ഇറാന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖാംനഇ നിർബന്ധിത ഹിജാബ് നിയമങ്ങളെ ന്യായീകരിച്ചു. പാശ്ചാത്യ മുതലാളിത്തം സ്ത്രീകളെ വസ്തുവൽക്കരിക്കുകയാണെന്നും, ഇസ്‌ലാം സ്ത്രീകളെ 'വീട്ടിലെ പുഷ്പം' പോലെ സംരക്ഷിക്കുന്നുവെന്നും അദ്ദേഹം വാദിച്ചു. 

ടെഹ്‌റാൻ: ഇസ്‌ലാമിക് റിപ്പബ്ലിക്കിന്‍റെ കർശനമായ വസ്ത്രധാരണ രീതികളെ ന്യായീകരിച്ച് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖാംനഇ. നിർബന്ധിത ഹിജാബ് നിയമങ്ങൾ പരസ്യമായി ലംഘിക്കുന്ന ഇറാനിയൻ വനിതകളുടെ എണ്ണം വർദ്ധിക്കുന്നതിനിടെയാണ്, അമേരിക്കയും പാശ്ചാത്യ മുതലാളിത്തവും സ്ത്രീകളുടെ അന്തസ്സ് ഇല്ലാതാക്കുകയാണെന്ന് ഖാംനഇ ഓൺലൈൻ പോസ്റ്റുകളിലൂടെ ആരോപിച്ചത്. നിർബന്ധിത ശിരോവസ്ത്രം, ലിംഗ വിവേചനം, നിയമലംഘനങ്ങൾക്കുള്ള കഠിനമായ ശിക്ഷകൾ എന്നിവയടങ്ങിയ ഇസ്‌ലാമിക് റിപ്പബ്ലിക്കിന്‍റെ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് പാശ്ചാത്യ നിലപാടുകളേക്കാൾ ധാർമ്മികമായി ശ്രേഷ്ഠമെന്ന് ഖാംനഇ 'എക്സി'ൽ കുറിച്ചു. സ്ത്രീകളോടും പെൺകുട്ടികളോടുമുള്ള ഇറാന്‍റെ നിലപാടുകൾ ആഗോള തലത്തിൽ വിമർശിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഈ അഭിപ്രായ പ്രകടനം.

ഇസ്‌ലാമിക കാഴ്ചപ്പാടും പാശ്ചാത്യ മുതലാളിത്തവും

സമൂഹത്തിന്‍റെ പ്രാഥമിക ഉത്തരവാദിത്തം 'സാമൂഹിക പെരുമാറ്റത്തിലും കുടുംബത്തിനുള്ളിലും നീതി' ഉറപ്പാക്കുകയാണെന്നും, ഒരു സ്ത്രീയുടെ 'സുരക്ഷിതത്വവും അന്തസ്സും മാനവും' സർക്കാരുകൾ സംരക്ഷിക്കണമെന്നും ഖാംനഇ വാദിച്ചു. പാശ്ചാത്യ മുതലാളിത്തം സ്ത്രീകളെ ഒരു വില്‍പ്പന വസ്തുവായി കണക്കാക്കുകയും അവരുടെ അടിസ്ഥാനപരമായ ആദരം കവർന്നെടുക്കുകയും ചെയ്യുന്നു എന്നും അദ്ദേഹം ആരോപിച്ചു. 'ഒരു സ്ത്രീയുടെ സുരക്ഷിതത്വം, അന്തസ്സ്, മാനം എന്നിവ സംരക്ഷിക്കുന്നത് സ്ത്രീകളുടെ അവകാശങ്ങളിൽപ്പെട്ടതാണ്. ഒരു സ്ത്രീയുടെ അന്തസ്സ് സംരക്ഷിക്കപ്പെടണം. ദുഷിച്ച മുതലാളിത്ത യുക്തി സ്ത്രീകളുടെ അന്തസ്സിനെ ചവിട്ടിമെതിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു' ഖാംനഇ എഴുതി. പാശ്ചാത്യ രാജ്യങ്ങളിൽ സ്ത്രീകൾ 'ഭൗതിക ചൂഷണത്തിന്' ഇരയാകുന്നുണ്ടെന്നും, ഒരേ ജോലിക്ക് പുരുഷന്മാരേക്കാൾ കുറഞ്ഞ വേതനമാണ് അവർക്ക് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീട്ടിലെ പുഷ്പം: ഇസ്‌ലാം നൽകുന്ന സ്ഥാനം

ഇസ്‌ലാമിന്‍റെ ചട്ടക്കൂടുമായി താരതമ്യം ചെയ്തുകൊണ്ട്, സ്ത്രീകൾക്ക് 'സ്വാതന്ത്ര്യം, മുന്നോട്ട് പോകാനും പുരോഗമിക്കാനുമുള്ള കഴിവ്, വ്യക്തിത്വം' എന്നിവയുണ്ടെന്ന് ഖാംനഇ വാദിച്ചു. ഇത് മുതലാളിത്ത സമൂഹങ്ങളിലെ മനുഷ്യത്വരഹിതമായ സംസ്കാരത്തിൽ നിന്ന് വിഭിന്നമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്‌ലാം സ്ത്രീകളെ 'വീട്ടിലെ ഒരു പുഷ്പം പോലെ'യാണ് കാണുന്നതെന്നും, വീട്ടുജോലിക്കായി മാത്രം ചുരുക്കപ്പെടാതെ പരിചരണം അർഹിക്കുന്നവരാണെന്നും അദ്ദേഹം മതപരമായ ഉദ്ധരണികളോടെ വാദിച്ചു.

