നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തിലെ ആശങ്ക പങ്കുവച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും രംഗത്തെത്തിയതും എസ്ഐആർ രാജ്യവ്യാപകമാക്കുന്ന തീരുമാനവും രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ നടിയുടെ നിലപാടുമൊക്കെയാണ് ഇന്നത്തെ വാർത്തകൾ… ഒറ്റനോട്ടത്തിൽ അറിയാം

'നേപ്പാളിലെ മലയാളി ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണം'; കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

നേപ്പാളിലെ മലയാളി ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. നേപ്പാളിലെ പൊഖ്റയിൽ വിനോദ സഞ്ചാരത്തിനായി എത്തിയ പ്രായമായവർ അടക്കമുള്ളവർ കുടുങ്ങി കിടക്കുകയാണ്. നേപ്പാളില്‍ നടന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായി അനിഷ്ടസംഭവങ്ങൾ അരങ്ങേറിയതിന് സമീപത്തായിട്ടാണ് ഇവർ താമസിക്കുന്നത്. അവർ വീണ്ടും അവിടെ തുടരുന്നത് അതീവ ദുഷ്കരമാണെന്നും ഇവരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി കത്തിലൂടെ അഭ്യർത്ഥിച്ചു.

അതിർത്തി സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം, മോദിയുടെ അധ്യക്ഷതയിൽ യോഗം, നേപ്പാൾ കലാപത്തിന് പിന്നാലെ നിരീക്ഷണം ശക്തം

നേപ്പാളിലെ കലാപത്തെ തുടർന്ന അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യ. യുപി, ബീഹാർ അടക്കം അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി. നേപ്പാളിലെ സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ ഉന്നതലയോഗം ചേർന്നിരുന്നു. ഇന്ത്യയുമായി ആയിരത്തിലധികം മൈൽ അതിർത്തി പങ്കിടുന്ന രാജ്യമാണ് നേപ്പാൾ. നേപ്പാളുമായി വളരെ അടുത്ത ബന്ധമാണ് ഇന്ത്യ പുലർത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ നിയന്ത്രണങ്ങൾ കുറഞ്ഞ തുറന്ന അതിർത്തിയാണെന്നതിനാൽ നേപ്പാളിലെ കലാപം ഇന്ത്യയെയും ബാധിച്ചേക്കും. ഉത്തരാഖണ്ഡ്, യുപി, ബിഹാർ സംസ്ഥാനങ്ങളിലെ അതിർത്തി പ്രദേശങ്ങൾ അതീവ ജാഗ്രത പുലർത്തുന്നു.

എങ്ങനെയെങ്കിലും രക്ഷിക്കൂ, ഇന്ത്യൻ സർക്കാരിനോട് അപേക്ഷിച്ച് യുവതി; 'അവർ വടികളുമായി പിന്നാലെയെത്തി, ഹോട്ടലിന് തീയിട്ടു'

നേപ്പാളിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ കുടുങ്ങിയ വിനോദസഞ്ചാരികളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമാകുന്നു. രക്ഷിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് നിരവധി പേരുടെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ഇക്കൂട്ടത്തിൽ വൈറലായ ഒരു വീഡിയോയിൽ, ഒരു ഇന്ത്യൻ യുവതിയാണ് തന്‍റെ ദുരനുഭവങ്ങൾ വിവരിക്കുന്നത്. പോഖറയിലെ തന്‍റെ ഹോട്ടൽ പ്രതിഷേധക്കാർ തീയിട്ടെന്നും, താൻ കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നും അവർ പറയുന്നു.

