കോന്നി: ത്രികോണ മത്സരം നടന്ന കോന്നിയിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കൂട്ടിയും കിഴിച്ചും ജയ പ്രതീക്ഷ വച്ചുപുലർത്തുകയാണ് മുന്നണികൾ. പോളിംഗ് ശതമാനത്തിൽ ഉണ്ടായ നേരിയ കുറവ് ജയസാധ്യതയെ ബാധിക്കില്ലെന്നാണ് സ്ഥാനാർത്ഥികളുടെ പ്രതീക്ഷ.

പോളിംഗ് ശതമാനം കുറഞ്ഞതോടെ ബൂത്ത് അടിസ്ഥാനത്തിലുള്ള കണക്കുകൾ ശേഖരിച്ച് വിശകലനം ചെയ്യുകയാണ് മുന്നണികൾ. മലയോരമേഖലകളിലടക്കം ശക്തികേന്ദ്രങ്ങളിൽ മെച്ചപ്പെട്ട പോളിംഗ് ഉണ്ടായി എന്നത് ഇടത് പക്ഷത്തിന് പ്രതീക്ഷ  നൽകുന്നു. മലയോര മേഖലയായ സീതത്തോട്, ചിറ്റാർ എന്നിവിടങ്ങൾക്കൊപ്പം മലയാലപ്പുഴ, കലഞ്ഞൂര്‍ ഏനാദിമംഗലം എന്നീ മേഖലകളിലും ഇടത് വോട്ടുകൾ ഏറെ പോൾ ചെയ്യപ്പെട്ടിട്ടുണ്ട്.

Read More: മഴയോട് മത്സരിച്ച് മലയോരമേഖലയിൽ കനത്ത പോളിംഗ്: കോന്നിക്കാറ്റ് ആർക്ക് അനുകൂലം?

അടൂർ പ്രകാശിനെ എന്നും തുണയായ ഈഴവ വോട്ട് ബാങ്ക് ഇത്തവണ തങ്ങൾക്കൊപ്പം നിന്നെന്നാണ് ഇടത് വിലയിരുത്തൽ. അടൂർ പ്രകാശിനെ ഒന്നും അല്ലാതാക്കിയ യുഡിഎഫ് നേതൃത്വത്തോടുള്ള അനുയായികളുടെ എതിർപ്പ് ഇടത് പാളയത്തിലേക്ക് വോട്ടായി എത്തുമെന്നും എൽഡിഎഫ് പ്രതീക്ഷിക്കുന്നു. അടൂർ പ്രകാശിനെ കടന്നാക്രമിച്ച് നടത്തിയിരുന്ന സിപിഎം പ്രചാരണത്തിൽ ഇത്തവണ അടൂരിനെ കുറിച്ച് മൌനം പാലിച്ചതും ഇതേ കണക്കുകൂട്ടലിൽ തന്നെയായിരുന്നു.

ന്യൂനപക്ഷ വോട്ടുകളിലെ നല്ല വിഹിതവും ഇത്തവണ ലഭിക്കുമെന്നുമാണ് ഇടത് മുന്നണി കരുതുന്നത്. കോന്നിയിൽ പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കാൻ കഴിയുമെന്നാണ് ഇടത് സ്ഥാനാർത്ഥി കെ യു ജനീഷ് കുമാറിന്റെ പ്രതീക്ഷ. അതോടൊപ്പം ബിജെപിയിലെ ഒരു വിഭാഗം കോൺഗ്രസ്സിന് അനുകൂലമായി വോട്ട് ചെയ്തെന്ന ആരോപണവും ഇടത് സ്ഥാനാർത്ഥി ആരോപിക്കുന്നു.

Read More: കോന്നിയിൽ പോളിംഗ് ദ്രുതഗതിയിൽ; മലയോരമേഖലയും തെരഞ്ഞെടുപ്പിൽ സജീവം

മറുവശത്ത് എൻഎസ്എസ് പിന്തുണ ലഭിച്ചതും പരമ്പരാഗതമായി ലഭിച്ചുകൊണ്ടിരിക്കുന്ന ക്രിസ്ത്യൻ വോട്ടുകൾ നഷ്ടമായിട്ടില്ലെന്നതുമാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രതീക്ഷ. യുഡിഎഫിൽ ഒരു തരത്തിലുള്ള അനൈക്യവും ഉണ്ടായിട്ടില്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥി ആവർത്തിക്കുന്നു. അടൂർ പ്രകാശിന്റെ അസാന്നിധ്യത്തെ ചൊല്ലിയുള്ള ചോദ്യത്തിന് 'ആ പാവത്തിനെ എന്തിനാണ് വിവാദത്തിലേക്ക് വലിച്ചിടുന്നതെന്നായിരുന്നു' പി മോഹൻരാജിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പ് ദിനം ഇവിടെ പ്രത്യേക ജോലികളൊന്നും ഇല്ലാതിരുന്നതിനാൽ മാത്രമാണ് അടൂർ പ്രകാശ് ദില്ലിയിൽ പോയതെന്നും മോഹൻ രാജ് വിശദീകരിക്കുന്നു. കോന്നിയിൽ അഞ്ചക്കത്തിന് മുകളിൽ ഭൂരിപക്ഷം ലഭിക്കുമെന്നാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രതീക്ഷ.

Read More: 'വിട്ടു നിന്നിട്ടില്ല, വെറുതെ ചർച്ചയാക്കേണ്ട', കോന്നിയിലെ അസാന്നിധ്യത്തെക്കുറിച്ച് അടൂർ പ്രകാശ്

ഒരു വിഭാഗം ഓർത്തഡോക്സ് സഭാ വിശ്വാസികളുടെ പിന്തുണയും ശബരിമല വിഷയവും ഇക്കുറിയും തുണക്കുമെന്നുമാണ് എൻഡിഎ സ്ഥാനാ‍ർത്ഥിയുടെ കണക്ക് കൂട്ടൽ. യുഡിഎഫിലെ അടിയൊഴുക്ക് അനുകൂലമാകുമെന്നും കെ സുരേന്ദ്രൻ കരുതുന്നു. 'കഴിഞ്ഞ തവണ കിട്ടാതിരുന്ന വോട്ടുകളും ഇത്തവണ ലഭിക്കും.ന്യൂന പക്ഷ വോട്ടുകളിൽ കടന്നു കയറ്റം നടത്താൻ എൻഡിഎയ്ക്കായി. ഇക്കുറിയും നായർ സമുദായങ്ങളുടെ വോട്ട് തങ്ങൾക്ക് കിട്ടി. എന്നാൽ ചരിത്രത്തിലില്ലാത്തവിധം യുഡിഎഫ് ജാതീയമായി പ്രചാരണം നടത്തി. ഈ പ്രചാരണം തെരഞ്ഞെടുപ്പിൽ വിലപ്പോവില്ലെ'ന്നും ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ പറഞ്ഞു. യുഡിഎഫിലെ അടിയൊഴുക്ക് ബിജെപിക്ക് അനുകൂലമാകുമെന്നും ബിജെപി കരുതുന്നു.

കോൺഗ്രസിലെ സംഘടനാപ്രശ്നങ്ങളും പ്രാദേശിക വിഷയങ്ങളും നിലനിൽക്കെ തന്നെ ത്രികോണമത്സരത്തിനൊടുവിൽ മതസാമുദായിക സമവാക്യങ്ങൾ തന്നെയായിരിക്കും കോന്നിയിൽ വിജയം നിർണയിക്കുന്ന ഘടകമെന്നാണ് വിലയിരുത്തപ്പെടുന്നത്.