Ukraine Crisis : യുറോപ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തിലായിരുന്നു സെലൻസ്കി വികാരാധീനനായത്.  യുക്രൈനെ തോൽപ്പിക്കാനാവില്ലെന്നും, തങ്ങൾക്കൊപ്പമാണ് യൂറോപ്പെന്ന് തെളിയിക്കണമെന്നും സെലൻസ്കി പ്രസംഗത്തിൽ പറഞ്ഞു. ഒന്നടങ്കം എഴുന്നേറ്റു നിന്ന് കൈയടിച്ചാണ് പാർലമെന്റ് സെലൻസ്കിയുടെ പ്രസംഗത്തിന് പിന്തുണ നൽകിയത്.

സ്ട്രാസ്ബർ​ഗ്: യുറോപ്യൻ യൂണിയൻ (EU) അംഗത്വത്തിനായി വൈകാരികമായി അപേക്ഷിച്ച് വികാരാധീനനായി യുക്രൈൻ (Ukraine) പ്രസിഡന്റ് വ്ളോദിമിർ സെലൻസ്കി (Volodymyr Zelenskyy ). യുറോപ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തിലായിരുന്നു സെലൻസ്കി വികാരാധീനനായത്. യുക്രൈനെ തോൽപ്പിക്കാനാവില്ലെന്നും, തങ്ങൾക്കൊപ്പമാണ് യൂറോപ്പെന്ന് തെളിയിക്കണമെന്നും സെലൻസ്കി പ്രസംഗത്തിൽ പറഞ്ഞു. ഒന്നടങ്കം എഴുന്നേറ്റു നിന്ന് കൈയടിച്ചാണ് പാർലമെന്റ് സെലൻസ്കിയുടെ പ്രസംഗത്തിന് പിന്തുണ നൽകിയത്.

''ഗുഡ്മോണിങ്ങെന്നോ ഗുഡ്നൈറ്റെന്നോ പറയാനാവാത്ത വിധം രാത്രികളും പ്രഭാതങ്ങളും എന്റെ ജനതയ്ക്ക് മുന്നിൽ ദുരന്തം നിറഞ്ഞതായിരിക്കുന്നു''- സ്വന്തം മണ്ണിന്റെ സ്വാതന്ത്ര്യത്തിനായി ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ ഫലസ്തീൻ തലവൻ യാസർ അറാഫത്ത് നടത്തിയ പ്രസംഗത്തെ ഓർമ്മിപ്പിക്കുന്നതായി, രാജ്യം കത്തിയെരിയുമ്പോൾ യൂറോപ്യൻ പാർലമെന്റിന് മുന്നിലുള്ള സെലൻസ്കിയുടെ വാക്കുകൾ.

റഷ്യ നടത്തിയ ക്രൂരതകൾ വിവരിക്കുമ്പോൾ ഇടയ്ക്ക് പൂ‍ർത്തിയാക്കാനാകാതെ വിതുമ്പിപ്പോയി പരിഭാഷകൻ. അപ്പോഴും ജനതയുടെ പോരാട്ട വീര്യമുയർത്തിപ്പിടിച്ച് നായകന്റെ വാക്കുകൾ. "സ്വാതന്ത്ര്യ ചത്വരം വരെ റഷ്യ തകർത്തു. 16 കുഞ്ഞുങ്ങൾ മരിച്ചു. ഇവർ ഏത് സൈനിക യൂണിറ്റിൽ നിന്നുള്ളവരാണ്." സെലൻസ്കി ചോദിച്ചു.

'നിങ്ങളില്ലെങ്കിൽ ഞങ്ങളൊറ്റയ്ക്കാകാൻ പോകുന്നു'വെന്ന് പറഞ്ഞാണ് സെലൻസ്കി യുറോപ്യൻ യൂണിയന്റെ പിന്തുണ തേടിയത്. അംഗത്വത്തിനായി യുക്രൈൻ ഇന്നലെ അപേക്ഷ നൽകിയിരുന്നു. 'ഇരുട്ടിന് മേൽ വെളിച്ചമായി, മരണത്തിന് മേൽ ജീവിതമായി പൊരുതി നിൽക്കും, വിജയിക്കും. തോൽക്കുകയില്ലെ'ന്നാവർത്തിച്ചാണ് സെലൻസ്കി പ്രസംഗമവസാനിപ്പിച്ചത്. ഒന്നടങ്കം എഴുന്നേറ്റു നിന്ന് കൈയടിച്ചാണ് യൂറോപ്യൻ പാർലമെന്റ് സെലൻസ്കിക്ക് പിന്തുണയറിയിച്ചത്.

