ഇറാൻ അനുകൂല ഹാക്കർ ഗ്രൂപ്പുകൾ മിഡിൽ ഈസ്റ്റിലെ യുഎസ് സൈനികർക്കും കുടുംബാംഗങ്ങൾക്കും ഭീഷണി സന്ദേശങ്ങൾ അയക്കുന്നതായി റിപ്പോർട്ട്. 'ഹന്താല' എന്ന സംഘം സൈനികരുടെ വിവരങ്ങൾ ചോർത്തിയതായി അവകാശപ്പെടുന്നുണ്ടെങ്കിലും, ഇത് സൈനികരുടെ ആത്മവീര്യം തകർക്കാനുള്ള മനഃശാസ്ത്രപരമായ നീക്കമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വെടിനിർത്തലിലൂടെ താൽക്കാലികമായി ശാന്തമായിരിക്കെ, യുഎസ് സൈനികർക്ക് നേരെ സൈബർ ആക്രമണവുമായി ഇറാൻ അനുകൂല ഹാക്കർ ഗ്രൂപ്പുകൾ. മിഡിൽ ഈസ്റ്റിൽ വിന്യസിച്ചിരിക്കുന്ന യുഎസ് മറീൻ കോർപ്‌സ് അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഹാക്കർമാർ ഭീഷണി സന്ദേശങ്ങൾ അയച്ചതായി നേവൽ ക്രിമിനൽ ഇൻവെസ്റ്റിഗേറ്റീവ് സർവീസ് വെളിപ്പെടുത്തി. 'ഹന്താല' എന്ന ഹാക്കർ ഗ്രൂപ്പാണ് ഇതിന് പിന്നിലെന്നാണ് സൂചന.
"നിങ്ങളുടെ ഐഡന്‍റിറ്റി ഞങ്ങളുടെ മിസൈൽ യൂണിറ്റുകൾക്ക് കൃത്യമായി അറിയാം, നിങ്ങളുടെ ഓരോ ചലനവും ഞങ്ങളുടെ നിരീക്ഷണത്തിലാണ്" എന്നായിരുന്നു സൈനികർക്ക് ലഭിച്ച ഒരു സന്ദേശം. ഭീഷണി സന്ദേശങ്ങൾക്കൊപ്പം ഏകദേശം 2,379 യുഎസ് സൈനികരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയതായും ഹാക്കർമാർ അവകാശപ്പെട്ടു. എന്നാൽ, ഇത്തരം സന്ദേശങ്ങൾ പരിഭ്രാന്തി സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും നേരിട്ടുള്ള ശാരീരിക ഭീഷണി നിലവിലില്ലെന്നുമാണ് എൻസിഐഎസ് വ്യക്തമാക്കുന്നത്. പല സൈനികരും ഈ സന്ദേശങ്ങൾക്ക് പരിഹാസരൂപേണ മറുപടി നൽകുന്നതായും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ മാർച്ചിൽ എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിന്‍റെ സ്വകാര്യ ഇമെയിൽ അക്കൗണ്ട് ഹാക്ക് ചെയ്തതും ഇതേ ഗ്രൂപ്പാണെന്ന് കരുതപ്പെടുന്നു. സൈനികരും അവരുടെ കുടുംബാംഗങ്ങളും ഓൺലൈൻ സുരക്ഷ കർശനമാക്കണമെന്നും അപരിചിതമായ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും നേവി സെക്രട്ടറി കഴിഞ്ഞ മാസം പ്രത്യേക നിർദ്ദേശം നൽകിയിരുന്നു. സാങ്കേതികമായ തടസങ്ങൾ സൃഷ്ടിക്കുന്നതിനേക്കാൾ സൈനികരുടെ ആത്മവീര്യം തകർക്കാനുള്ള മനഃശാസ്ത്രപരമായ യുദ്ധമുറയാണ് ഇറാൻ ഇപ്പോൾ പയറ്റുന്നതെന്നാണ് വിദഗ്‍ധരുടെ വിലയിരുത്തൽ. ഗൾഫ് മേഖലയിൽ നിലവിൽ വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും സൈബർ ഇടങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പോരാട്ടം ശക്തമായി തുടരുകയാണ്.


