യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്. ബെയ്ജിങ്ങിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ, ഇരുരാജ്യങ്ങൾക്കുമിടയിൽ സഹകരണമുണ്ടാകണമെന്ന് ഷി ജിൻപിങ് ആഹ്വാനം ചെയ്തു. എതിരാളികളാകുയല്ല, പങ്കാളികളാകുകയാണ് വേണ്ടതെന്നും ചൈനീസ് പ്രസിഡൻ്റ് പറഞ്ഞു. 

ബെയ്ജിങ്: യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ സഹകരണത്തിന് ആഹ്വാനം ചെയ്ത് ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്. ഇരുരാജ്യങ്ങൾക്കുമിടയിൽ ഏറ്റുമുട്ടലല്ല, പകരം സഹകരണമാണ് വേണ്ടതെന്ന് ബെയ്ജിങ്ങിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ ഷി ജിൻപിങ് പറഞ്ഞു. ലോകമെമ്പാടും ഒരു നൂറ്റാണ്ടിൽ കണ്ടിട്ടില്ലാത്ത പരിവർത്തനം നടക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ ഷി ജിൻപിങ്, ലോകത്തെ രണ്ട് വൻ ശക്തികളായ ചൈനയും യുഎസും എതിരാളികളാകുയല്ല, പങ്കാളികളാകുകയാണ് വേണ്ടതെന്നും ഷി ജിൻപിങ് വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

ഒൻപത് വർഷത്തിന് ശേഷം ചൈനീസ് സന്ദർശനത്തിന് എത്തിയ ട്രംപിനെ സ്വാഗതം ചെയ്ത, ഷി ജിൻപിങ്, കൂടിക്കാഴ്ചയിൽ വളരെ സന്തോഷമുണ്ടെന്നും പറഞ്ഞു. യുഎസ് - ചൈന കൂടിക്കാഴ്ചയെ ലോകം മുഴുവൻ ഉറ്റുനോക്കുകയാണെന്ന് ഷി ജിൻപിങ് പറഞ്ഞു. നിലവിൽ, ലോകമെമ്പാടും ഒരു നൂറ്റാണ്ടിൽ കണ്ടിട്ടില്ലാത്ത പരിവർത്തനം നടക്കുകയാണ്. അന്താരാഷ്ട്ര സ്ഥിതി അസ്ഥിരവും പ്രക്ഷുബ്ധവുമാണ്. ലോകം ഒരു പുതിയ വഴിത്തിരിവിൽ എത്തിയിരിക്കുകയാണെന്നും ചൈനീസ് പ്രസിഡൻ്റ് പറഞ്ഞു.

ചൈനയ്ക്കും യുഎസിനുമിടയിൽ ഒരു പുതിയ മാതൃക സൃഷ്ടിക്കാൻ കഴിയുമോ എന്നും ഷി ജിൻപങ് ചോദിച്ചു. "ആഗോള വെല്ലുവിളികളെ ഒരുമിച്ച് നേരിടാനും ലോകത്തിന് കൂടുതൽ സ്ഥിരത നൽകാനും നമുക്ക് കഴിയുമോ? നമ്മുടെ രണ്ട് ജനങ്ങളുടെയും മനുഷ്യരാശിയുടെ ഭാവിയുടെയും താൽപര്യങ്ങൾക്കായി, നമ്മുടെ ഉഭയകക്ഷി ബന്ധങ്ങൾക്ക് ഒരുമിച്ച് ഒരു ശോഭനമായ ഭാവി കെട്ടിപ്പടുക്കാൻ നമുക്ക് കഴിയുമോ"- ഷി ജിൻപിങ് ചോദിച്ചു.

യുഎസിനും ചൈനയ്ക്കും പൊതുവായ താൽപര്യങ്ങളുണ്ടെന്ന് താൻ വിശ്വസിക്കുന്നു. ഒന്നിലെ വിജയം മറ്റൊന്നിനുള്ള അവസരമാണ്. സ്ഥിരതയുള്ള ഒരു ഉഭയകക്ഷി ബന്ധം ലോകത്തിന് നല്ലതാണ്. ചൈനയ്ക്കും അമേരിക്കയ്ക്കും സഹകരണത്തിൽനിന്ന് നേട്ടങ്ങളും ഏറ്റുമുട്ടലിൽനിന്ന് നഷ്ടങ്ങളും നേരിടേണ്ടിവരും. നമ്മൾ എതിരാളികളല്ല, പങ്കാളികളായിരിക്കണം. പരസ്പരം വിജയിക്കുകയും അഭിവൃദ്ധി പ്രാപിക്കുകയും പുതിയ യുഗത്തിൽ പ്രധാന രാജ്യങ്ങൾ പരസ്പരം നന്നായി ഒത്തുചേരുന്നതിനുള്ള ശരിയായ വഴി കണ്ടെത്തുകയും വേണമെന്നും ചൈനീസ് പ്രസിഡൻ്റ് പറഞ്ഞു. ഉഭയകക്ഷി ബന്ധങ്ങളിൽ ഒരു പുതിയ അധ്യായം തുറക്കാൻ ഇരു നേതാക്കൾക്കും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുമെന്നും ചൈനീസ് പ്രസിഡന്റ് പ്രത്യാശ പ്രകടിപ്പിച്ചു.