പുടിനും ട്രംപും ഒരുമിച്ച് യുഎസ് പ്രസിഡന്‍റിന്‍റെ ‘ബീസ്റ്റ്’ കാറിലാണ് യോഗ സ്ഥലത്തേക്ക് എത്തിയത്.

വാഷിങ്ടൺ: യുക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതടക്കം നിർണായക തീരുമാനങ്ങളുണ്ടാകുമെന്ന് ലോകം ഉറ്റു നോക്കുന്ന കൂടിക്കാഴ്ചക്കായി ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച അൽപ്പ സമയത്തിനകം. കൂടിക്കാഴ്ചക്കായി നേതാക്കൾ അലാസ്കയിലെത്തി. പുടിനും ട്രംപും ഒരുമിച്ച് യുഎസ് പ്രസിഡന്‍റിന്‍റെ ‘ബീസ്റ്റ്’ കാറിലാണ് യോഗ സ്ഥലത്തേക്ക് എത്തിയത്. പരസ്പരം അഭിവാദ്യം ചെയ്ത നേതാക്കൾ ഹസ്തദാനം നൽകി.

ലാസ്‌കന്‍ നഗരമായ ആങ്കറേജിലെ ജോയിന്റ് ബേസ് എല്‍മെന്‍ഡോര്‍ഫ്-റിച്ചാര്‍ഡ്സണ്‍ (ജെബിഇആര്‍) സേനാതാവളത്തില്‍ എത്തിയ ഇരുവരും ഹസ്തദാനം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. വ്യോമത്താവളത്തിൽ നേരിട്ടെത്തിയാണ് ട്രംപ് പുതിനെ സ്വീകരിച്ചത്. എന്നാൽ ട്രംപും പുടിനും തമ്മിൽ ഒറ്റയ്ക്ക് ചർച്ച നടത്തില്ലെന്നാണ് റിപ്പോർട്ടുകൾ. ഉപദേശകരില്ലാതെ ചർച്ച എന്നാണ് നേരത്തെ വൈറ്റ് ഹൌസ് അറിയിച്ചിരുന്നത്. ആറുവര്‍ഷത്തിനുശേഷമാണ് ട്രംപും പുടിനും നേരില്‍ ചര്‍ച്ച നടത്തുന്നത്.

അതേസമയം നേതാക്കളുടെ കൂടിക്കാഴ്ചയിൽ അമേരിക്കൻ വിദേശ സെക്രട്ടറി മാർക്കോ റുബിയോ, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവരും പങ്കെടുക്കും. പുടിനൊപ്പം ചർച്ചയിൽ പങ്കെടുക്കാനായി വിദേശകാര്യമന്ത്രി സെർജി ലാവ്‌റോയും അലാസ്കയിലെത്തി. പഴയ സോവിയറ്റ് യൂണിയന്റെ റഷ്യൻ ചുരുക്കപ്പേരായ "CCCP" (USSR)എന്നെഴുതിയ ടീ-ഷർട്ട് ധരിച്ചാണ് സെർജി ലാവ്‌റോവ് അലാസ്കയിൽ എത്തിയത്. യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കായി ലാവ്‌റോവ് അമേരിക്കൻ പ്രസിഡന്റ് ട്രംപുമായും, പുടിനുമായും കൂടിക്കാഴ്ച നടത്തും.