നീണ്ട 62 വർഷങ്ങൾക്കിടയിൽ ഒരു അമേരിക്കൻ പ്രസിഡന്‍റും അൽകാട്രാസ് ജയിലിന്‍റെ കാര്യത്തിൽ പുനർവിചിന്തനം നടത്തിയിട്ടില്ല
വാഷിങ്ടൺ: അമേരിക്കയെ എന്നല്ല ലോകത്തെ സംബന്ധിച്ചടുത്തോളം അത്രമേൽ കുപ്രസിദ്ധമാണ് അൽകാട്രാസ് ജയിൽ. 1963 ൽ അടച്ചുപൂട്ടിയ ജയിൽ ആറ് പതിറ്റാണ്ടായി അടഞ്ഞുകിടപ്പാണ്. നീണ്ട 62 വർഷങ്ങൾക്കിടയിൽ ഒരു അമേരിക്കൻ പ്രസിഡന്‍റും അൽകാട്രാസ് ജയിലിന്‍റെ കാര്യത്തിൽ പുനർവിചിന്തനം നടത്തിയിട്ടില്ല. എന്നാൽ ഇക്കാലയളവിൽ ഒരു അമേരിക്കൻ പ്രസിഡന്‍റും കൈക്കൊള്ളാത്ത തീരുമാനമെടുത്തിരിക്കുകയാണ് ഡോണൾഡ് ട്രംപ്. കുപ്രസിദ്ധമായ അൽകാട്രാസ് ജയിൽ വീണ്ടും തുറക്കാൻ ഉത്തരവിട്ടതായി അമേരിക്കൻ പ്രസിഡന്‍റ് അറിയിച്ചു.
സാൻ ഫ്രാൻസിസ്കോയ്ക്ക് സമീപമുള്ള കാലിഫോർണിയ ദ്വീപിലാണ് കുപ്രസിദ്ധമായ അൽകാട്രാസ് ജയിൽ സ്ഥിതി ചെയ്യുന്നത്. ഒരുകാലത്ത് യു എസിലെ ഏറ്റവും കഠിനമായ ജയിലുകളിൽ ഒന്നായിരുന്ന അൽകാട്രാസ്. ഇനി രാജ്യത്തെ ഏറ്റവും ക്രൂരരും അക്രമാസക്തരുമായ കുറ്റവാളികളെ ഇവിടെ പാർപ്പിക്കുമെന്നാണ് ട്രൂത്ത് സോഷ്യൽ എന്ന വെബ്‌സൈറ്റിൽ യു എസ് പ്രസിഡന്റ് കുറിച്ചത്. 'ഞാൻ ജയിൽ ബ്യൂറോയോട്, നീതിന്യായ വകുപ്പ്, എഫ് ബി ഐ, ഹോംലാൻഡ് സെക്യൂരിറ്റി എന്നിവരുമായി ചേർന്ന് നടത്തിയ ആലോചനയിലാണ് ജയിൽ വീണ്ടും തുറക്കാൻ തീരുമാനിച്ചത്' - എന്നാണ് ട്രംപ് ട്രൂത്തിൽ കുറിച്ചത്. പുതുക്കി പണിഞ്ഞ് വലുതാക്കിയ അൽകാട്രാസ് ജയിലിൽ ഇനി രാജ്യത്തെ ഏറ്റവും ക്രൂരരും അക്രമാസക്തരുമായ കുറ്റവാളികളെ പാർപ്പിക്കുമെന്നും ട്രംപ് വിശദീകരിച്ചു.
അൽകാട്രാസ് ജയിലിനെക്കുറിച്ച് അറിയാം
ഒരുകാലത്ത് പരമാവധി സുരക്ഷാ സംവിധാനങ്ങളുള്ള അമേരിക്കയിലെ ഫെഡറൽ ജയിലായിരുന്ന അൽകാട്രാസ് ജയിൽ. കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. പണ്ട് കോട്ടയായിരുന്ന ഇവിടം 1912 ൽ യു എസ് ആർമി മിലിട്ടറി ജയിലാക്കി മാറ്റി. പിന്നീട് 1934 ൽ കെട്ടിടങ്ങൾ നവീകരിക്കുകയും സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്ത ശേഷം ഇത് ഫെഡറൽ ബ്യൂറോ ഓഫ് പ്രിസണാക്കി മാറ്റി. മൂന്ന് നിലകളുള്ള ജയിൽ ഹൗസ് യു എസിലെ ഏറ്റവും ശക്തമായ സുരക്ഷാ സംവിധാനങ്ങളുള്ള ജയിലാണെന്നാണ് പറയപ്പെടുന്നത്. ഒറ്റപ്പെട്ട സാഹചര്യം, തണുത്ത വെള്ളം, ശക്തമായ സമുദ്ര പ്രവാഹങ്ങൾ, സ്രാവുകളുടെ സാന്നിധ്യം എന്നിവയാൽ ആർക്കും ഇവിടെ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്നാണ് കരുതപ്പെടുന്നത്. ഉയർന്ന അറ്റകുറ്റപ്പണി ചെലവുകളും മോശം സാഹചര്യങ്ങളും കാരണം 1963 ൽ അൽകാട്രാസ് ജയിൽ അടച്ചുപൂട്ടി. 1972 ൽ യു എസ് സർക്കാർ ദ്വീപ് നാഷണൽ പാർക്ക് സർവീസിന് (എൻ പിഎ സ്) കൈമാറി, അത് പിന്നീട് ഗോൾഡൻ ഗേറ്റ് നാഷണൽ റിക്രിയേഷൻ ഏരിയയുടെ ഭാഗമായി. ഈ ജയിലാണ് ഇപ്പോൾ നവീകരിച്ച് തുറക്കാൻ വേണ്ടി ട്രംപ് ഉത്തരവിട്ടിരിക്കുന്നത്. ജയിൽ തുറക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ ബ്യൂറോ ഓഫ് പ്രിസൺസ്, നീതി ന്യായ വകുപ്പ്, എഫ് ബി ഐ, ഹോംലാൻഡ് സെക്യൂരിറ്റി എന്നിവർക്ക് നിർദേശം നൽകിയതായി പ്രസിഡന്‍റ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.


