ജർമ്മനിയിലെ ബോച്ചുമിൽ അപ്പാർട്ട്മെന്റിനുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ വിഷപ്പുക ശ്വസിച്ച് മരിച്ചു. തീപിടിത്തത്തിന് കാരണം സാങ്കേതിക തകരാറല്ലെന്നും ബോധപൂർവം തീയിട്ടതാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 41 വയസ്സുകാരനായ റൊമാനിയൻ പൗരനെ ജർമ്മൻ പൊലീസ് കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
ബെർലിൻ: ജർമ്മനിയിലെ ബോച്ചുമിൽ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഹോഫ്സ്റ്റെഡ് ജില്ലയിലെ പോസ്റ്റ്സ്ട്രാസെയിലുള്ള ബഹുനില കെട്ടിടത്തിലെ അപ്പാർട്ട്മെന്റിന് തീപിടിച്ച് വിഷപ്പുക ശ്വസിച്ച് കൊല്ലം ചാമക്കാട് സ്വദേശിനി അഞ്ജലി ഷീല ജോയ്(25), ഇടുക്കി കട്ടപ്പന സ്വദേശിനി നോവ സാബു (25), കാലടി സ്വദേശി സ്വിൻ ജോണി(26) എന്നിവരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കെട്ടിടത്തിൽ താമസിച്ചിരുന്ന 41 വയസ്സുകാരനായ റൊമാനിയൻ പൗരനെ ജർമ്മൻ പൊലീസ് കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
തീപിടിത്തത്തിന് കാരണം സാങ്കേതിക തകരാറല്ലെന്നും ബോധപൂർവം തീയിട്ടതാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അപകടം നടന്ന കെട്ടിടം പൂർണമായി പൊലീസ് സീൽ ചെയ്തിരിക്കുകയാണ്. ചൊവ്വാഴ്ച പുലർച്ചെ 4.15ഓടെ ബോഹും ഹോഫ്സ്റെറഡെ മേഖലയിലെ പോസ്ററ്സ്ട്രാസെയിലുള്ള ബഹുനില കെട്ടിടത്തിലായിരുന്നു അഗ്നിബാധ. രണ്ടാഴ്ച മുമ്പാണ് ഇവർ കെട്ടിടത്തിലെ രണ്ടാം നിലയിലുള്ള അപ്പാർട്മെന്റിൽ താമസത്തിനെത്തിയത്. താഴത്തെ നിലയിലെ ഇടനാഴിയിൽ സൂക്ഷിച്ചിരുന്ന കുട്ടികളുടെ സ്ട്രോളറുകൾക്ക് തീവച്ചതാകാമെന്നും, തുടർന്ന് മുകളിലേക്ക് കയറാനുള്ള തടി കൊണ്ടുള്ള കോവണിയിലേക്ക് തീ ആളിപ്പടർന്നതുമാണ് വലിയ ദുരന്തത്തിന് വഴിവച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
തീപിടിത്തത്തിൽ അതികഠിനമായ ചൂടിൽ ഭിത്തിയിലെ ലെറ്റർബോക്സുകൾ പോലും ഉരുകിയ നിലയിലാണ്. കൊലപാതക കുറ്റത്തിന് ഹോമിസൈഡ് സ്ക്വാഡ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസും പബ്ലിക് പ്രോസിക്യൂഷനും അറിയിച്ചു. തീപിടിത്തത്തിൽ പരിക്കേറ്റ അഞ്ച് പേർ ആശുപത്രികളിൽ ചികിത്സയിലാണ്. മരിച്ച നോവ റിട്ട. സബ് ഇൻസ്പെക്ടർ കെ.പി. സാബുവിന്റെ മകളാണ്. ജൂലൈ മൂന്നിനാണ് നോവ ജർമ്മനിയിലെത്തിയത്. പാർട്ട് ടൈം ജിം ട്രെയിനറായി ജോലി ചെയ്തു വരികയായിരുന്നു. കാലടി സ്വദേശിയായ സിവിൻ ജോണി ഉപരിപഠനത്തിനായി രണ്ട് ആഴ്ച മുൻപാണ് ജർമ്മനിയിൽ എത്തിയത്.
മരിച്ച അഞ്ജലി ഷീല ജോയ് ജൂലൈയിലാണ് ജോലി ആവശ്യത്തിനായി ജർമ്മനിയിലെത്തിയത്. വെയർഹൗസിൽ ജോലി ചെയ്തുവരികയായിരുന്നു. മൂന്ന് പേരുടേയും മൃതദേഹങ്ങൾ വേഗത്തിൽ നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം എം.പി എന്.കെ. പ്രേമചന്ദ്രൻ ജർമ്മനിയിലെ ഇന്ത്യൻ അംബാസഡർ അജിത് ഗുപ്തയ്ക്ക് കത്തയച്ചു. നോർക്ക, ഇന്ത്യൻ എംബസി എന്നിവരുമായി സഹകരിച്ച് ആവശ്യമായ നടപടികൾ ആരംഭിച്ചതായി സംസ്ഥാന ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു. ജർമ്മനിയിലെ മലയാളി സംഘടനകളും കുടുംബത്തെ സഹായിക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്.

