എല്ലാ വിസ അപേക്ഷകരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പ്രൈവസി സെറ്റിങ്സ് 'പബ്ലിക്' ആക്കേണ്ടി വരും.
ന്യൂയോർക്ക്: അമേരിക്കയിലേക്കുള്ള സ്റ്റുഡന്റ് വിസാ നടപടികൾ പുനഃരാരംഭിച്ചു. മേയ് അവസാനത്തോടെ വിദേശ വിദ്യാർത്ഥികൾക്ക് വിസ അനുവദിക്കുന്നത് യുഎസ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് താത്കാലികമായി നിർത്തിവെച്ചിരുന്നു. പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കിയാണ് വിസ നടപടികൾ പുനഃരാരംഭിക്കുന്നതെന്ന് കഴിഞ്ഞ ദിവസം അധികൃതർ അറിയിച്ചു.
അപേക്ഷകരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ വിശദ പരിശോധനയാണ് പുതിയ നിബന്ധനകളിൽ പ്രധാനം. ഇതിനായി വിസ അപേക്ഷകർ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധനയ്ക്ക് സമർപ്പിക്കണം. പുതിയ സോഷ്യൽ മീഡിയ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും ഇനി മുതൽ വിസ അപ്പോയിന്റ്മെന്റുകൾ അനുവദിക്കുകയെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചിട്ടുണ്ട്. നിലവിൽ അപേക്ഷകർക്ക് വിസ അപ്പോയിൻമെന്റുകൾ അനുവദിക്കാൻ തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അപേക്ഷകരുടെ സോഷ്യൽ മീഡിയ പ്രവർത്തനം കോൺസുലാർ ഉദ്യോഗസ്ഥർ വിശദവും സമഗ്രവുമായ പരിശോധനയ്ക്ക് വിധേയമാക്കും. എക്സ്ചേഞ്ച് വിസിറ്റ് വിസ അപേക്ഷകൾക്കും ഇത് തന്നെയായിരിക്കും നടപടിക്രമം. ഇതിനായി എല്ലാ വിസ അപേക്ഷകരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പ്രൈവസി സെറ്റിങ്സ് 'പബ്ലിക്' ആക്കേണ്ടി വരും. അമേരിക്കയിൽ എത്തുന്ന വിദേശികൾ രാജ്യത്തെ പൗരന്മാരോടും സംസ്കാരത്തോടും സർക്കാറിനോടും സ്ഥാപനങ്ങളോടും എതിർപ്പും വിദ്വേഷവും ഉള്ളവരാവാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ട്രംപ് കൊണ്ടുവന്ന ഭരണ പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഇപ്പോഴത്തെ അധിക പരിശോധനകൾ.
ട്രംപ് അധികാരമേറ്റതിന് പിന്നാലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് അമേരിക്കയിലെ വിദേശ വിദ്യാർത്ഥികൾ കടുത്ത പ്രതിസന്ധി നേരിട്ടിരുന്നു. ആയിരക്കണക്കിന് പേരുടെ വിസ റദ്ദാക്കുകയും വിദേശ വിദ്യാർത്ഥികളെ എടുക്കുന്നതിന് സർവകലാശാലകൾക്കു മേൽ നിയന്ത്രണങ്ങൾ കൊണ്ടുവരികയും ചെയ്തു. ഗാസയിലെ ഇസ്രയേൽ അതിക്രമങ്ങൾക്കെതിരെ പ്രതിഷേധിച്ച നിരവധിപ്പേരുടെ വിസ റദ്ദാക്കുകയും ചെയ്തു. ഇതിന് ശേഷമാണ് വിസ അപേക്ഷകരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ കൂടി വിശദ പരിശോധനയ്ക്ക് വിധേയമാക്കുന്ന രീതി ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്.
