ടെക്സസിലെ പ്രളയത്തിൽ അനുശോചനം രേഖപ്പെടുത്തിയ യുഎസ് പ്രഥമ വനിത മെലാനിയ ട്രംപിനെതിരെ രൂക്ഷ വിമർശനം ഉയർന്നു. 

വാഷിങ്ടൺ: ടെക്സസിലെ പ്രളയത്തിൽ അനുശോചന പോസ്റ്റിട്ട യുഎസ് പ്രഥമ വനിത മെലാനിയ ട്രംപിനെതിരെ രൂക്ഷ വിമര്‍ശനം. ടെക്സസിൽ ഉണ്ടായ പ്രളയത്തിൽ 21 കുട്ടികളടക്കം കുറഞ്ഞത് 67 പേർ മരിക്കുകയും, ഒരു സമ്മർ ക്യാമ്പിൽ നിന്ന് കാണാതായ പെൺകുട്ടികൾക്കായുള്ള തിരച്ചിൽ മൂന്നാം ദിവസത്തിലേക്ക് കടക്കുകയും ചെയ്യുകയാണ്.

"ഈ ദുഷ്കരമായ സമയത്ത് ടെക്സസിലെ മാതാപിതാക്കളോടൊപ്പം തന്റെ ഹൃദയമുണ്ട്. തന്റെ ചിന്തകളിലും പ്രാർത്ഥനകളിലും ഞാൻ നിങ്ങളെ ചേർത്തുപിടിക്കുന്നു, കരുത്തിനും ആശ്വാസത്തിനും അതിജീവന ശേഷിക്കും വേണ്ടി പ്രാർത്ഥിക്കുന്നു" എന്നായിരുന്നു ശനിയാഴ്ച എക്സിൽ മെലാനിയ കുറിച്ചത്.

ഗൗരവമേറിയ സാഹചര്യത്തിൽ മെലാനിയയുടെ പോസ്റ്റ് അപര്യാപ്തമാണെന്നാണ് പല ഉപയോക്താക്കളുടേയും വിമർശനം. ട്രംപ് ഭരണകൂടം ദുരന്ത പ്രതികരണത്തിനും കാലാവസ്ഥാ പ്രവചനത്തിനുമുള്ള ഫണ്ടുകൾ വെട്ടിക്കുറച്ചത് ഈ ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചുവെന്നും വിമര്‍ശനം ഉയരുന്നു.

ഫണ്ട് വെട്ടിക്കുറച്ചതിനെതിരെ വിമർശനം

ട്രംപ് ഭരണകൂടം നിർണായകമായ ദുരന്തനിവാരണ, കാലാവസ്ഥാ പ്രവചന ബജറ്റുകൾ വെട്ടിക്കെുറച്ചത് ബാധിച്ചത് ജീവൻ രക്ഷിക്കാൻ സഹായിച്ചേക്കാമായിരുന്ന സാഹചര്യങ്ങളെയാണെന്ന് നിരവധി വിമർശകർ പറഞ്ഞു. ഇത്തരം വെട്ടിക്കുറയ്ക്കലുകൾ മരണത്തിലേക്ക് നയിക്കുമെന്ന് നാഷണൽ വെതർ സർവീസിൻ്റെഅഞ്ച് മുൻ ഡയറക്ടർമാർ മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു.

ടെക്സാസിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ജോക്വിൻ കാസ്ട്രോ സിഎൻഎന്നിനോട് പറഞ്ഞത്, കാലാവസ്ഥാ സർവീസിലെ ജീവനക്കാരുടെ കുറവ് അപകടകരമാകുമെന്നായിരുന്നു. "പെട്ടെന്നുള്ള വെള്ളപ്പൊക്കമുണ്ടാകുമ്പോൾ, വിശകലനം ചെയ്യാനും മികച്ച രീതിയിൽ പ്രവചനങ്ങൾ നടത്താനും ആവശ്യമായ ഉദ്യോഗസ്ഥർ ഇല്ലെങ്കിൽ അത് ദുരന്തത്തിലേക്ക് നയിച്ചേക്കാമെന്നും കാസ്ട്രോ പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളിലെ രോഷം

മെലാനിയയുടെ പ്രതികരണത്തിനെതിരെ സോഷ്യൽ മീഡിയ രോഷാകുലമായാണ് പ്രതികരിച്ചത്. ദുരന്തത്തിൽ ഭരണകൂടത്തിന്റെ പങ്ക് ഏറ്റുപറഞ്ഞ് മാപ്പ് പറയാൻ ചിലർ ആവശ്യപ്പെട്ടു. കുട്ടികൾ മരിച്ചുകൊണ്ടിരിക്കുമ്പോൾ നിങ്ങൾ ബാൽക്കണിയിൽ നൃത്തം ചെയ്യുന്ന വീഡിയോകൾ അവർ ഇതിനകം കണ്ടതാണെന്നായിരുന്നു ഒരു ഉപയോക്താവിന്റെ കുറിപ്പ്.

പ്രാർത്ഥനകൾക്ക് വീടുകൾ പുനർനിർമ്മിക്കാനാവില്ല. നിങ്ങളുടെ ഭർത്താവ് എടുത്തുമാറ്റിയത് സഹാനുഭൂതിക്ക് തിരികെ നൽകാനാവില്ല. ടെക്സസ് ദുരിതത്തിലായിരിക്കുമ്പോൾ, നിങ്ങളുടെ സർക്കാർ ദുരന്തസഹായം വെട്ടിക്കുറയ്ക്കുകയും പ്രതികരണ ടീമുകളെ നിശ്ശബ്ദരാക്കുകയും ചെയ്തതിന് ശേഷം നിങ്ങൾ ചിന്തകളും പ്രാർത്ഥനകളും മാത്രം നൽകുന്നു. ഈ അഭിനയം ഞങ്ങൾ കാണുന്നുണ്ട്. ഒരിക്കലും മറക്കില്ലെന്നുമായിരുന്നു മറ്റൊരാളുടെ കമന്റ്.