ന്യൂയോര്‍ക്ക്: ചൈനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്ക. പുല്‍വാമ ആക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരനായ ജയ്ഷെ- ഇ -മുഹമ്മദ് തലവൻ മസൂദ് അസർ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നത് തടയുന്ന ചൈനയുടെ നടപടിക്കെതിരെയാണ് വിമർശനം. 

സ്വന്തം രാജ്യത്ത് മുസ്ലിംകൾക്കെതിരെ പ്രവർത്തിക്കുന്ന ചൈന രാജ്യത്തിന് പുറത്ത് മുസ്ലിം ഭീകരവാദികളെ സഹായിക്കുകയാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആരോപിച്ചു. അതിനിടെ ബ്രിട്ടനെയും ഫ്രാൻസിനെയും സഹായത്തോടെയും മസൂദ് അസർ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയം യുഎസ് വീണ്ടും ഐക്യരാഷ്ട്രസംഘടനയിൽ കൊണ്ടുവന്നു.

ലോകത്തിന് മുന്നില്‍ ചൈന നടത്തുന്ന ഈ നാടകം ഇനിയെങ്കിലും അവസാനിപ്പിക്കണം. ഒരു വശത്ത് സ്വന്തം രാജ്യത്ത് പത്ത് ലക്ഷത്തോളം വരുന്ന ഉഗൈര്‍ വംശജ്ഞരായ മുസ്ലീങ്ങളെ അടിച്ചമര്‍ത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്ന ചൈന മറ്റൊരു വശത്ത് ആഗോള മുസ്ലീം തീവ്രവാദികളെ സംരക്ഷിക്കുകയാണ്. അപകടകാരികളായ ഇസ്ലാമിക തീവ്രവാദികള്‍ക്കെതിരെ ഐക്യരാഷ്ട്രസഭ സ്വീകരിക്കുന്ന നടപടികള്‍ അട്ടിമറിക്കുന്നത് ചൈനയാണ് - മൈക്ക് പോംപിയോ പറയുന്നു. 

പുല്‍വാമ ഭീകരാക്രമണം ആസൂത്രണം ചെയ്ത പാക്ഭീകരര്‍ മസൂദ്ദ് അസ്ഹറിനെ ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ല അമേരിക്കയുടെ നീക്കം ചൈന രക്ഷാസമിതിയില്‍ വീറ്റോ ചെയ്തതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ അമേരിക്കന്‍ ഭരണകൂടം നിലപാട് കടുപ്പിച്ചത്. 

ഫ്രാന്‍സ്, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതി മുന്‍പാകെ ഇതേ ആവശ്യമുന്നയിച്ച് ഒരു പ്രമേയം കൂടി കൊണ്ടു വരാനാണ് അമേരിക്കയുടെ നീക്കം. ഇക്കുറി ശക്തമായ സമ്മര്‍ദ്ദമാണ് ചൈനയ്കക്ക് മേലെ അമേരിക്ക ചെലുത്തുന്നത്. ഇതിന് മുന്നോടിയായാണ് ചൈനയിലെ മുസ്ലീംവംശജ്ഞരുടെ പ്രശ്നങ്ങള്‍ അമേരിക്ക ചര്‍ച്ചയാകുന്നതെന്നാണ് സൂചന.