ഇസ്ലാമാബാദ്‌: ടെലിവിഷന്‍ പരിപാടികളില്‍ നിന്ന്‌ രാഷ്ട്രീയക്കാരെക്കുറിച്ചുള്ള ആക്ഷേപഹാസ്യം ഒഴിവാക്കണമെന്ന പാകിസ്‌താന്‍ മീഡിയ റെഗുലേറ്ററി അഥോറിറ്റിയുടെ (പെമ്ര)തീരുമാനത്തിനെതിരെ സോഷ്യല്‍മീഡിയ. പെമ്രയുടെ തീരുമാനത്തോളം വലിയ ആക്ഷേപഹാസ്യം വേറെയില്ലെന്നാണ്‌ ട്വിറ്ററിലൂടെ പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്‌.

രാജ്യത്തിന്റെ അധികാരസ്ഥാനത്തിരിക്കുന്നവര്‍ക്കെതിരെ ആക്ഷേപഹാസ്യം അവതരിപ്പിക്കുന്നത്‌ പൊതുവികാരത്തെ വ്രണപ്പെടുത്തുമെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ പെമ്ര ആക്ഷേപഹാസ്യപരിപാടികള്‍ നിരോധിച്ചുകൊണ്ട്‌ ഉത്തരവിറക്കിയത്‌. എന്നാല്‍, പെമ്‌റയുടെ തീരുമാനത്തെ പാകിസ്‌താനിലെ മുന്‍ പട്ടാളഭരണകാലത്തെ നടപടികളോട്‌ താരതമ്യപ്പെടുത്തിയാണ്‌ പലരും പ്രതികരിക്കുന്നത്‌. പാകിസ്‌താന്‍ പുതിയതാണെന്നൊക്കെ നേതാക്കള്‍ പറഞ്ഞേക്കും, പക്ഷേ ഇവിടെ കാര്യങ്ങള്‍ പഴയതുപോലെ തന്നെയാണ്‌ എന്ന്‌ ട്വിറ്ററില്‍ അഭിപ്രായങ്ങളുയരുന്നുണ്ട്‌.

സര്‍ക്കാര്‍ തീരുമാനം ഫാസിസമാണെന്ന്‌ മാധ്യമപ്രവര്‍ത്തകനായ ഹസന്‍ സെയിദി അഭിപ്രായപ്പെട്ടു. ആക്ഷേപഹാസ്യം അവതരിപ്പിക്കരുതെന്ന്‌ പെമ്‌റ ചാനലുകള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കുന്നു, എന്നിട്ട്‌ അവര്‍ തന്നെ പറയുന്നു അങ്ങനെ പരിപാടികള്‍ അവതരിപ്പിക്കുന്നതാണ്‌ ഫാസിസമെന്ന്‌! സെയിദി ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, വളരെക്കുറച്ച്‌ പേര്‍ തീരുമാനത്തെ അനുകൂലിച്ചും രംഗത്തെത്തി. അഭിപ്രായസ്വാതന്ത്ര്യം ഉത്തരവാദിത്തത്തോടെ വേണമല്ലോ എന്നാണ്‌ ഇവരുടെ വാദം.