Asianet News MalayalamAsianet News Malayalam

റഷ്യൻ ആക്രമണത്തിൽ ഇതുവരെ ജീവൻ പൊലിഞ്ഞത് 13000 സൈനികർക്ക്, വെളിപ്പെടുത്തലുമായി യുക്രൈൻ

റഷ്യൻ ആക്രമണത്തിൽ ഇതുവരെ 13000 സൈനികരുടെ ജീവൻ നഷ്ടമായതായി യുക്രൈൻ. യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കിയുടെ ഉപദേശകൻ മൈഖൈലോ പോഡോലിയാക് ആണ് കണക്കുകൾ വെളിപ്പെടുത്തിയത്. 

Ukraine war Zelensky aide reveals up to 13000 war dead
Author
First Published Dec 2, 2022, 1:58 PM IST

കീവ്: റഷ്യൻ ആക്രമണത്തിൽ ഇതുവരെ 13000 സൈനികരുടെ ജീവൻ നഷ്ടമായതായി യുക്രൈൻ. യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കിയുടെ ഉപദേശകൻ മൈഖൈലോ പോഡോലിയാക് ആണ് കണക്കുകൾ വെളിപ്പെടുത്തിയത്. പതിനായിരത്തോളം യുക്രൈൻ സൈനികർ  കൊല്ലപ്പെട്ടതായി നേരത്തെ അമേരിക്ക വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇക്കാര്യം യുക്രൈൻ സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. 

യുദ്ധം ആരംഭിച്ചതിന് ശേഷം ഏകദേശം 100,000 റഷ്യൻ സൈനികരും100,000 യുക്രൈൻ സൈനികരും കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട് എന്നായിരുന്നു കഴിഞ്ഞ മാസം മുതിർന്ന യുഎസ് ജനറൽ മാർക്ക് മില്ലി പറഞ്ഞത്. 100,000 യുക്രൈൻ സൈനികർ കൊല്ലപ്പെട്ടതായി യൂറോപ്യൻ യൂണിയൻ കമ്മീഷൻ മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ ബുധനാഴ്ച ഒരു വീഡിയോ പ്രസംഗത്തിൽ പരാമർശിച്ചിരുന്നു. എന്നാൽ, ഇത് ഒരു അബദ്ധമായിരുന്നു എന്ന്  യൂറോപ്യൻ യൂണിയൻ കമ്മീഷൻ വക്താവ് പിന്നീട് വ്യക്തമാക്കി. ഈ കണക്ക് കൊല്ലപ്പെട്ടവരും പരിക്കേറ്റവരും ഉൾപ്പെടുന്നതാണെന്നായിരുന്നു വിശദീകരണം. 

എന്നാൽ ഒരു ടിവി ചാനലിനോട് സംസാരിക്കവെ പോഡോലിയാക്ക് പറഞ്ഞത് ഇങ്ങനെ ആയിരുന്നു. മരിച്ചവരുടെ എണ്ണത്തെ കുറിച്ച് തുറന്നു പറയുകയാണെങ്കിൽ, ഞങ്ങൾക്ക് ഒൌദ്യോഗിക കണക്കുകളുണ്ട്. ജനറൽ സ്റ്റാഫ്, കമാൻഡർ ഇൻ ചീഫ് സെലൻസ്കി എന്നിവർക്ക് ലഭിച്ച കണക്കുകൾ പ്രകാരം 10000 ന് മുകളിൽ അഥവാ 12500-13000 പേർ വരെ കൊല്ലപ്പെട്ടിട്ടുണ്ട്. ഒരു ലക്ഷത്തോളം റഷ്യൻ  സൈനികർ മരിക്കുകയും ഒന്നര ലക്ഷത്തോളം സൈനികർക്ക് പരിക്കേറ്റതായും പോഡോലിയാക്ക് അഭിപ്രായപ്പെട്ടു. യുക്രൈനിൽ വലിയ എണ്ണം സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Read more: യുക്രൈന്‍: മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് യുദ്ധ ഇരകളുടെ പരിഗണന വേണമെന്ന് ഹര്‍ജി,നിലപാട് തേടി സുപ്രീംകോടതി

യൂറോപ്യൻ യൂണിയൻ കമ്മീഷൻ മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞത് യുക്രൈനിൽ 20000 സാധാരണക്കാർ കൊല്ലപ്പെട്ടുവെന്നായിരുന്നു. ഈ കണക്ക് യുറോപ്യൻ യൂണിയൻ തിരുത്തിയിട്ടില്ല. എന്നാൽ നേരത്തെ തിരുത്തിയ കണക്കുകളോടൊപ്പം ആ വീഡിയോയും യൂറോപ്യൻ യൂണിയൻ പിൻവലിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios