ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 'ബുണ്ടിബുഗ്യോ' എന്ന പുതിയ എബോള വകഭേദം പടരുന്നതിനെ തുടർന്ന് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നിലവിലെ വാക്സീനുകൾക്ക് പ്രതിരോധിക്കാൻ കഴിയാത്ത ഈ വൈറസ്, ഉഗാണ്ട പോലുള്ള അയൽരാജ്യങ്ങളിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

ദില്ലി: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ അതിമാരകമായ എബോള വൈറസിന്റെ പുതിയ വകഭേദം പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അയൽരാജ്യമായ ഉഗാണ്ടയിലേക്കും രോഗം വ്യാപിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്നാണ് ഈ നീക്കം. കോംഗോയുടെ വടക്കുകിഴക്കൻ പ്രവിശ്യകളിൽ 'ബുണ്ടിബുഗ്യോ' എന്ന എബോള വൈറസ് വകഭേദമാണ് പടരുന്നത്. ഇതുവരെ ഈ മേഖലയിൽ മാത്രം 80 പേർ മരിച്ചു. എട്ട് പേർ രോഗബാധിതരായി ചികിത്സയിലുണ്ട്. 246 പേർക്ക് രോഗബാധ സംശയിക്കുകയും ചെയ്യുന്നുണ്ട്. ഇതൊരു മഹാമാരി അടിയന്തിരാവസ്ഥയല്ലെന്നും എന്നാൽ കോംഗോയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ അതീവ ശ്രദ്ധ വേണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.

Add Asianetnews as a Preferred SourcegooglePreferred

അതീവ ഗുരുതരമായ പ്രതിസന്ധിയാണ് ഈ വകഭേദം സൃഷ്ടിച്ചിരിക്കുന്നത്. നിലവിലെ വാക്സീനുകൾക്ക് പ്രതിരോധിക്കാൻ കഴിയാത്തതാണ് ഈ വകഭേദമെന്നാണ് വിവരം. കോംഗോയിലെ അതിർത്തി കടന്ന് ഉഗാണ്ട ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിലേക്ക് വൈറസ് വ്യാപിക്കുന്നത് തടയാൻ അന്താരാഷ്ട്ര തലത്തിൽ ഏകോപിതമായ നീക്കം വേണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. എന്നാൽ ആഭ്യന്തര യുദ്ധങ്ങളും ജനങ്ങളുടെ പലായനവും രോഗബാധിത പ്രദേശങ്ങളിലേക്കുള്ള ആരോഗ്യ പ്രവർത്തകരുടെ പ്രവേശനം ദുഷ്‌കരമാക്കുന്നുണ്ട്. ഇത് പ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു.

കടുത്ത പനി, രക്തസ്രാവം, തളർച്ച, പേശി വേദന എന്നിവയാണ് എബോള രോഗത്തിൻ്റെ പ്രധാന ലക്ഷണങ്ങൾ. രോഗബാധിതരുടെ ശരീരസ്രവങ്ങളിലൂടെയാണ് വൈറസ് പടരുന്നത്. വൈറസിനെ നിയന്ത്രിക്കുന്നതിനായി കൂടുതൽ മെഡിക്കൽ സഹായം ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അന്താരാഷ്ട്ര ഏജൻസികൾ. 2014-2016 കാലഘട്ടത്തിൽ പശ്ചിമാഫ്രിക്കയിൽ ഉണ്ടായതിന് സമാനമായ ഒരു വലിയ പകർച്ചവ്യാധി ഒഴിവാക്കുകയാണ് ലക്ഷ്യം.