ഗ്രീസിലെ പാത്രസിൽ നിന്ന് മാത്രം ഒഴിപ്പിച്ചത് രണ്ട് ലക്ഷത്തിലധികം പേരെയാണ്.
പാത്രസ്: തെക്കന്‍ യൂറോപ്പിനെ ചുട്ടെരിച്ച് കാട്ടുതീ പടരുന്നു. യൂറോപ്പില്‍ റെക്കോർഡ് കടന്ന് താപനില 42 ഡിഗ്രി സെല്‍ഷ്യസ് എത്തി. കനത്ത ചൂടിൽ പലയിടങ്ങളിലും കാട്ടുതീ പടർന്നു. ഗ്രീസിലും സ്പെയിനിലും തുർക്കിയിലും അൽബേനിയയിലും സ്ഥിതി രൂക്ഷം. ഗ്രീസിലെ പാത്രസിൽ നിന്ന് മാത്രം ഒഴിപ്പിച്ചത് രണ്ട് ലക്ഷത്തിലധികം പേരെയാണ്. ഇറ്റലിയിലെ 16 നഗരങ്ങളിൽ അത്യുഷ്ണ മുന്നറിയിപ്പ്. വരും ദിവസങ്ങളിലും കാട്ടുതീ അതിരൂക്ഷമായി തുടരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇരുപതിലധികം സ്ഥലങ്ങളിൽ കാട്ടുതീ വ്യാപിപ്പിച്ചിട്ടുണ്ട്.
സ്പെയിൻ, പോർച്ചുഗൽ, ഫ്രാൻസ്, ഇറ്റലി, ബാൾക്കൺസ്, ബ്രിട്ടൻ തുടങ്ങിയ നഗരങ്ങലിൽ ഈ ആഴ്ച അത്യുഷ്ണമുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ബുധനാഴ്ച പുലർച്ചെ മുതലാണ് ഗ്രീസിൽ കാട്ടു തീ രൂക്ഷമായത്. ഗ്രീസില്‍ കഴിഞ്ഞ ദിവസം മാത്രം 82 തീ പിടിത്തമാണ് റജിസ്റ്റർ ചെയ്തത്. 4,850 അഗ്നിശമന സേനാംഗങ്ങളും 33 വിമാനങ്ങളും തീയണക്കാനായി വിന്യസിച്ചിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കുന്നതിനിടെ സൈനികർ ഉൾപ്പെടെ ഒന്നിലധികം പേർ മരിച്ചു. പതിനഞ്ചോളം പേർക്ക് പരുക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഉയര്‍ന്ന ഉഷ്ണതരംഗ മര്‍ദ്ദമായ ജൂലിയ തെക്കു പടിഞ്ഞാറന്‍ ജർമനിയിലെത്തി. വിവിധ ഇടങ്ങളിൽ പകൽ താപനില 33 ഡിഗ്രി സെല്‍ഷ്യസ് എത്തി. താപനില ഏകദേശം 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം കാട്ടുതീ തടയാനുള്ള അടിയന്തര പ്രതികരണ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനായി യുഎഇ പ്രത്യേക സംഘങ്ങൾ അൽബേനിയ തലസ്ഥാനമായ ടിറാനയിലെത്തി. മേഖലയിലെ കാട്ടുതീ കെടുത്താനാവശ്യമായ അഗ്നിശമന വിമാനങ്ങൾ, ഉപകരണങ്ങൾ, വസ്‌തുക്കൾ എന്നിവയും യുഎഇ സംഭാവന ചെയ്യും. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരമാണ് യുഎഇ ഇടപെടൽ.


