വാഷിംങ്ടണ്‍: പലസ്തീൻ ഇസ്രായേൽ സമാധാന പദ്ധതി പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പലസ്തീൻ രാഷ്ട്ര രൂപീകരണമാണ് ട്രംപ് മുന്നോട്ടുവച്ച നിർദ്ദേശങ്ങളിലൊന്ന്. അമേരിക്കൻ സന്ദർശനത്തിനെത്തിയ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനൊപ്പമാണ് ട്രംപ് സമാധാനപദ്ധതി പ്രഖ്യാപിച്ചത്.അതേസമയം, അമേരിക്കൻ നിർദ്ദേശങ്ങൾ ഗൂഢാലോചന ആണെന്ന് പലസ്തീൻ പ്രസിഡന്‍റ്  ആരോപിച്ചു.

ഇസ്രായേലിന്‍റെ തലസ്ഥാനമായി ജറുസലേം തുടരുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. കിഴക്കൻ ജറുസലേമിൽ പലസ്തീന് ഒരു തലസ്ഥാനമൊരുക്കുമെന്നും ട്രംപിന്‍റെ പ്രഖ്യാപനം. പക്ഷേ അതെങ്ങനെയെന്ന് വ്യക്തമാക്കിയില്ല, വിശദാംശങ്ങൾ വെളിപ്പെടുത്താത്ത പതിവ് ട്രംപ് രീതി. പലസ്തീന്റെ തലസ്ഥാനത്ത് അമേരിക്ക എംബസി തുറക്കുമെന്നും പ്രഖ്യാപനം.

ഇത് പലസ്തീനുള്ള അവസാന അവസരമാണെന്നും ട്രംപ് പറഞ്ഞു. വെസ്റ്റ്ബാങ്കിലെ നിർമ്മാണപ്രവർത്തനങ്ങൾ നാലുവർഷത്തേക്ക് നിർത്തിവെക്കണമെന്ന് ട്രംപ് ഇസ്രയേലിനോട് ആവശ്യപ്പെട്ടു. പക്ഷേ വെസ്റ്റ് ബാങ്ക് കയ്യേറ്റങ്ങൾ അമേരിക്ക അംഗീകരിച്ചു എന്നാണ് നെതന്യാഹു പിന്നീട് വിശദീകരിച്ചത്. പലസ്തീനിൽ നിന്ന് ഇസ്രയേൽ സൈന്യത്തെ പിൻവലിക്കണമെന്നതും സമാധാന നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു. തങ്ങളെ ജൂത രാഷ്ട്രമായി പലസ്ത്രീൻ അംഗീകരിക്കണമെന്നും മേഖലയിൽ നിന്ന് ആരെയും പുറത്താക്കില്ലെന്ന്

അതേസമയം ഈ നിർദ്ദേശങ്ങളെ പൂർണ്ണമായും തള്ളുകയാണ് പലസ്തീൻ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ്. ഈ നീക്കങ്ങൾ ഗൂഢാലോചനയാണ്. പലസ്തീന്‍റെ അവകാശങ്ങളെ വിൽക്കാൻ വച്ചിട്ടില്ലെന്നും അബ്ബാസ് തുറന്നടിച്ചു. ഈ നിർദ്ദേശങ്ങളോട് ആയിരം നോ പറയുന്നുവെന്നും അബ്ബാസ് പറഞ്ഞു. അമേരിക്കൻ
നീക്കം ഗാസയിൽ സംഘർഷം കൂട്ടുമെന്നാണ് ഹാമാസിന്‍റെ പ്രതികരണം. 

2017ലാണ് ജറുസലേമിനെ ഇസ്രായേൽ തലസ്ഥാനമായി ട്രംപ് പ്രഖ്യാപിച്ചത്. പിന്നാലെ ഗോലാൻ കുന്നുകളിലെ ഇസ്രയേൽ ആധിപത്യവും അംഗീകരിച്ചു. രണ്ടും പലസ്തീൻ തള്ളിക്കളയുകയാണ് ചെയ്തത്. ഇംപീച്ച് മെന്‍റ് നടപടി നേരിടുന്ന ട്രംപിന് പശ്ചിമേഷ്യൻ പ്രഖ്യാപനം ജനപിന്തുണ കൂട്ടാനുള്ള ശ്രമം കൂടിയാണ്. ഇന്നലെത്തന്നെയാണ് നെതന്യാഹു അഴിമതിക്കേസുകളിൽ കുറ്റക്കാരനെന്ന് ഇസ്രായേൽ കോടതി കണ്ടെത്തിയത്. ഈ തിരിച്ചടിയിൽ നിന്നുള്ള മുഖംരക്ഷിക്കൽ കൂടിയാണ് നെതന്യാഹുവിന് ഈ പ്രഖ്യാപനം.