അമേരിക്കയിൽ അതിശക്തമായ ശീതക്കാറ്റും മഞ്ഞുവീഴ്ചയും ജനജീവിതം സ്തംഭിപ്പിച്ചു. ഇതുവരെ 30 പേർ മരിക്കുകയും നിരവധിയിടങ്ങളിൽ വൈദ്യുതി ബന്ധം തകരാറിലാവുകയും ചെയ്തു. വ്യോമ ഗതാഗതം താറുമാറായതിനെ തുടർന്ന് ആയിരക്കണക്കിന് വിമാന സർവീസുകൾ റദ്ദാക്കി.
വാഷിങ്ടൺ : അതിശക്തമായ ശീതക്കാറ്റിലും മഞ്ഞുവീഴ്ചയിലും അമേരിക്ക തണുത്തു വിറയ്ക്കുന്നു. നോർത്ത് ഈസ്റ്റ് ഭാഗങ്ങളിൽ മഞ്ഞുവീഴ്ച രൂക്ഷമാണ്. 2100 കിലോ മീറ്റർ ദൂരത്തിൽ, 30 സെന്റീമീറ്റർ ഉയരത്തിൽ മഞ്ഞ് വീഴ്ചയുണ്ടായി. ഇതുവരെ പുറത്ത് വന്ന കണക്കുകൾ പ്രകാരം 30 പേർ മരിച്ചു. പലയിടങ്ങളിലും വൈദ്യുതി ബന്ധം താറുമാറായത് സ്ഥിതി കൂടുതൽ രൂക്ഷമാക്കി.
വ്യോമ ഗതാഗതവും താറുമാറായിരിക്കുകയാണ്. ശനിയാഴ്ച മുതൽ ഏകദേശം 19,000-ത്തിലധികം വിമാനങ്ങളാണ് ആകെ റദ്ദാക്കപ്പെട്ടത്. ഇതിൽ ഞായറാഴ്ച മാത്രം 11,000-ത്തിലധികം വിമാനങ്ങൾ റദ്ദാക്കി. തിങ്കളാഴ്ച 5,900 വിമാനങ്ങളും റദ്ദാക്കി. 19000-ത്തിലധികം വിമാനങ്ങൾ വൈകുകയും ചെയ്തു. ന്യൂയോർക്കിലെ ലാഗ്വാർഡിയ, ജെ.എഫ്.കെ, ഫിലാഡൽഫിയ, വാഷിംഗ്ടൺ റീഗൻ നാഷണൽ, ഡാളസ്-ഫോർട്ട് വർത്ത് എന്നീ വിമാനത്താവളങ്ങളിലെ ഭൂരിഭാഗം സർവീസുകളും തടസ്സപ്പെട്ടു. ഡാളസ്-ഫോർട്ട് വർത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 749 റദ്ദാക്കലുകളും 501 കാലതാമസങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് രാജ്യത്തുടനീളം 20-ഓളം സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച് വരികയാണ്. യാത്രക്കാർ വിമാനത്താവളങ്ങളിലേക്ക് തിരിക്കുന്നതിന് മുൻപ് വിമാനക്കമ്പനികളുടെ വെബ്സൈറ്റുകളോ ആപ്പുകളോ വഴി വിമാനങ്ങളുടെ നിലവിലെ സ്ഥിതി പരിശോധിക്കാൻ നിർദ്ദേശമുണ്ട്.


