അന്യഗ്രഹ ജീവികൾക്കെന്ന പേരിൽ പുതിയ വെബ്സൈറ്റുമായി വൈറ്റ് ഹൗസ്. ആദ്യം നിഗൂഢത തോന്നുമെങ്കിലും അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ ലക്ഷ്യമിട്ടാണ് പുതിയ വെബ്സൈറ്റ് തുടങ്ങിയിരിക്കുന്നത്. അനധികൃത കുടിയേറ്റക്കാരുടെ അറസ്റ്റും മറ്റുമാണ് വെബ്സൈറ്റിൽ വിശദീകരിക്കുന്നത്. 

വാഷിങ്ടൺ ഡിസി: 'അവർ നമുക്കിടയിൽ നടക്കുന്നു' എന്ന ഒറ്റവരി വാചകവുമായി വൈറ്റ് ഹൗസ് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പുതിയൊരു വെബ്സൈറ്റിൻ്റെ ലിങ്ക് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്, 'ALIENS.GOV'. വെബ്സൈറ്റ് തുറന്നാൽ ഇതേ വാചകം തന്നെ ആദ്യം കാണാം. ഒറ്റനോട്ടത്തിൽ ഏലിയൻസ് അഥവ അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കാൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ നേതൃത്വത്തിലുള്ള ഭരണകൂടം തുടങ്ങിയ വെബ്സൈറ്റാണോ എന്ന് തോന്നിപ്പിക്കും വിധം നിഗൂഢത നിറഞ്ഞ പശ്ചാത്തലം. എന്തൊക്കെയോ രഹസ്യവിവരങ്ങൾ ഉൾക്കൊള്ളുന്നു എന്ന രീതിയിലാണ് വെബ്സൈറ്റ് നിർമിച്ചിരിക്കുന്നത്. വെബ്സൈറ്റ് തുറക്കുന്ന ഏതൊരാളും ആദ്യമൊന്ന് അമ്പരക്കുമെങ്കിലും സംഗതി അന്യഗ്രഹ ജീവികളോ നിഗൂഢതയോ മറ്റുമൊന്നുമല്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അമേരിക്കൻ ഭരണകൂടത്തിന് ഏലിയൻസ് അഥവ അന്യഗ്രഹ ജീവികൾ എന്നാൽ അമേരിക്കയിൽ അനധികൃതമായി താമസിക്കുന്ന വിദേശികളാണ്. അനധികൃത കുടിയേറ്റക്കാർക്കെതിരായ നടപടികൾ വിശദീകരിക്കാനായി വൈറ്റ് ഹൗസ് ആരംഭിച്ച പുതിയ വെബ്സൈറ്റാണ് 'ALIENS.GOV'. അനധികൃത കുടിയേറ്റക്കാരുടെ അറസ്റ്റ് നടപടികളെക്കുറിച്ചാണ് വെബ്സൈറ്റിൽ വിശദീകരിക്കുന്നത്.

വെബ്സൈറ്റിൽ പറയുന്നത് ഇങ്ങനെ: "അവർ നമുക്കിടയിൽ നടക്കുന്നു. 60 വർഷമായി യുഎസ് ഗവൺമെന്റ് അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന ഒരു കാര്യമുണ്ട്. നമുക്കിടയിൽ ജീവിച്ചും നമ്മുടെ അയൽപക്കങ്ങളിൽ താമസിച്ചും നമ്മുടെ ദൈനംദിന ജീവിതത്തിൽ ഇടപഴകിയും അന്യഗ്രഹ ജീവികൾ നമുക്കിടയിൽ തന്നെയുണ്ട്. അവർ ഒരേ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങി, നമ്മുടെ കുട്ടികൾ പഠിക്കുന്ന അതേ ക്ലാസുകളിൽ പങ്കുചേർന്നു, പുറമെ നോക്കിയാൽ സാധാരണ മനുഷ്യരെപ്പോലെ അവർ ജീവിച്ചു. ഒരു വ്യത്യാസം മാത്രം—അവർ ഇവിടുള്ളവരല്ല.

ദശലക്ഷക്കണക്കിന് ആളുകൾ ഇരുട്ടിന്റെ മറവിൽ ഇവിടെയെത്തുകയും നമ്മുടെ സമൂഹത്തിന്റെ ഭാഗമാവുകയും ചെയ്തു. എന്താണ് സംഭവിക്കുന്നതെന്ന് അസംഖ്യം പ്രസിഡന്റുമാർക്കും കോൺഗ്രസ് അംഗങ്ങൾക്കും ഉന്നത ഉദ്യോഗസ്ഥർക്കും കൃത്യമായി അറിയാമായിരുന്നു. അമേരിക്കൻ പൗരന്മാരെ സംരക്ഷിക്കുന്നതിനു പകരം, ഈ അധിനിവേശത്തെ മൂടിവെക്കാനും അതിന് വേഗത കൂട്ടാനുമാണ് അവർ ശ്രമിച്ചത്.

ഒടുവിൽ ഒരാൾ സത്യം പറയാനുള്ള ധൈര്യം കാണിക്കുന്നതുവരെ. ധീരമായി. വിട്ടുവീഴ്ചകളില്ലാതെ. ഭയമില്ലാതെ. ഓരോ അമേരിക്കൻ കുടുംബത്തിനും ഓരോ സമൂഹത്തിനും നമ്മുടെ രാജ്യത്തിന്റെ ഭാവിതന്നെയും ഈ അന്യഗ്രഹജീവികൾ ഉയർത്തുന്ന യഥാർത്ഥ ഭീഷണിയെക്കുറിച്ച് ആദ്യമായി തുറന്നുപറഞ്ഞത് പ്രസിഡന്റ് ട്രംപ് ആണ്. സത്യം ഇനി എവിടെയോ അല്ല. അത് ഇവിടെയുണ്ട്. ഇപ്പോൾ തന്നെ".

അനധികൃത കുടിയേറ്റക്കാരുടെ അറസ്റ്റ് ട്രാക്ക് ചെയ്യാം

രാജ്യത്തേക്ക് അനധികൃതമായി കുടിയേറി താമസിക്കുന്നവരുടെ അറസ്റ്റ് നടപടികളെക്കുറിച്ചാണ് 'ALIENS.GOV'ൽ വിശദീകരിക്കുന്നത്. ഇതുവരെ എത്ര ഏറ്റുമുട്ടലുകൾ ഉണ്ടായെന്നും യുഎസിൻ്റെ ഏതൊക്കെ ഭാഗങ്ങളിൽ നിന്നാണ് അനധികൃത കുടിയേറ്റക്കാർ അറസ്റ്റിലായതെന്നും വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അറസ്റ്റിലായവരുടെ രാജ്യം, ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ തുടങ്ങിയവയും രേഖപ്പെടുത്തിയിട്ടുണ്ട്. വെബ്സൈറ്റിൻ്റെ ഏറ്റവും താഴെ അനധികൃത കുടിയേറ്റക്കാരെന്ന് സംശയിക്കുന്നവരെക്കുറിച്ച് റിപ്പോർട്ട് ചെയ്യാനുള്ള ഓപ്ഷനും നൽകിയിട്ടുണ്ട്.

അമേരിക്കയിൽ ട്രംപ് അധികാരത്തിലേറിയ ശേഷം അനധികൃത കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടികൾ തുടരുന്നതിനിടെ ആണ് പുതിയ വെബ്സൈറ്റും അവതരിപ്പിച്ചിരിക്കുന്നത്.