മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി ശങ്കർ റൈയെ കപടഹിന്ദു എന്ന് വിളിച്ച ചെന്നിത്തലയോട് പിണറായി ചോദിച്ചത് 'ഹിന്ദുവിന്‍റെ അട്ടിപ്പേറവകാശം തന്‍റെ കക്ഷത്താണോ ഇരിക്കുന്നതെന്നാണ്'... 

ആലപ്പുഴ: കേരളത്തിന്‍റെ മുഖ്യമന്ത്രി പാഷാണം വർക്കിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മഞ്ചേശ്വരത്ത് വിശ്വാസിയാകുമ്പോൾ മറ്റ് മണ്ഡലങ്ങളിൽ അദ്ദേഹം നവോത്ഥാന നായകന്‍റെ പട്ടം എടുത്തണിയും. ധൈര്യമുണ്ടെങ്കിൽ ശബരിമല യുവതീപ്രവേശനത്തിൽ സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കുന്നുണ്ടോ എന്ന് മുഖ്യമന്ത്രി വീണ്ടും വ്യക്തമാക്കട്ടെ. അതുകൊണ്ട് ഈ വിശ്വാസിയുടെയും നവോത്ഥാന നായകന്‍റെയും പട്ടം അങ്ങ് അഴിച്ചു വയ്ക്കുകയാണ് പിണറായിക്ക് നല്ലതെന്നും രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർത്ഥി ശങ്കർ റൈയെ 'കപടഹിന്ദു' എന്ന് വിളിച്ച ചെന്നിത്തലയ്ക്ക് എതിരെ മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഖ്യമന്ത്രി ആഞ്ഞടിച്ചിരുന്നു. 'ഹിന്ദുവിന്‍റെ അട്ടിപ്പേറവകാശം തന്‍റെ കക്ഷത്ത് ആരാണ് വച്ചു തന്നത്?', എന്നാണ് പിണറായി ചോദിച്ചത്. 

Read more at: 'ഹിന്ദുവിന്‍റെ അട്ടിപ്പേറവകാശം തന്‍റെ കക്ഷത്താണോ ഇരിക്കുന്നത്?', ചെന്നിത്തലയോട് പിണറായി

''നവോത്ഥാനത്തിന്‍റെ അട്ടിപ്പേറവകാശം സ്വന്തം കക്ഷത്തിലാക്കാൻ അദ്ദേഹം ശ്രമിച്ചിട്ട് പരാജയപ്പെട്ടു പോയി. അതിലെ ജാള്യതയാണ് അദ്ദേഹം എന്‍റെ നേർക്ക് തീർക്കുന്നത്. ഞാനതിന്‍റെ അട്ടിപ്പേറാകാൻ ആഗ്രഹിക്കുന്നില്ല. ഞാൻ തിരഞ്ഞ മതേതരവാദിയാണ്. ആ നിലപാടുമായേ മുന്നോട്ടുപോകൂ'', എന്ന് ചെന്നിത്തല.

പരസ്പരവിരുദ്ധമായ നിലപാടുകളാണ് മഞ്ചേശ്വരത്തും മറ്റ് നാല് മണ്ഡലങ്ങളും മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ശബരിമലയിൽ നിലപാട് തെറ്റിപ്പോയെന്ന് തുറന്നു പറയാൻ താങ്കൾ തയ്യാറാകാത്തത് എന്താണ്? അപ്പോൾ ഇപ്പോഴും സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കുന്നു എന്നല്ലേ അതിന്‍റെ അർത്ഥം? മണ്ഡല - മകരവിളക്ക് കാലം വരാൻ പോവുകയാണ്. അപ്പോൾ യുവതികളെ കയറ്റാൻ അദ്ദേഹം തയ്യാറാകുമോ? ആ നടപടികളുമായാണോ മുഖ്യമന്ത്രി മുന്നോട്ടു പോകുന്നത്? - ചെന്നിത്തല ചോദിക്കുന്നു. 

മുഖ്യമന്ത്രിയുടെ പദത്തിന് ചേർന്ന നിലയിലല്ല പിണറായി പ്രസ്താവനകളും പ്രസംഗങ്ങളും നടത്തുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. ''മുഖ്യമന്ത്രിക്ക് സമനില തെറ്റി. സ്ഥലജലവിഭ്രാന്തിയാണ്. ഇവിടൊന്നും പറയാതെ മഞ്ചേശ്വരത്ത് പോയി ഇത് പറ‍ഞ്ഞതിന്‍റെ അർത്ഥം ജനങ്ങൾക്ക് മനസ്സിലാകും'', എന്ന് ചെന്നിത്തല. 

എൻഎസ്എസ്സിന്‍റെ ശരിദൂരം നിലപാടിനെ ചെന്നിത്തല സ്വാഗതം ചെയ്യുന്നു. എൻഎസ്എസ്സ് ശരിദൂരം പ്രഖ്യാപിച്ചപ്പോൾ ഇടത് നേതാക്കൾ അവർക്കെതിരായി. കിട്ടാത്ത മുന്തിരി പുളിക്കും എന്നതാണ് ഇടതിന്‍റെ സ്ഥിതി. ഇത്രയും ദിവസം കോടിയേരി ഇതല്ലല്ലോ പറഞ്ഞത്. എൻഎസ്എസ് നിലപാട് യുഡിഎഫിന് അനുകൂലമാകും. എൻഎസ്എസ്സും മറ്റ് സാമൂഹ്യപ്രസ്ഥാനങ്ങളും സർക്കാരിന്‍റെ കപട നാടകം തിരിച്ചറിയുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.