോത്തിംഗ് സ്റ്റോർ ജീവനക്കാർക്കെതിരെ ബ്രിട്ടീഷ് വനിത പരാതി നൽകിയത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. ലണ്ടൻ ഹീത്രൂ എയർപോർട്ടിലെ മാർക്ക്സ് & സ്പെൻസർ സ്റ്റോറിലാണ് സംഭവം. ജൂലൈ 25ന് ലൂസി വൈറ്റ് എന്ന യുവതി എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച പോസ്റ്റാണ് വലിയ വിമർശനങ്ങൾക്ക് കാരണമാകുന്നത്. ജീവനക്കാർ എന്ത് കുറ്റമാണ് ചെയ്തതെന്ന് പലരും ചോദ്യം ചെയ്തപ്പോൾ, മറ്റ് ചിലർ ഈ യുവതിയെ 'വംശീയവാദി' എന്ന് വിമർശിക്കുകയും ചെയ്തു.

"ഹീത്രൂ എയർപോർട്ട് ടെർമിനൽ 3-ൽ ഇറങ്ങി. എം&എസ് സ്റ്റോറിൽ കയറി. മൂന്ന് ജീവനക്കാർ മറ്റൊരു ഭാഷയിൽ സംസാരിക്കുന്നുണ്ടായിരുന്നു," ലൂസി വൈറ്റ് തന്‍റെ പോസ്റ്റിൽ കുറിച്ചു. അവർ എന്ത് ഭാഷയാണ് സംസാരിക്കുന്നതെന്ന് ജീവനക്കാരോട് ചോദിച്ചപ്പോൾ, അത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഹിന്ദിയാണെന്ന് മറുപടി നൽകി. താൻ അവരുടെ സംഭാഷണം റെക്കോർഡ് ചെയ്യുകയും മാർക്ക്സ് & സ്പെൻസറിന് പരാതി നൽകാൻ ഉദ്ദേശിക്കുന്നതായും വൈറ്റ് കൂട്ടിച്ചേർത്തു. "നമ്മൾ അവരെ ഓരോ തവണയും നേരിടണം" എന്നും അവർ എഴുതി.

ഈ പോസ്റ്റ് 4.6 ദശലക്ഷത്തിലധികം ആളുകൾ കണ്ടതോടെ വൈറലായി മാറി. ഇത് സാമൂഹിക മാധ്യമങ്ങളിൽ വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. ലണ്ടനിൽ ഏത് ഭാഷ സംസാരിക്കണം എന്നതിനെക്കുറിച്ചുള്ള വൈറ്റിന്‍റെ കാഴ്ചപ്പാടിനോട് ചിലർ യോജിച്ചു. "ഒരു ബ്രിട്ടീഷ് സ്റ്റോറിൽ വിദേശ ഭാഷയിൽ സംസാരിക്കുന്നത് കേൾക്കുന്നത് ഒറ്റപ്പെടുത്തുന്ന അനുഭവമാണ്. ഇത് അനുവദിക്കുന്ന കടകളിൽ നിന്ന് ഞാൻ സാധനങ്ങൾ വാങ്ങില്ല," ഒരു എക്സ് ഉപയോക്താവ് എഴുതി. "എന്തിനാണ് കാത്തിരിക്കുന്നത്? അവരെ റിപ്പോർട്ട് ചെയ്യൂ," മറ്റൊരാൾ പറഞ്ഞു. ഇതിന് മറുപടിയായി, താൻ മാർക്ക്സ് & സ്പെൻസറിന് പരാതി നൽകുകയാണെന്നും ബ്രിട്ടീഷ് വനിത മറുപടി നൽകി.