ഇറാനുമായുള്ള സൈനിക സംഘർഷം വർധിക്കുന്നതിനിടെ, അമേരിക്ക പേർഷ്യൻ ഗൾഫിൽ അത്യാധുനിക ആളില്ലാ ഡ്രോൺ ബോട്ടുകൾ വിന്യസിച്ചു. 'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന സൈനിക പദ്ധതിയുടെ ഭാഗമായ ഈ നീക്കം, ഒരു സജീവ യുദ്ധസാഹചര്യത്തിൽ ഈ സാങ്കേതികവിദ്യയുടെ ആദ്യ ഔദ്യോഗിക ഉപയോഗമാണ്. ഈ ഡ്രോൺ ബോട്ടുകൾക്ക് സ്ഫോടകവസ്തുക്കൾ വഹിച്ച് ശത്രുലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുണ്ട്.

വാഷിങ്ടൺ: ഇറാനുമായുള്ള സൈനിക സംഘർഷം മൂർച്ഛിക്കുന്നതിനിടെ, പ്രതിരോധ രംഗത്ത് നിർണ്ണായക നീക്കവുമായി അമേരിക്ക. പേർഷ്യൻ ഗൾഫിൽ പട്രോളിംഗിനും നിരീക്ഷണത്തിനുമായി അത്യാധുനിക 'ആളില്ലാ ഡ്രോൺ ബോട്ടുകൾ' യുഎസ് സൈന്യം വിന്യസിച്ചു. സജീവ യുദ്ധസാഹചര്യത്തിൽ ഈ സാങ്കേതികവിദ്യ ഔദ്യോഗികമായി ഉപയോഗിക്കുന്നത് ഇതാദ്യമായാണെന്ന് അമേരിക്ക സ്ഥിരീകരിച്ചു. ഇറാനെ പ്രതിരോധിക്കാനുള്ള അമേരിക്കയുടെ 'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന സൈനിക പദ്ധതിയുടെ ഭാഗമായാണ് ഈ വിന്യാസം.

Scroll to load tweet…

'ഗ്ലോബൽ ഓട്ടോണമസ് റിക്കണസൻസ് ക്രാഫ്റ്റ്' (GARC) എന്ന് വിളിക്കപ്പെടുന്ന ഈ ബോട്ടുകൾ സ്ഫോടകവസ്തുക്കൾ വഹിക്കാനും ശത്രുലക്ഷ്യങ്ങളെ ആക്രമിച്ച് തകർക്കാനും ശേഷിയുള്ളവയാണ്. മേരിലാൻഡ് ആസ്ഥാനമായുള്ള 'ബ്ലാക്ക് സീ' എന്ന കമ്പനിയാണ് അഞ്ച് മീറ്റർ മാത്രം നീളമുള്ള ഈ അതിവേഗ ബോട്ടുകൾ വികസിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഏകദേശം 2,200 നോട്ടിക്കൽ മൈലിലധികം ദൂരം ഈ ഡ്രോൺ ബോട്ടുകൾ കടലിൽ പട്രോളിംഗ് നടത്തി. മേഖലയിലെ സുരക്ഷാ ഭീഷണികൾ തത്സമയം നിരീക്ഷിക്കാൻ ഈ സംവിധാനം സഹായിക്കുമെന്ന് യുഎസ് നാവികസേന വിലയിരുത്തുന്നു. റഷ്യ - യുക്രെയ്ൻ യുദ്ധത്തിൽ ഡ്രോൺ ബോട്ടുകൾ വലിയ പ്രഹരശേഷി തെളിയിച്ചതിന് പിന്നാലെയാണ് അമേരിക്കയും ഇവ ഉപയോഗിക്കുന്നത്. പേർഷ്യൻ ഗൾഫിലൂടെയും ഹോർമുസ് കടലിടുക്ക് വഴിയും കടന്നുപോകുന്ന എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ഡ്രോൺ ആക്രമണങ്ങളെ തടയുകയാണ് ഈ നീക്കത്തിന്റെ പ്രാഥമിക ലക്ഷ്യം. ഡ്രോൺ ബോട്ടുകളുടെ വിന്യാസത്തോടെ കടൽ യുദ്ധത്തിന്റെ രീതിശാസ്ത്രം തന്നെ മാറുമെന്നാണ് കരുതപ്പെടുന്നത്.