ഇന്നത്തെ പ്രധാന സംഭവ വികാസങ്ങളും വാർത്തകളും ഒറ്റനോട്ടത്തിൽ അറിയാം
ഇന്ത്യയ്ക്കും യുഎസിനുമിടയിൽ മഞ്ഞുരുകുന്നുവെന്ന് സൂചന; ട്രംപിന്‍റെ പ്രസ്താവനയോട് യോജിച്ച് മോദി
ഇന്ത്യ ചൈനീസ് പക്ഷത്തേക്ക് ചാഞ്ഞെന്ന പ്രസ്താവന തിരുത്തി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഇന്ത്യയ്ക്കും യുഎസിനും ഇടയിൽ സവിശേഷ ബന്ധം എന്ന് ട്രംപ് പറഞ്ഞതിനെ നരേന്ദ്ര മോദി സ്വാഗതം ചെയ്തതോടെ ഇരുരാജ്യങ്ങൾക്കുമിടയിൽ മഞ്ഞുരുകാനുള്ള സാധ്യതയേറി. അമേരിക്കയുമായുള്ള ആശയവിനിമയം നടക്കുന്നു എന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കറും വിശദീകരിച്ചു. ട്രംപ് ഇതേ നിലപാട് തുടർന്നാൽ പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം നടന്നേക്കുമെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് കസ്റ്റഡിയിൽ മർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്ന ദിവസം പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചതിനെ വിമർശിച്ച് കെ സുധാകരൻ. അത് ശരിയായില്ലെന്നും താനായിരുന്നെങ്കിൽ അങ്ങനെ ചെയ്യില്ലായിരുന്നുവെന്നും സുധാകരൻ കുറ്റപ്പെടുത്തി. കസ്റ്റഡി മർദ്ദനത്തിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തതിനെ പ്രതിപക്ഷനേതാവ് ഇന്നും ചോദ്യം ചെയ്തു.
കുന്നംകുളം കസ്റ്റഡി മർദനം: 4 പൊലീസുകാരേയും സസ്പെൻഡ് ചെയ്തു, വകുപ്പുതല പുനരന്വേഷണത്തിനും ഉത്തരവിട്ടു
കുന്നംകുളം കസ്റ്റഡി മർദനത്തിൽ പ്രതിപ്പട്ടികയിലുള്ള 4 പൊലീസ് ഉദ്യോഗസ്ഥരേയും സസ്പെൻ്റ് ചെയ്തു. എസ് ഐ നുഹ്മാൻ , സിപി ഒമാരായ ശശിധരൻ, കെജെ സജീവൻ, എസ് സന്ദീപ് എന്നിവരെയാണ് സസ്പെൻ്റ് ചെയ്ത് ഉത്തരവിറങ്ങിയത്. ഇവർക്കെതിരെ വകുപ്പുതല പുനരന്വേഷണത്തിനും ഉത്തരവിട്ടു. എല്ലാ രേഖകളും ഹാജരാക്കാൻ ഐജി രാജ്പാൽ മീണയാണ് ഉത്തരവിട്ടത്. പൊലീസുകാർക്കെതിരെ കടുത്ത നടപടിയുണ്ടാവുമെന്ന് ഇന്നലെ ഡിജിപി റാവഡാ ചന്ദ്രശേഖർ പ്രതികരിച്ചിരുന്നു.
കുന്നംകുളം കസ്റ്റഡി മർദനത്തിൽ പ്രതിപ്പട്ടികയിലുള്ള 4 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി മർദനത്തിന് ഇരയായ സുജിത്ത്. സസ്പൻഷൻ ശുപാർശയിൽ തൃപ്തി ഇല്ലെന്ന് സുജിത്ത് പറഞ്ഞു. ഡ്രൈവറായ സുഹൈറിനെതിരെ നടപടിയില്ല. 5 പേരെയും സർവ്വീസിൽ നിന്നും പുറത്താക്കണം. പൊലീസ് സ്റ്റേഷനിലും സിസിടിവി വേണമെന്ന സുപ്രീം കോടതി കേസിൽ കക്ഷിചേരുമെന്നും ജനങ്ങൾ, പാർട്ടി നൽകിയ പിന്തുണയ്ക്ക് നന്ദിയെന്നും സുജിത്ത് പറഞ്ഞു. കുന്നംകുളം കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുജിത്ത്.
കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ തലപ്പത്ത് നിന്ന് വി ടി ബൽറാമിനെ മാറ്റം. 'ബീഡിയും ബീഹാറും' എന്ന വിവാദ സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെയാണ് ഡിജിറ്റൽ മീഡിയ അഴിച്ചു പണിയാൻ കെപിസിസി തീരുമാനം. അതേസമയം പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള പ്രധാന നേതാക്കൾക്കെതിരെ ഡിജിറ്റൽ മീഡിയ പ്രവർത്തിച്ചു എന്ന വിമർശനവും മാറ്റത്തിന് കാരണമാണ്.
സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിലേക്ക് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്ഷണിച്ച് ദേവസ്വം പ്രസിഡന്റ് പിഎസ്‍ പ്രശാന്ത്. ശബരിമലയെ വിവാദ ഭൂമിയാക്കരുതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഭക്തർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് കൂടിക്കാഴ്ച്ചയിൽ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. എസ്എൻഡിപിക്ക് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടുണ്ട്. സംഗമം പ്രായശ്ചിത്തമായി കാണുന്നവർക്ക് അങ്ങനെ കാണാമെന്നും വെള്ളാപ്പള്ളി പറഞ്ഞു. വിവിധ കോണുകളിൽ നിന്നും വിമർശനമുയരുന്ന സാഹചര്യത്തിലും ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പുമായി സർക്കാരും ദേവസ്വം ബോർഡും മുന്നോട്ട് പോകുകയാണ്.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കാനുള്ള ചർച്ചകൾ സജീവം. വി ഡി സതീശൻ, സണ്ണി ജോസഫ്, രമേശ് ചെന്നിത്തല അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുമായി യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം ചർച്ച നടത്തി. രണ്ടു ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകാനിടയുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചതിന് പിന്നാലെ പകരം അധ്യക്ഷന്റെ കാര്യത്തിൽ സമവായമായിരുന്നില്ല. അബിൻ വർക്കി, കെ എം അഭിജിത്, ബിനു ചുള്ളിയിൽ, ഒ ജെ ജനീഷ് എന്നീ പേരുകളാണ് ചർച്ചയിലുള്ളത്.
അമീബിക് മസ്തിഷ്ക ജ്വരം; ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി, മരിച്ചത് ബത്തേരി സ്വദേശി
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 45 കാരന്‍ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വയനാട് ബത്തേരി സ്വദേശി രതീഷ് എന്നയാളാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗം ബാധിച്ച് 11 പേരാണ് ചികിത്സയിലുള്ളത്. ചികിത്സയിലുള്ള രണ്ടുപേരുടെ നില അതീവ ഗുരുതരമാണ് എന്ന റിപ്പോര്‍ട്ടുകൾ കഴിഞ്ഞ ദിവസം വന്നിരുന്നു. മലപ്പുറം സ്വദേശിയായ പത്ത് വയസുകാരന് വ്യാഴാഴ്ച അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.


