ന്യൂയോർക്ക്: കൊവിഡ് വൈറസിനെ തുടർന്ന് ഏറ്റവും കൂടുൽ പേർ മരണപ്പെടുന്ന രാജ്യമായി അമേരിക്ക. ഇന്ത്യൻ സമയം ശനിയാഴ് രാത്രി പത്തര മണിക്കുള്ള കണക്ക് അനുസരിച്ച് 19,833 പേരാണ് അമേരിക്കയിൽ കൊവിഡ് ബാധിച്ചു മരിച്ചത്. 

ഇന്നലെ രണ്ടായിരത്തിലേറെ മരണങ്ങൾ റിപ്പോർട്ട് ചെയ്ത അമേരിക്കയിൽ ഇന്നത്തെ ദിവസം ആയിരത്തിലേറെ മരണങ്ങൾ ഇതിനോടകം റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. കൊവിഡ് രോഗം ബാധിച്ചു മരിക്കുന്ന ലോകത്തെ അഞ്ചിലൊരാൾ അമേരിക്കകാരനാകുന്ന അവസ്ഥയാണ് കണക്കുകൾ പരിശോധിക്കുമ്പോൾ കാണുന്നത്. 

ഇത്രയും നാൾ ഇറ്റലിയായിരുന്നു മരണനിരക്കിൽ മുന്നിലുണ്ടായിരുന്ന രാജ്യം. ഏറ്റവും ഒടുവിൽ 619 പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്ത ഇറ്റലിയിൽ ആകെ മരണസംഖ്യ 19,468 ആയിട്ടുണ്ട്. സ്പെയിനിൽ 16,353 പേരും ഫ്രാൻസിൽ 13,197 പേരും കൊവിഡ് രോഗം ബാധിച്ച് മരിച്ചു. ബ്രിട്ടനിലും മരണസംഖ്യ പതിനായിരത്തിന് മുകളിലാണ്. 

ലോകത്തെ ആകെ കൊവിഡ് മരണങ്ങളിൽ  തൊണ്ണൂറ് ശതമാനത്തിലേറെയും അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലുമാണ് എന്നതാണ് നിലവിലെ അവസ്ഥ. ആദ്യഘട്ടത്തിൽ രോഗവ്യാപനം നിയന്ത്രിക്കപ്പെട്ടിരുന്ന ജർമ്മനി അടക്കമുള്ള രാജ്യങ്ങളിൽ രോഗവ്യാപനം ശക്തമിപ്പെട്ടതും മരണനിരക്കേറിയതും ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കൂടി മുന്നറിയിപ്പാണ്.