അമേരിക്കൻ സാമ്പത്തിക ഉപരോധങ്ങൾ പരാജയപ്പെടുമെന്നും സമ്മർദ്ദത്തിന് വഴങ്ങില്ലെന്നും ഇറാന്റെ പുതിയ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി വ്യക്തമാക്കി.

ടെഹ്‌റാൻ: അമേരിക്കൻ ഭരണകൂടം ഇറാനെതിരെ നടത്തുന്ന സാമ്പത്തിക ഉപരോധ നീക്കങ്ങൾ പൂർണ്ണമായി പരാജയപ്പെടുമെന്ന് ഇറാന്‍റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ പുതിയ സെക്രട്ടറി മൊഹ്സെൻ റെസായി. യുഎസ് സമ്മർദ്ദത്തിന് വഴങ്ങാൻ ഇറാൻ ഭരണകൂടം തയ്യാറല്ലെന്ന് മൊഹ്സെൻ റെസായി വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലും നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഇറാൻ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണികൾ വെറുംവാക്കുകൾ മാത്രമാണെന്നും അത് ലോകം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും റെസായി പരിഹസിച്ചു.

വാഷിംഗ്ടൺ തങ്ങളുടെ വാഗ്ദാനങ്ങൾ പാലിക്കുകയും സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കുകയും ചെയ്യും വരെ ഹോർമുസ് കടലിടുക്കിലെ ഉപരോധം തുടരും. അയൽരാജ്യങ്ങൾ മേഖലയിലെ എണ്ണക്കടത്തിനായി ബദൽ മാർഗ്ഗങ്ങൾ തേടുന്നുണ്ടെങ്കിലും, തങ്ങളുടെ പ്രതിരോധ തന്ത്രങ്ങളിൽ നിർണായക മാറ്റങ്ങൾ വരുത്തുമെന്നും പുതിയ ശേഷികൾ പുറത്തെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇറാനെതിരായ അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങൾ ആഗോളതലത്തിൽ കൂടുതൽ രാജ്യങ്ങളെ അണുവായുധ ശേഷി കൈവരിക്കാൻ പ്രേരിപ്പിക്കുന്നതാണെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമേനിയുടെ മുതിർന്ന ഉപദേഷ്ടാവ് കൂടിയായ റെസായി ആരോപിച്ചു. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി, എൻപിടി കരാറുകളിൽ അംഗമായ രാജ്യത്തിന് പോലും സുരക്ഷ ഉറപ്പാക്കാൻ സാധിക്കുന്നില്ലെന്ന് തെളിഞ്ഞതോടെയാണ് ആഗോളതലത്തിൽ ഇത്തരം പ്രവണത വർദ്ധിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.