ആണവായുധം പ്രയോഗിക്കേണ്ട ആവശ്യം ഞങ്ങള്‍ക്കില്ല, രാഷ്ട്രീയപരമായും സൈനിക പരമായും അത്തരമൊരു ഉദ്ദേശം ഇല്ല. പാശ്ചാത്യരുടെ നയങ്ങള്‍ കൂടുതല്‍ കുഴപ്പങ്ങളാണ് സൃഷ്ടിക്കുന്നത്. കാറ്റ് വിതയ്ക്കുന്നവന്‍ ചുഴലിക്കാറ്റ് കൊയ്യുമെന്നും പുടിന്‍

യുക്രൈയ്നെതിരെ ആണവായുധം ഉപയോഗിക്കില്ലെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ. യുദ്ധത്തിന് ഇന്ധനം പകരുന്നത് പാശ്ചാത്യ രാജ്യങ്ങളാണെന്നും ഗുരുതര ആരോപണമാണ് റഷ്യന്‍ പ്രസിഡന്‍റ് നടത്തിയിട്ടുള്ളത്. യുക്രൈനെതിരായ സംഘർഷത്തിൽ സൈനികമായും സാമ്പത്തികമായും നഷ്ടമുണ്ടെങ്കിലും ആത്യന്തിക വിജയം റഷ്യക്കായിരിക്കുമെന്നും റഷ്യൻ പ്രസിഡണ്ട് പറഞ്ഞു. വ്യാഴാഴ്ച വിദേശയ നയത്തെക്കുറിച്ചുള്ള ഒരു കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു പുടിന്‍.

ആണവായുധം പ്രയോഗിക്കേണ്ട ആവശ്യം ഞങ്ങള്‍ക്കില്ല, രാഷ്ട്രീയപരമായും സൈനിക പരമായും അത്തരമൊരു ഉദ്ദേശം ഇല്ലെന്നും കോണ്‍ഫറന്‍സില്‍ പുടിന്‍ പറഞ്ഞു. അമേരിക്കയും സഖ്യ രാജ്യങ്ങളും ചേര്‍ന്ന് അവരുടെ നയങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. ഈ ആധിപത്യ മത്സരം അപകടകരവും വൃത്തിയില്ലാത്തതും രക്തരൂഷിതവുമെന്നാണ് പുടിന്‍ അഭിപ്രായപ്പെട്ടത്. പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ രൂക്ഷമായ ആരോപണങ്ങള്‍ നിറഞ്ഞതാണ് കോണ്‍ഫറന്‍സ് വേദിയിലെ പുടിന്‍റെ പ്രസംഗം.

പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മനുഷ്യരാശിയോട് അവരുടെ ഇഷ്ടം അടിച്ചേല്‍പ്പിക്കാന്‍ സാധിക്കാത്ത വിലയില്‍ എത്തിയിട്ടും അതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളുടെ ഇത്തരം ശ്രമങ്ങളെ സഹിക്കാനോ അംഗീകരിക്കാനോ ഭൂരിപക്ഷം രാഷ്ട്രങ്ങളും തയ്യാറല്ലെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കയും അവരുടെ സഖ്യ കക്ഷികളും അവരുടെ നിയമങ്ങള്‍ അടിസ്ഥാനമാക്കി ലോകത്തെ ഒരേ രീതിയിലാക്കാനാണ് ശ്രമിക്കുന്നത്. ഈ അടിച്ചേല്‍പ്പിക്കലിന് പാശ്ചാത്യ രാജ്യങ്ങള്‍ പിന്തുണ നല്‍കിയെന്നും പുടിന്‍ ആരോപിക്കുന്നു. പാശ്ചാത്യരുടെ നയങ്ങള്‍ കൂടുതല്‍ കുഴപ്പങ്ങളാണ് സൃഷ്ടിക്കുന്നത്. കാറ്റ് വിതയ്ക്കുന്നവന്‍ ചുഴലിക്കാറ്റ് കൊയ്യുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

തങ്ങളെ തകര്‍ക്കുന്ന ഒരുാട് പ്രശ്നങ്ങളെ കൂട്ടി വയ്ക്കുകയോ അല്ലെങ്കില്‍ സുസ്ഥിരവും സുരക്ഷിതവുമാക്കാൻ കഴിയുന്ന പരിഹാരങ്ങൾ കണ്ടെത്താൻ ശ്രമിക്കുക എന്ന രണ്ട് കാര്യങ്ങളില്‍ നിന്ന് ഒന്ന് തെരഞ്ഞെടുക്കേണ്ട ഘട്ടത്തിലാണ് മനുഷ്യരാശി എത്തി നില്‍ക്കുന്നത്. റഷ്യയെ ദുര്‍ബല രാജ്യമാക്കി തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടാനാണ് പാശ്ചാത്യരുടെ നവലിബറലുകള്‍ ശ്രമിക്കുന്നതെന്നം പുടിന്‍ ആരോപിച്ചു. ഇതിലൊരിക്കലും അവര്‍ വിജയം നേടില്ലെന്നും റഷ്യന്‍ പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു. യുക്രൈനെതിരെ ഫെബ്രുവരി 24നാണ് റഷ്യ യുദ്ധം തുടങ്ങിയത്.