വിയറ്റ്നാമിൽ വിമാനമിറങ്ങവെ മക്രോണിന്റെ മുഖത്ത് ചുവന്ന വസ്ത്രമിട്ട കൈ പതിഞ്ഞ വീഡിയോ വൈറലായി. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് ഭാര്യ ബ്രിജിറ്റിന്റെ തമാശയായിരുന്നുവെന്ന് മക്രോണിന്റെ ഓഫീസ് വിശദീകരിച്ചു.

പാരിസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ മുഖം ചുവന്ന വസ്ത്രമിട്ട ഒരു കൈ തള്ളിമാറ്റുന്ന വീഡിയോ സോഷ്യൽ മീഡ‍ിയയിൽ വലിയ തോതിൽ വൈറലായിരുന്നു. വിയറ്റ്നാമിലെത്തിയ മക്രോൺ, ഫ്ലൈറ്റിൽ നിന്നിറങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു ക്യാമറയിൽ പതിഞ്ഞ ഈ തള്ളിമാറ്റൽ. ഭാവഭേദമില്ലാതെ കൈയുയർത്തി വീശിയ മക്രോൺ ചുവപ്പ് വസ്ത്രമിട്ട ഭാര്യ ബ്രിജിറ്റിനൊപ്പം ഇറങ്ങുന്നത് കണ്ടാൽ ആ കൈ ബ്രിജിറ്റിന്റേത് തന്നെ എന്നുറപ്പാകും. എന്നാൽ ഇത് ആദ്യം നിഷേധിക്കുകയായിരുന്നു മക്രോണിന്റെ ഓഫീസ്. വീഡിയോയും മാക്രോണിന്‍റെ ഓഫീസിന്‍റെ നിഷേധവും സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ പിന്നീട് അവർ നിലപാട് മാറ്റി. അത് ഭാര്യ ബ്രിജിറ്റിന്‍റെ കൈ തന്നെയാണെന്ന് മാക്രോണിന്‍റെ ഓഫീസ് സമ്മതിച്ചു. പരസ്പരം തമാശ കാട്ടിയുള്ള കളിയാക്കലായിരുന്നുവെന്നും ഗൂഢാലോചന കഥകൾക്ക് സ്ഥാനമില്ല എന്നുമാണ് ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ വിശദീകരണം.

Scroll to load tweet…

വിശദ വിവരങ്ങൾ ഇങ്ങനെ

വിയറ്റ്‌നാം സന്ദർശനത്തിനായി എത്തിയതാണ് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണും ഭാര്യ ബ്രിജിറ്റ് മക്രോണും. വിയറ്റ്‌നാം തലസ്ഥാനമായ ഹാനോയ് വിമാനത്താവളത്തിൽ മക്രോൺ വിമാനമിറങ്ങിയപ്പോളാണ് ഇപ്പോൾ വൈറലായ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഫ്രഞ്ച് എയര്‍ഫോഴ്സ് വണിന്റെ ഡോര്‍ തുറന്നതിന് പിന്നാലെ മക്രോണിന്റെ മുഖത്ത് ചുവ്ന വസ്ത്രമിട്ട ഒരു കൈ പതിക്കുന്നതാണ് വീഡിയോയിലുള്ളത്. ഏതാനും സെക്കൻഡുകൾ മാത്രമുള്ള വീഡിയോയിൽ ഈ കൈകള്‍ ആരുടേതെന്ന് വ്യക്തമല്ല. പക്ഷേ അടികിട്ടിയെന്ന് തോന്നിക്കുന്ന അമ്പരപ്പ് മക്രോണിന്റെ മുഖത്ത് പ്രകടമായിരുന്നു. എന്നാൽ താഴേക്കിറങ്ങുമ്പോൾ ഏവരെയും പുഞ്ചിരിച്ചുകൊണ്ട് മക്രോൺ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നുണ്ട്. ഇത് സോഷ്യൽ മീഡിയയെ കൺഫ്യൂഷനിലാക്കി. മക്രോണിനൊപ്പം ഭാര്യ ബ്രിജിറ്റ് മക്രോൺ മാത്രമാണ് ഉണ്ടായിരുന്നത്. ഇരുവരും ഒരുമിച്ചാണ് വിമാനത്തിൽ നിന്ന് ഇറങ്ങിയത്. ഇതിന് പിന്നാലെയാണ് വീഡിയോ വൈറലായത്. സോഷ്യൽ മീഡിയക്ക് പിന്നാലെ ഫ്രഞ്ച് മാധ്യമങ്ങളും ദൃശ്യങ്ങൾ ഏറ്റെടുത്തതോടെ വലിയ ചർച്ചയായി മാറി. ആദ്യം നിഷേധിച്ച പ്രസിഡന്‍റിന്‍റെ ഓഫീസ് പിന്നീട് വീഡിയോ അംഗീകരിക്കുകയായിരുന്നു. പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഇരുവർക്കും വിഷമം തോന്നാത്തൊരു തമാശയായിരുന്നു ആ വീഡിയോ എന്നാണ് മക്രോണിന്റെ ഓഫീസ് വിശദീകരിച്ചത്. ഒരാഴ്ച നീണ്ടുനിൽക്കുന്ന തെക്കുകിഴക്കൻ ഏഷ്യൻ പര്യടനത്തിനാണ് മക്രോൺ വിയറ്റ്നാമിൽ തുടക്കം കുറിച്ചത്. യാത്രയുടെ ഭാഗമായി ഫ്രഞ്ച് പ്രസിഡന്‍റ് ഇന്തോനേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലുമെത്തും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം