യുക്രെയ്നെതിരെയുള്ള യുദ്ധം തുടരുന്നതിനായി റഷ്യ ഉപരോധങ്ങൾ ലംഘിക്കുന്നത് തടയാനും അവരുടെ ശ്രമങ്ങളെ തകർക്കാനുമാണ് ഈ ശക്തമായ നീക്കം

ലണ്ടൻ:അന്താരാഷ്ട്ര ഉപരോധങ്ങൾ മറികടന്ന് എണ്ണ കടത്താൻ ശ്രമിച്ച റഷ്യയുടെ നിഴൽ കപ്പൽപ്പടയിൽപ്പെട്ട ഒരു എണ്ണടാങ്കർ ബ്രിട്ടീഷ് സായുധ സേന പിടിച്ചെടുത്തു. ഞായറാഴ്ച പുലർച്ചെ ഇംഗ്ലീഷ് ചാനലിലൂടെ കടന്നുപോകാൻ ശ്രമിക്കുന്നതിനിടയിലാണ് സ്മിർട്ടോസ് എന്ന ഈ കപ്പൽ ബ്രിട്ടൻ തടഞ്ഞത്. ബ്രിട്ടന്റെ ചരിത്രത്തിൽ ഇത്തരമൊരു നിഴൽ കപ്പൽ നേരിട്ട് കപ്പലിൽ കയറി പിടിച്ചെടുക്കുന്ന ആദ്യത്തെ സൈനിക നീക്കമാണിത്. ബ്രിട്ടീഷ് റോയൽ മറൈൻ കമാൻഡോകളും നാഷണൽ ക്രെയിം ഏജൻസിയിലെ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും ചേർന്നാണ് റഷ്യൻ നിഴൽ കപ്പൽ നിയന്ത്രണത്തിലാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യുക്രെയ്നെതിരെയുള്ള യുദ്ധം തുടരുന്നതിനായി റഷ്യ ഉപരോധങ്ങൾ ലംഘിക്കുന്നത് തടയാനും അവരുടെ ശ്രമങ്ങളെ തകർക്കാനുമാണ് ഈ ശക്തമായ നീക്കമെന്ന് ബ്രിട്ടീഷ് അധികൃതർ വ്യക്തമാക്കി. ഇംഗ്ലീഷ് ചാനലിലൂടെ ഈ കപ്പൽ കടന്നുപോകാൻ ശ്രമിച്ചപ്പോൾ താനാണ് ഈ സൈനിക നീക്കത്തിന് നേരിട്ട് നിർദ്ദേശം നൽകിയതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ വ്യക്തമാക്കി. പുടിന്റെ യുദ്ധത്തിന് ഇന്ധനം നൽകുന്നവർക്ക് ഒളിച്ചിരിക്കാൻ ഒരിടവും നൽകില്ലെന്ന മുന്നറിയിപ്പാണ് ഈ വിജയകരമായ നീക്കത്തിലൂടെ നൽകുന്നതെന്നും കീർ സ്റ്റാർമർ എക്സിലെ കുറിപ്പിൽ വ്യക്തമാക്കി. നിലവിൽ അന്വേഷണങ്ങൾ പൂർത്തിയാകുന്നതുവരെ ഈ കപ്പൽ ബ്രിട്ടന്റെ തെക്കൻ തീരത്ത് തടഞ്ഞുനിർത്തുമെന്നാണ് ലഭ്യമാകുന്ന വിവരം.

റഷ്യയുടെ ഇത്തരം നിഴൽ കപ്പലുകളെ പ്രതിരോധിക്കുന്നതിനായി ബ്രിട്ടൻ ഇതിനകം 500ലധികം കപ്പലുകൾക്ക് ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് യുകെ പ്രതിരോധ സെക്രട്ടറി ഡാൻ ജാർവിസ് വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളും ഉപരോധങ്ങളും ലംഘിച്ച് റഷ്യൻ എണ്ണ കൊണ്ടുപോകുന്ന കപ്പലുകൾക്കെതിരെ യൂറോപ്യൻ രാജ്യങ്ങൾ നിലപാട് കടുപ്പിക്കുകയാണ്. മെഡിറ്ററേനിയൻ കടലിൽ റഷ്യൻ എണ്ണ കടത്തുന്നതായി സംശയിക്കുന്ന വിദേശ കപ്പലുകൾ തടഞ്ഞുനിർത്തി പരിശോധിക്കാൻ യൂറോപ്യൻ യൂണിയൻ തങ്ങളുടെ കപ്പലുകൾക്ക് അടുത്തിടെ അനുമതി നൽകിയിരുന്നു. എന്നാൽ ഇതിനെതിരെ റഷ്യ കടുത്ത ഭാഷയിൽ പ്രതികരിച്ചിരുന്നു.

സിവിലിയൻ കപ്പലുകളെ ഭയപ്പെടുത്തുന്ന ഇത്തരം നീക്കങ്ങൾ സമുദ്ര സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് റഷ്യൻ വിദേശകാര്യ വക്താവ് മരിയ സഖറോവ ആരോപിക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങളിൽ നിഴൽ കപ്പൽപ്പട എന്നൊരു പദമില്ലെന്നും ഇത് യൂറോപ്യൻ യൂണിയൻ്റെ രാഷ്ട്രീയ നിർമ്മിതി മാത്രമാണെന്നും റഷ്യ ആരോപിച്ചു.റഷ്യൻ എണ്ണ കയറ്റുമതിക്ക് പാശ്ചാത്യ രാജ്യങ്ങൾ ബാരലിന് 60 ഡോളർ എന്ന ഉയർന്ന വിലപരിധി നിശ്ചയിച്ചതിന് ശേഷമാണ് ഇത്തരം നിഴൽ കപ്പലുകളുടെ എണ്ണം വൻതോതിൽ വർദ്ധിച്ചതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം