ഇന്ത്യയിലെ യുഎസ് എംബസി പ്രസിഡന്റ് ട്രംപിന്റെ ആശംസ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

ദില്ലി: 77-ാം റിപ്പബ്ലിക്ക് ദിനത്തിൽ ഇന്ത്യക്ക് ആശംസകളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയും അമേരിക്കയും പങ്കുവെക്കുന്നത് ചരിത്രപരമായ ഒരു വലിയ കൂട്ടുക്കെട്ടാണെന്നും ലോകത്തിലെ ഏറ്റവും വലുതും ഏറ്റവും പഴയതുമായ രണ്ട് ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വരും വർഷങ്ങളിൽ കൂടുതൽ ശക്തമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യയിലെ യുഎസ് എംബസി പ്രസിഡന്റ് ട്രംപിന്റെ ആശംസ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

Scroll to load tweet…

റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം

എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം. രാവിലെ പത്തരയോടെ ദേശീയ യുദ്ധസ്മാരകത്തിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കർത്തവ്യപഥിലേക്ക് എത്തി. ഈ വർഷത്തെ വിശിഷ്ടാതിഥികളായ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവർക്കൊപ്പം രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവും പരേഡിന് സാക്ഷിയാകാന്‍ കർത്തവ്യ പഥിലേക്കെത്തി. പ്രതിരോധ രം​ഗത്ത് സൈനിക കരുത്തും സ്വയം പര്യാപ്തതയും വിളിച്ചോതിക്കൊണ്ടാണ് സേനകൾ പരേഡിൽ തിളങ്ങിയത്. സിന്ദൂർ ഫോർമേഷനിൽ വ്യോമസേന വിമാനങ്ങൾ അണി നിരന്നു. വിവിധ സേനാ വിഭാ​ഗങ്ങള്‍ ആയുധ ശേഷിയിലുള്ള കരുത്ത് പ്രദര്‍ശിപ്പിച്ചു. കൗതുകകാഴ്ച്ചയായി കരസേനയുടെ വെറ്റിനറി സംഘവും രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം പതിനൊന്നാമതായി കേരളത്തിന്റെ നിശ്ചല ദൃശ്യം റിപ്പബ്ലിക് ദിന പരേഡിനിറങ്ങി. സമ്പൂ‌ർണ ഡിജിറ്റൽ സാക്ഷരതയും വാട്ടർമെട്രോയും പ്രമേയമാക്കിയ പ്ലോട്ടിനെകുറിച്ച് പ്രധാനമന്ത്രി വിശിഷ്ടാതിഥികളോട് വിവരിച്ചു. ജെല്ലിക്കെട്ട് പ്രമേയമാക്കിയ തമിഴ്നാടിന്റെ പ്ലോട്ടും കൈയടി നേടി.