YouTube video player


നവീൻ്റെ മരണത്തിൽ ഞെട്ടി യുക്രൈനിലെ വിദ്യാർത്ഥികൾ, അനുശോചനമറിയിച്ച് മോദി

ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടതോടെ യുദ്ധഭൂമിയിൽ രക്ഷ തേടിയുള്ള കാത്തിരിപ്പിൽ കണ്ണീരണിഞ്ഞ് മലയാളികളടക്കം ഇന്ത്യൻ വിദ്യാർത്ഥികൾ. പ്രധാന നഗരങ്ങൾ റഷ്യൻ സേന കൂടുതൽ വളഞ്ഞതോടെ രക്ഷാപ്രവർത്തനം സങ്കീർണമാവുന്നതാണ് ആശങ്ക. ബങ്കറുകളിൽ കാത്തിരിക്കാൻ ഇനിയും തയാറാണെന്ന് പറയുന്ന വിദ്യാർത്ഥികൾ തങ്ങളെ രക്ഷിക്കാൻ എന്താണ് ചെയ്യാൻ പോകുന്നത് എന്നെങ്കിലും സർക്കാർ വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുന്നു.

രക്ഷ തേടിയുള്ള കാത്തിരിപ്പിനിടെ എത്തിയ തങ്ങളിലൊരാളുടെ മരണം മറ്റു വിദ്യാർത്ഥികൾക്ക് താങ്ങാവുന്നതിലപ്പുറമായി. ബങ്കറുകളിൽ ഇനിയും രക്ഷ തേടി കാത്തിരിക്കുന്നവരുടെ ആത്മവിശ്വാസത്തെക്കൂടി ബാധിക്കുന്നതായി ഇന്നത്തെ ദിവസം.

റഷ്യൻ സെൈന്യത്തിന് നേരെ പ്രധാനപ്രതിരോധം ജനങ്ങളിൽ നിന്ന് കൂടിയാണെന്നിരിക്കെ പുറത്തിറങ്ങുന്നവർ റഷ്യൻ സൈനികരാൽ ആക്രമിക്കപ്പെടാനുള്ള സാധ്യത കൂടുകയാണ്. കീവ്, കാർകീവ്, സുമി അടക്കം നഗരങ്ങൾ കൂടുതൽ ചുറ്റപ്പെട്ടതോടെ ഏതുവിധേനയും രക്ഷപ്പെടാൻ ശ്രമിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ട്. ഇത്തരം കാര്യങ്ങൾക്കായി ശ്രമിക്കരുതെന്നും വിദ്യാർത്ഥികൾ മുന്നറിയിപ്പ് നൽകുന്നു.

വിദ്യാർത്ഥികളുടെ വാക്കുകളെ ശരിവെക്കുന്നതാണ് പുറത്തെ ദൃശ്യങ്ങൾ. നഗരങ്ങളിലേക്ക് മുന്നേറുന്ന റഷ്യൻ സൈന്യം തടയാൻ ശ്രമിക്കരുതെന്ന് ജനക്കൂട്ടത്തിന് മുന്നറിയിപ്പ് നൽകുന്നതിന്റെ ഭാഗമായി വെടിവെയ്പ്പ് നടത്തുന്ന ദൃശ്യങ്ങളും പുറത്തു വന്നു. പ്രതിഷേധിക്കുന്ന ജനക്കൂട്ടത്തിന് നേരെ ഗ്രനേഡ് പ്രയോഗിച്ച് പിരിച്ചുവിടുന്നതും ദൃശ്യങ്ങളിൽ കാണാം.

സൈനികരുടെ ഫോട്ടോ എടുക്കാനോ സംസാരിക്കാനോ ശ്രമിക്കരുതെന്ന് ഇന്ന് വിവിധ നഗരങ്ങളിലെ മേയർമാർ മുന്നറിയിപ്പ് നൽകി. കൂടുതൽ പ്രതിരോധത്തിന് തയാറെടുക്കുകയാണെന്നും വിശദീകരണമുണ്ട്.