ഷെയ്ഖ് റഹീമുള്ള ഹഖാനി കൊല്ലപ്പെട്ടു. ഹഖാനി കൊല്ലപ്പെട്ടതായി താലിബാൻ സർക്കാരിന്റെ ഡെപ്യൂട്ടി വക്താവ് ബിലാൽ കരിമി ട്വീറ്റ് ചെയ്തു. ഇദ്ദേഹം പഠിക്കുന്ന മുറിയിലാണ് ആക്രമണം നടന്നത്.

കാബൂൾ: കാബൂളിലെ മദ്റസയിൽ നടന്ന ചാവേർ ആക്രമണത്തിൽ താലിബാൻ ഉന്നത നേതാവ് ഷെയ്ഖ് റഹീമുള്ള ഹഖാനി കൊല്ലപ്പെട്ടു. ഹഖാനി കൊല്ലപ്പെട്ടതായി താലിബാൻ സർക്കാരിന്റെ ഡെപ്യൂട്ടി വക്താവ് ബിലാൽ കരിമി ട്വീറ്റ് ചെയ്തു. ഇദ്ദേഹം പഠിക്കുന്ന മുറിയിലാണ് ആക്രമണം നടന്നത്. 'രാജ്യത്തെ മഹാനായ അക്കാദമിക് വ്യക്തിത്വമായ ഷെയ്ഖ് റഹീമുള്ള ഹഖാനി ശത്രുക്കളുടെ ആക്രമണത്തിൽ രക്തസാക്ഷിത്വം വരിച്ചതിൽ അതിയായ ദുഃഖമുണ്ട്'- കരിമി പറഞ്ഞു. കാൽ നഷ്ടപ്പെട്ട ഒരാൾ കൃത്രിമ കാലിൽ ഒളിപ്പിച്ച സ്‌ഫോടകവസ്തുക്കളുമായി മദ്റസയിലെത്തിയതാണ് പൊട്ടിത്തെറിച്ചതെന്ന് താലിബാൻ വൃത്തങ്ങൾ പറഞ്ഞു. സ്‌ഫോടനത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ലെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. 2020 ഒക്ടോബറിൽ പെഷവാറിൽ നടന്ന ചാവേർ ആക്രമണത്തിൽ നിന്ന് ഷെയ്ഖ് റഹീമുള്ള രക്ഷപ്പെട്ടിരുന്നു. 

ഹദീസിൽ പണ്ഡിതനായ ഹഖാനി, പാകിസ്താനിലെ സ്വാബി, അകോറ ഖട്ടക് എന്നിവിടങ്ങളിലെ ദേവബന്ദി മദ്റസകളിൽനിന്നാണ് വിദ്യാഭ്യാസം നേടിയത്. നംഗർഹാർ പ്രവിശ്യയിലെ താലിബാൻ സൈനിക കമ്മീഷൻ അംഗമായിരുന്നു. അഫ്ഗാനിസ്ഥാനിലെ ബഗ്രാം ജയിലിൽ യുഎസ് സൈന്യത്തിന്റെ തടവിലായിരുന്നു. അഫ്​ഗാനിൽ താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെയാണ് മോചിപ്പിക്കപ്പെട്ടത്. ഇസ്‌ലാമിക് സ്റ്റേറ്റ് ഖൊറാസാന്റെ പ്രധാന വിമർശകനായിരുന്നു ഹഖാനി.

കഴിഞ്ഞ ഒക്ടോബറിൽ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനിടെ സ്‌ഫോടനത്തിൽ പരിക്കേറ്റിരുന്നുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ഇയാളുടെ അടുത്ത അനുയായി മുഫ്തി ഖാലിദ് അന്ന് കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ഫോളോവേഴ്‌സുമായി ഫെയ്‌സ്ബുക്കിലും യൂട്യൂബിലും റഹീമുള്ള ഹഖാനി സജീവമായിരുന്നു.

'അഫ്ഗാൻ സ്ത്രീകളുടെ അന്തസ്സ് ലംഘിക്കാൻ അന്താരാഷ്ട്ര സമൂഹം ശ്രമിക്കുന്നു'; മറുപടിയുമായി താലിബാൻ

അഫ്​ഗാനിൽ താലിബാൻ ഭരണം പിടിച്ചെടുത്ത് ഒരു വർഷം തികയുന്ന വേളയിലാണ് പ്രധാന നേതാവിനെ നഷ്ടപ്പെട്ടത്. അഫ്​ഗാനിൽ താലിബാൻ ഭരണത്തിന് ശേഷം ഐഎസ് ഖൊറാസാൻ ഭീകരവാദികൾ ആക്രമണം തുടരുകയാണ്. കഴിഞ്ഞ ആഴ്ചയിലും അഫ്​ഗാനിൽ ഭീകരാക്രമണം നടന്നിരുന്നു. 

Scroll to load tweet…