നിലപാട് വ്യക്തമാക്കി വീണ്ടും നടി റിനി ആൻ ജോർജ്, ‘നിയമവഴിക്കില്ല എന്നതിനർത്ഥം എല്ലാം പൂട്ടിക്കെട്ടി എന്നല്ല, പോരാട്ടം തുടരും’

യുവ നേതാവിനെതിരായ ആരോപണങ്ങളിൽ നിയമ വഴിക്കില്ല എന്നതിൽ നിലപാട് വ്യക്തമാക്കി നടി റിനി ആൻ ജോർജ് രംഗത്ത്. നിയമപരമായി മുന്നോട്ടില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും സാധാരണക്കാരായ സ്ത്രീകൾ ഏത് രംഗത്തേക്ക് വരുമ്പോഴും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ഉയർത്തുകയാണ് ലക്ഷ്യമെന്നും റിനി വ്യക്തമാക്കി. നിയമവഴികൾ ഇല്ല എന്നതിനർത്ഥം എല്ലാം പൂട്ടിക്കെട്ടി എന്നല്ല എന്നും പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ അവർ വിവരിച്ചു. ഉന്നയിച്ച പ്രശ്നങ്ങൾ ഒരിക്കലും മാഞ്ഞുപോകുന്നവയല്ലെന്നും അത് സത്യസന്ധമാണെന്നും റിനി കൂട്ടിച്ചേർത്തു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ വെളിപ്പെടുത്തല്‍; നിയമോപദേശം തേടി ക്രൈംബ്രാഞ്ച്, നിയമനടപടിക്കില്ലെന്ന് നടി വ്യക്തമാക്കിയതിന് പിന്നാലെ നീക്കം

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവനടിയുടെ മൊഴിയില്‍ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും. വെളിപ്പെടുത്തലിൽ ഉറച്ചുനിന്ന നടി, രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച മെസേജുകളുടെ സ്ക്രീൻഷോട്ടും ക്രൈംബ്രാഞ്ചിന് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ നടിയെ പരാതിക്കാരിയാക്കാൻ കഴിയുമോയെന്നറിയാനാണ് നിയമോപദേശം. തെളിവുകൾ കൈമാറിയെങ്കിലും നിയമനടപടിക്ക് താൽപര്യമില്ലെന്ന് നടി അറിയിച്ചിരുന്നു. ആരോപണം ഉന്നയിച്ച് രണ്ട് സ്ത്രീകളും നിയമപരമായി നീങ്ങില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

'എല്ലാം പറയാം, നടപടികളുമായി സഹകരിക്കും'; ബലാത്സം​ഗ കേസിൽ റാപ്പർ വേടന്റെ ചോദ്യം ചെയ്യൽ അവസാനിച്ചു

ബലാത്സം​ഗ കേസിൽ റാപ്പർ വേടന്റെ ചോദ്യം ചെയ്യൽ അവസാനിച്ചു. കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് കോടതിയുടെ പരി​ഗണനയിലുള്ള കേസായതിനാൽ ഇപ്പോൾ ഒന്നും പറയുന്നില്ല, എല്ലാം പറയാം എന്നായിരുന്നു വേടന്റെ മറുപടി. കോടതി നടപടികളുമായി സഹകരിക്കുമെന്നും വേടൻ പറഞ്ഞു. മുന്‍കൂര്‍ ജാമ്യം ലഭിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യൽ പൂര്‍ത്തിയായതിന് ശേഷം വേടനെ വിട്ടയച്ചു.

ശബരിമല സ്വർണ്ണപ്പാളി വിവാദം; ദേവസ്വം ബോർഡിന് തിരിച്ചടി, സ്വർണ്ണം പൂശിയ പാളി തിരികെ എത്തിക്കണമെന്ന് ഹൈക്കോടതി

ശബരിമല സ്വർണ്ണപ്പാളി വിവാദത്തില്‍ ദേവസ്വം ബോർഡിന് തിരിച്ചടി. ചെന്നൈയിലേക്ക് കൊണ്ട് പോയ ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണ്ണം പൂശിയ പാളി തിരികെ എത്തിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. കേസ് പരിഗണിച്ച കോടതി ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം പൂശിയ പാളികൾ നന്നാക്കാൻ കൊണ്ടുപോയതുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് വന്നിരിക്കുന്നത്. കോടതി അനുമതിയില്ലാതെ സ്വര്‍ണ്ണപാളി ഇളക്കിയെന്നാണ് സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട്.

