ഇറാനെതിരായ യുദ്ധസാധ്യത മുൻനിർത്തി യുഎസ് പ്രതിരോധ ബജറ്റ് 1.5 ലക്ഷം കോടി ഡോളറായി ഉയർത്താൻ ഡോണൾഡ് ട്രംപ് കോൺഗ്രസിനോട് ആവശ്യപ്പെട്ടു. 'ഗോൾഡൻ ഡോം' മിസൈൽ സംവിധാനം, പുതിയ യുദ്ധക്കപ്പലുകൾ എന്നിവയ്ക്കായി പണം കണ്ടെത്തുന്നതിനായി വിദ്യാഭ്യാസം, ഭവനം തുടങ്ങിയ ആഭ്യന്തര പദ്ധതികളിൽ വൻതോതിൽ കുറവ് വരുത്തും. സൈനിക സുരക്ഷയ്ക്ക് മുൻഗണന നൽകാനാണ് ഈ നീക്കം.

വാഷിങ്ടൺ: ഇറാനെതിരായ യുദ്ധത്തിന് ചെലവ് കൂടിയതോടെ യുഎസ് പ്രതിരോധ ബജറ്റ് 1.5 ലക്ഷം കോടി ഡോളറായി ഉയർത്താൻ ആവശ്യപ്പെട്ട് ഡോണൾഡ് ട്രംപ്. യുഎസ് കോൺഗ്രസിനോടാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. വൈറ്റ് ഹൗസ് കോൺഗ്രസിനോട് ആവശ്യപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക ചെലവ് വർദ്ധനയാണിത്. ട്രംപ് ഭരണകൂടം വിഭാവനം ചെയ്ത 'ഗോൾഡൻ ഡോം' മിസൈൽ പ്രതിരോധ സംവിധാനത്തിന് ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. നാവിക കപ്പലുകളുടെ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കും. ഇതിൽ പുതിയ 'ട്രംപ്-ക്ലാസ്' യുദ്ധക്കപ്പലുകളും ഉൾപ്പെടുന്നു. സൈനികരുടെ ശമ്പളം വർദ്ധിപ്പിക്കാനും 'ഗോൾഡൻ ഫ്ലീറ്റ്' എന്ന പേരിൽ അടുത്ത തലമുറ കപ്പലുകൾക്കായി 65.8 ബില്യൺ ഡോളർ ചെലവഴിക്കാനും നിർദ്ദേശമുണ്ട്.

പ്രതിരോധ ബജറ്റിലെ ഈ വൻ വർദ്ധനവ് നടപ്പിലാക്കുന്നതിനായി കാലാവസ്ഥാ വ്യതിയാനം, ഭവനം, വിദ്യാഭ്യാസം തുടങ്ങിയ ആഭ്യന്തര മേഖലകളിലെ പദ്ധതികൾ വെട്ടിക്കുറയ്ക്കും. പ്രതിരോധ ഇതര ചെലവുകളിൽ ഏകദേശം 73 ബില്യൺ ഡോളറിന്റെ കുറവ് വരുത്താനാണ് തീരുമാനം. പ്രാദേശിക ഉത്തരവാദിത്തങ്ങൾ പ്രാദേശിക സർക്കാരുകൾക്ക് നൽകി ചെലവ് കുറയ്ക്കാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. സൈനിക സുരക്ഷയ്ക്കാണ് രാജ്യം മുൻഗണന നൽകേണ്ടതെന്ന് ട്രംപ് വ്യക്തമാക്കി. ആരോഗ്യ, ശിശു സംരക്ഷണവും പ്രാദേശിക ഭരണകൂടങ്ങൾ നോക്കട്ടെ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

കപ്പൽ നിർമ്മാണത്തിൽ അമേരിക്ക ചൈനയേക്കാൾ പിന്നിലാണെന്ന ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പും ഈ നീക്കത്തിന് പിന്നിലുണ്ട്. ഇറാനുമായുള്ള യുദ്ധത്തിനായി ട്രംപ് ഭരണകൂടം നേരത്തെ ആവശ്യപ്പെട്ട 200 ബില്യൺ ഡോളറിന് പുറമെയാണ് 1.5 ലക്ഷം ഡോളർ ആവശ്യപ്പെട്ടത്. 'ഗോൾഡൻ ഡോം' പദ്ധതിക്ക് വലിയ തുക ആവശ്യമായി വരുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ബഹിരാകാശ അധിഷ്ഠിത സംവിധാനങ്ങൾക്ക് മാത്രം 20 വർഷത്തിനുള്ളിൽ 542 ബില്യൺ ഡോളർ ചിലവ് കണക്കാക്കുന്നു. ബജറ്റ് നിർദ്ദേശം നടപ്പിലാകണമെങ്കിൽ യുഎസ് കോൺഗ്രസിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്.