"സ്ത്രീകൾ വീടിന്‍റെ മാനേജരാണ്, അല്ലാതെ നിങ്ങളുടെ ദാസിയല്ല. ഒരു പൂവിനെ പരിപാലിക്കുകയും സംരക്ഷിക്കുകയും വേണം, അത് അതിന്‍റെ നിറവും സൗരഭ്യവും ഗുണങ്ങളും കൊണ്ട് നിങ്ങൾക്ക് സമ്പന്നത നൽകും," അദ്ദേഹം കുറിച്ചു. മറിയം (മേരി), ഫറവോന്‍റെ ഭാര്യ എന്നിവരെപ്പോലെയുള്ള ഖുർആനിക വ്യക്തിത്വങ്ങളെ ഉദാഹരണമായി ചൂണ്ടിക്കാട്ടി, ഇസ്‌ലാം സ്ത്രീകൾക്ക് നൽകുന്ന പദവിയും അദ്ദേഹം വിശദീകരിച്ചു.

അമേരിക്കൻ മുതലാളിത്തത്തിനെതിരെ വിമർശനം

യുഎസിലെ കുടുംബഘടന തകരാൻ കാരണം അമേരിക്കൻ മുതലാളിത്തമാണെന്ന് ഖാംനഇ ആരോപിച്ചു. "പിതാവില്ലാത്ത കുട്ടികൾ, കുടുംബബന്ധങ്ങൾ ഇല്ലാതാവുക, കുടുംബഘടനയുടെ നാശം, യുവതികളെ ഇരയാക്കുന്ന ഗുണ്ടാസംഘങ്ങൾ, സ്വാതന്ത്ര്യം എന്ന പേരിൽ വർധിച്ചു വരുന്ന ലൈംഗിക അരാജകത്വം! ഇത്തരത്തിലുള്ള ദുരവസ്ഥ പാശ്ചാത്യ രാജ്യങ്ങളിലെ കുടുംബങ്ങളുടെ നില പ്രതിഫലിപ്പിക്കുന്നു, അവർ ഇതിനെ 'സ്വാതന്ത്ര്യം' എന്ന് വിളിക്കുന്നു!" അദ്ദേഹം കുറിച്ചു.

കൂടാതെ, പാശ്ചാത്യ സമൂഹങ്ങളിൽ സ്ത്രീകൾ എങ്ങനെയാണ് 'ഭോഗവസ്തുക്കളായി' ചിത്രീകരിക്കപ്പെടുന്നതെന്നതിന് 'ക്രിമിനൽ സംഘങ്ങളെ' ഖാംനഇ തെളിവായി ചൂണ്ടിക്കാട്ടി. "പാശ്ചാത്യ മുതലാളിത്ത സംസ്കാരത്തിൽ, സ്ത്രീകൾ ആസ്വാദനത്തിനുള്ള വസ്തുക്കളായിട്ടാണ് വീക്ഷിക്കപ്പെടുന്നത്. അടുത്തിടെ അമേരിക്കയിൽ കോളിളക്കം സൃഷ്ടിച്ച ക്രിമിനൽ സംഘങ്ങൾ ഇതിന് വ്യക്തമായ സൂചനയാണ്' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മനുഷ്യാവകാശ സംഘടനകളുടെ മറുവാദം

സ്ത്രീകളുടെ തുല്യതയുടെ പ്രധാന അളവുകളിൽ പാശ്ചാത്യ രാജ്യങ്ങൾ ഇറാന് വളരെ മുന്നിലാണെന്ന് സ്വതന്ത്ര മനുഷ്യാവകാശ ഗ്രൂപ്പുകൾ നിരന്തരം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇറാനിൽ സ്ത്രീകൾ ലിംഗപരമായ വിവേചനത്തിന്‍റെ കീഴിലാണ് ജീവിക്കുന്നതെന്ന് സെന്‍റർ ഫോർ ഹ്യൂമൻ റൈറ്റ്സ് ഇൻ ഇറാൻ വ്യക്തമാക്കുന്നു. ഏഴ് വയസ് മുതൽ നിർബന്ധിത ഹിജാബ്, ഒമ്പത് വയസിൽ പോലും കുട്ടികളെ വിവാഹം കഴിക്കാൻ അനുവദിക്കുന്ന നിയമങ്ങൾ, ഗാർഹിക പീഡനത്തിൽ നിന്നും അഭിമാനക്കൊലകളിൽ നിന്നും നിയമപരമായ സംരക്ഷണം ഇല്ലാത്ത അവസ്ഥ എന്നിവ ഇറാന്റെ യാഥാർത്ഥ്യമാണ്.