നേരത്തേ നീരവ് നല്‍കിയ ജാമ്യാപേക്ഷ ലണ്ടന്‍ കോടതി തള്ളിയിരുന്നു. സാമ്പത്തിക തട്ടിപ്പിന്‍റെ വ്യാപ്തി കണക്കിലെടുത്താണ് അന്ന് ജാമ്യം നിഷേധിച്ചത്. 

ലണ്ടൻ: വെസ്റ്റ്മിൻസ്റ്റർ കോടതിയിൽ നീരവ് മോദിയുടെ ജാമ്യ ഹർജിയിൽ വാദം തുടങ്ങി. സിബിഐയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും നീരവിന് ജാമ്യം നൽകരുതെന്ന് വാദിച്ചു. നീരവിനെതിരായ കൂടുതൽ തെളിവുകളും അന്വേഷണ ഏജൻസികൾ ഹാജരാക്കി. അതേ സമയം എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് സംഘത്തിലെ ജോയിന്‍റ് ഡയറക്ടർ സത്യബ്ര കുമാറിനെ കേസിന്‍റെ ചുമതലയിൽ നിന്ന് മാറ്റി. ഉദ്യോഗസ്ഥന്‍റെ കാലാവധി തീർന്നതിനാലാണ് മാറ്റം എന്നാണ് എൻഫോഴ്സ്മെൻറ് ഡയറക്ടടെ വിശദീകരണം. മാർച്ച് തുടക്കത്തിൽ അറസ്റ്റിലായ നീരവിനെ വിട്ടു കിട്ടണമെന്നാണ് ഇന്ത്യയുടെ ആവശ്യം.

സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് ലണ്ടനില്‍ അറസ്റ്റിലായ നീരവ് മോദിയുടെ ജാമ്യാപേക്ഷ ഇന്ത്യ ആദ്യമേ എതിര്‍ത്തിരുന്നു. ലണ്ടനിലെത്തുന്ന എന്‍ഫോഴ്സ്മെന്‍റ് സംഘം നീരവ് മോദിക്കെതിരായ തെളിവുകള്‍ ഹാജരാക്കുകയും ചെയ്തു. 

നേരത്തേ നീരവ് നല്‍കിയ ജാമ്യാപേക്ഷ ലണ്ടന്‍ കോടതി തള്ളിയിരുന്നു. സാമ്പത്തിക തട്ടിപ്പിന്‍റെ വ്യാപ്തി കണക്കിലെടുത്താണ് അന്ന് ജാമ്യം നിഷേധിച്ചത്. ജാമ്യത്തിൽ വിട്ടാൽ ഒളിവിൽപ്പോവാൻ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.

നീരവ് മോദി ലണ്ടനിൽ സ്വൈരജീവിതം നയിക്കുന്നു എന്ന റിപ്പോർട്ട് കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കുന്നതിനിടെ മാര്‍ച്ച് 20 നാണ് നീരവ് മോദിയെ അറസ്റ്റ് ചെയ്തത്. നരേന്ദ്രമോദി നീരവ് മോദിയെ സഹായിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് വിഷയമായി ഈ തട്ടിപ്പ് മാറുന്നതിനിടെയുള്ള നീരവ് മോദിയുടെ അറസ്റ്റ് ബിജെപിക്ക് ആശ്വാസമായിരിക്കുകയാണ്.