അടുത്തമാസം തയാറെടുപ്പ് തുടങ്ങിക്കോ, രാജ്യവ്യാപകമായി നിർണായക നീക്കത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ; എസ്ഐആർ നടപ്പാക്കാൻ ഒരുങ്ങുന്നു

രാജ്യവ്യാപകമായി വോട്ടർ പട്ടികയിൽ സമഗ്രമായ മാറ്റങ്ങൾ വരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ. ഒക്ടോബറിൽ ഇതിനായുള്ള നടപടികൾ ആരംഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ പറഞ്ഞു. ബുധനാഴ്ച എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാരുമായി (സിഇഒ) നടത്തിയ യോഗത്തിലാണ് ഈ നിർദ്ദേശത്തിന് അംഗീകാരം ലഭിച്ചത്.

എയ്ഡഡ് അധ്യാപക നിയമനം; പ്രത്യേക പരീക്ഷ നടത്തുമെന്ന പ്രഖ്യാപനത്തിൽ അതിവേഗം മലക്കം മറിഞ്ഞ് വിദ്യാഭ്യാസ മന്ത്രി, ഉദ്ദേശിച്ചത് കെ-ടെറ്റ് എന്ന് വിശദീകരണം

എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിനായി പ്രത്യേക പ്രവേശന പരീക്ഷ നടത്തുമെന്ന പ്രഖ്യാപനത്തിൽ അതിവേഗം മലക്കം മറിഞ്ഞ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പാക്കാനാണ് പരീക്ഷയെന്നുള്ള ഫേസ്ബുക്ക് പോസ്റ്റ് മന്ത്രി പിൻവലിച്ചു. ഉദ്ദേശിച്ചത് കെ ടെറ്റ് പരീക്ഷയാണെന്ന് മന്ത്രി ഏഷ്യാനെറ്റ് ന്യൂസിലൂടെ വിശദീകരിച്ചു.

ട്രംപുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മോദി, ഇന്ത്യ-യുഎസ് വ്യാപാര ചർച്ച വീണ്ടും ആരംഭിക്കും

അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ ഇന്ത്യ അടുത്തയാഴ്ച വീണ്ടും തുടങ്ങാൻ സാധ്യത. ഇന്ത്യൻ സംഘം അമേരിക്കയിലേക്ക് പോകുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. അമേരിക്കൻ സംഘം ഇന്ത്യയിലേക്ക് വരുന്നത് നേരത്തെ മാറ്റിവച്ചിരുന്നു. വാർത്തകൾ സ്ഥിരീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. വ്യാപാര ചർച്ചകൾ എത്രയും വേഗം പൂർത്തിയാക്കാൻ ശ്രമമെന്ന് മോദി അറിയിച്ചു. ഇന്ത്യയും അമേരിക്കയും സ്വാഭാവിക പങ്കാളികളും അടുത്ത സുഹൃത്തുക്കളുമാണെന്നും ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ അഭിവൃദ്ധിക്കായി യോജിച്ചു നീങ്ങുമെന്നും മോദി അറിയിച്ചു.

ഇന്ത്യയെ വിടാതെ ട്രംപ്; റഷ്യന്‍ എണ്ണ വാങ്ങുന്നതിനെതിരെ ഇന്ത്യയ്ക്ക് തീരുവ ചുമത്തണമെന്ന് യുറോപ്യന്‍ യൂണിയനോട് ട്രംപ്

റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയ്ക്കും ചൈനയ്ക്കും എതിരെ 100% വരെ ഇറക്കുമതി തീരുവ ചുമത്താന്‍ യൂറോപ്യന്‍ യൂണിയനോട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. യുക്രെയ്ന്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ റഷ്യന്‍ സമ്പദ്വ്യവസ്ഥയുടെ ജീവനാഡിയായ എണ്ണ കയറ്റുമതിയുടെ പ്രധാന ഉപഭോക്താക്കളാണ് ഇന്ത്യയും ചൈനയും. റഷ്യയുടെ സാമ്പത്തിക മേഖലക്ക് ഊര്‍ജ്ജം നല്‍കുന്നത് ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളാണെന്നും ഈ രാജ്യങ്ങളുമായി നടത്തുന്ന എണ്ണ ഇടപാടുകള്‍ക്ക് റഷ്യ കനത്ത വില നല്‍കേണ്ടി വരുമെന്ന് ട്രംപ് സൂചിപ്പിച്ചു.