ഖത്തറിന്റെ മണ്ണിൽ ഇനി ആക്രമണം ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകി ഡോണൾഡ് ട്രംപ്. ഖത്തറിന് ഇക്കാര്യത്തിൽ ഉറപ്പ് നൽകിയെന്നും നീക്കം അറിഞ്ഞയുടനെ ഖത്തറിന് വിവരം കൈമാറാൻ നിർദേശിച്ചെന്ന് ട്രംപ്.

വാഷിം​ഗ്ടൺ: ഖത്തറിന്റെ മണ്ണിൽ ഇനി ആക്രമണം ഉണ്ടാകില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇക്കാര്യത്തിൽ ഖത്തറിന് ഉറപ്പ് നൽകിയെന്ന് വൈറ്റ് ഹൗസ്. ആക്രമണ നീക്കം അറിഞ്ഞയുടനെ ഖത്തറിന് വിവരം കൈമാറാൻ നിർദേശിച്ചെന്ന് ട്രംപ്. മധ്യ പൂർവേഷ്യയിലെ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിനാണ് നിർദേശം നൽകിയത്. അതേ സമയം എല്ലാ ബന്ദികളെയും ഉടൻ മോചിപ്പിക്കണമെന്ന് ഹമാസിനോട് ആവർത്തിച്ച് ട്രംപ്. ഖത്തർ ആക്രമണം ട്രംപിനെ അറിയിച്ചത് യുഎസ് സൈന്യമെന്ന് വൈറ്റ് ഹൗസും സ്ഥിരീകരിച്ചു.

അതേ സമയം, ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ വലിയ ആശങ്കയെന്ന് ഇന്ത്യ. മേഖലയിലെ സമാധാനവും സുരക്ഷയും അപകടത്തിലാക്കരുതെന്നും സംയമനം പാലിക്കണമെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. നയതന്ത്രത്തിന്റെ വഴി തേടണമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു. മേഖലയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ് ഇന്ത്യ.

വെടിനിർത്തൽ ധാരണകൾ സംബന്ധിച്ച ചർച്ചയ്ക്കിടെ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇന്ന് ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. ദോഹയിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഉഗ്രസ്‌ഫോടനം നടന്നത്. കത്താര പ്രവിശ്യയിൽ ആയിരുന്നു സ്ഫോടനം. ഒന്നിലധികം സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണ് വിവരം. ഉഗ്ര ശബ്ദം കേൾക്കുകയും പുക ഉയരുകയും ആയിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. ഹമാസ് ഉന്നത നേതൃത്വത്തെ ലക്ഷ്യം വെച്ചായിരുന്നു അക്രമണം എന്നാണ് സൂചന. ആക്രമണം ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു.