തിരുവനന്തപുരം: വട്ടിയൂർക്കാവിൽ കോരിച്ചൊരിയുന്ന മഴയാണ്. പക്ഷെ ചൂടേറിയ പ്രചാരണം വോട്ടായി എത്തുമെന്നതിൽ മുന്നണികൾക്ക്  ആശങ്ക തെല്ലുമില്ല. രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുമ്പോൾ തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലേക്ക് വോട്ട‍‍‍ർമാരുടെ  വലിയ ഒഴുക്കില്ലെങ്കിലും പോളിംഗ് ശതമാനത്തെ അതൊന്നും ബാധിക്കില്ലെന്നാണ് പ്രതീക്ഷ. 

ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന വട്ടിയൂർക്കാവ് നിയമസഭ മണ്ഡലത്തിൽ നഗരസഭയുടെ വികസനപ്രവർത്തനങ്ങളുടെ വിലയിരുത്തലാകും തെരഞ്ഞെടുപ്പ് എന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വി കെ പ്രശാന്ത് പ്രതികരിച്ചു. മികച്ച പ്രവർത്തനങ്ങൾ കാഴ്ച വച്ചത് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന ആത്മവിശ്വാസം ആണ് വി കെ പ്രശാന്ത് പങ്കു വയ്ക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിക്ക് എൻഎസ്എസ് പരസ്യ പിന്തുണ പ്രഖ്യാപിച്ച മണ്ഡലത്തിൽ സാമുദായിക വോട്ടുകൾക്ക് വലിയ പ്രാധാന്യം ഇല്ലെന്നും വി കെ പ്രശാന്ത് പറഞ്ഞു.

"

സാമുദായിക വികാരങ്ങൾക്ക് അപ്പുറം ചിന്തിക്കുന്ന പ്രബുദ്ധരായ വോട്ടർമാരാണ് വട്ടിയൂർക്കാവിലേത്. ഇത്തരം ചിന്തകൾക്ക് വോട്ടർമാരുടെ മനസിൽ ഇടമില്ല. യുവാക്കളാണ് ഇത്തവണ തെരഞ്ഞെടുപ്പിന്റെ ഗതി നിർണയിക്കുക. അവർ സാമുദായിക ചിന്തക്ക് ഒപ്പം നിൽക്കില്ല. പൂർണ വിജയം പ്രതീക്ഷിക്കുന്നുവെന്നും ഇടത് സ്ഥാനാർത്ഥി പറഞ്ഞു.

ബിജെപി സ്ഥാനാർത്ഥി  അഡ്വ. എസ് സുരേഷും നല്ല ആത്മവിശ്വാസത്തിലാണ്. വട്ടിയൂർക്കാവിലൂടെ ബിജെപിക്ക് മറ്റൊരു സീറ്റ് കൂടി ലഭിക്കുമെന്ന് സുരേഷ് പറഞ്ഞു. വികസനം കൊണ്ടു വരും വിശ്വാസം സംരക്ഷിക്കും എന്നതാണ് ബിജെപി വാഗ്ദാനം. ഇത് വട്ടിയൂർക്കാവിലെ ജനങ്ങൾ ഏറ്റെടുത്തു. ഈ വിഷയങ്ങളിൽ പക്ഷെ മറ്റ് മുന്നണികൾ ഒളിച്ചോടുകയാണ് ഉണ്ടായതെന്നും ബിജെപി സ്ഥാനാർത്ഥി കുറ്റപ്പെടുത്തി. 

"

 

Read More: കൊട്ടിക്കലാശത്തിൽ ഇളകി മറിഞ്ഞ് വട്ടിയൂർക്കാവ്; ഒപ്പത്തിനൊപ്പം മൂന്ന് മുന്നണികളും

മണ്ഡലത്തിലെ പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിയത് പതിയെയായിരുന്നു പ്രവർത്തനം തുടങ്ങിയതെങ്കിലും പിന്നീട് ബിജെപി മണ്ഡലത്തിൽ മുന്നേറ്റം നടത്തി. കൊട്ടിക്കലാശത്തിന് ശേഷം ബിജെപി ഒന്നാമതെത്തിയെന്നും സുരേഷ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. പക്ഷെ മഴ ആശങ്ക നൽകുന്നുണ്ടെന്ന് ബിജെപി സ്ഥാനാർത്ഥി തുറന്നു സമ്മതിക്കുന്നു. മഴ ഇത്തരത്തിൽ തുടർന്നു കഴിഞ്ഞാൽ ജനങ്ങൾക്ക് ബൂത്തുകളിലേക്ക് എത്തുന്നതിൽ തടസം ഉണ്ടാകുന്ന സ്ഥിതി ഉണ്ടാകുമെന്നും ഇത് ആശങ്കപ്പെടുത്തുന്നുണ്ടെന്നും അഡ്വ. സുരേഷ് പറ‌ഞ്ഞു.

വട്ടിയൂർക്കാവിൽ യുഡിഎഫ് ജയം സുനിശ്ചിതമെന്നായിരുന്നു മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മുൻ എംഎൽഎ കെ മുരളീധരന്റെ പ്രതികരണം. മഴ പോളിംഗിനെ സാധാരണ രീതിയിൽ ബാധിക്കുന്ന നിയോജക മണ്ഡലം ആണെങ്കിലും പോളിംഗ് ശതമാനം കുറയുന്നത് യുഡിഎഫിനെ ബാധിക്കില്ലെന്ന് മുരളീധരൻ ഉറപ്പിച്ച് പറയുന്നു. പൊതുവേ പോളിംഗ് കുറവായ മണ്ഡലത്തിൽ താൻ ആദ്യം മത്സരത്തിനിറങ്ങിയപ്പോൾ പോളിംഗ് കുറവായിരുന്നുവെങ്കിലും അത് വോട്ടിനെ ബാധിച്ചില്ലെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി.

"

നായര്‍ സമുദായത്തിന് 42 ശതമാനം പ്രാതിനിധ്യമുള്ള വട്ടിയൂര്‍ക്കാവില്‍ യുഡിഎഫിന് വോട്ടുറപ്പിക്കാന്‍ എന്‍എസ്എസ് സ്ക്വാഡിനെ തന്നെ രംഗത്തിറക്കിയത് എൽഡിഎഫ് ക്യാമ്പിൽ ആശങ്ക ഉണ്ടാക്കിയ കാഴ്ചയാണ് വട്ടിയൂർക്കാവിൽ കണ്ടത്. എന്‍എസ്എസ് വോട്ടുകളില്‍ കണ്ണുവച്ച ബിജെപിക്കും അത് അപ്രതീക്ഷിത ഷോക്കായി. പക്ഷെ‍ എൻഎസ്എസിന്‍റെ യുഡിഎഫ് അനുകൂല നയത്തിനെതിരെ വീടുകൾ കയറി നിലപാട് വിശദീകരിച്ചതിലൂടെ മണ്ഡലത്തിലെ പ്രബുദ്ധരായ വോട്ടർമാരെ തങ്ങൾക്ക് അനുകൂലമാക്കാൻ കഴിയുമെന്ന് ഇടത് മുന്നണി പ്രതീക്ഷിക്കുന്നു. 

Read More: ഉപതെരഞ്ഞെടുപ്പ്: വട്ടിയൂർക്കാവിൽ എൻഎസ്എസ് വോട്ടുകളും തനിക്ക് ലഭിക്കുമെന്ന് വി കെ പ്രശാന്ത്

താഴെ തട്ടിലുള്ള സമുദായ അംഗങ്ങളിലേക്കും എൻഎസ്എസിന്റെ ശരിദൂര നിലപാട് എത്തിക്കാൻ സജീവമായ ശ്രമങ്ങളാണ് ഇത്തവണ യു‍ഡിഎഫ് ക്യാമ്പ് മണ്ഡലത്തിൽ നടത്തിയത്. എൻഎസ്എസിന് നിർണായക സ്വാധീനം ഉള്ള മണ്ഡലത്തിൽ സാമുദായിക വോട്ടുകളുടെ ഏകീകരണം തങ്ങൾക്ക് അനുകൂലമാകുമെന്ന പൂർണ പ്രതീക്ഷയും അവർ പങ്കു വയ്ക്കുന്നു. 

ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന വട്ടിയൂർക്കാവ് നിയമസഭ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ പ്രചാരണങ്ങൾക്കൊപ്പം വിവാദങ്ങളും കൊഴുക്കുകയായിരുന്നു. മൂന്ന് പാര്‍ട്ടികള്‍ക്കും തുല്യശക്തിയുള്ള മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന മുന്നണി കടുത്ത പരീക്ഷണങ്ങളെയാവും നേരിടേണ്ടി വരിക. 

പടലപിണക്കങ്ങൾ മാറ്റി വച്ച് പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും പ്രചാരണരംഗത്ത് ശക്തമായി ഇടപെട്ടതോടെ അവസാന ലാപ്പിൽ ബിജെപിക്കും എല്‍ഡിഎഫിനും കടുത്ത മത്സരമാണ് യുഡിഎഫ് നൽകിയത്. അപ്രതീക്ഷിതമായി കിട്ടിയ എന്‍എസ്എസ് പിന്തുണ കോണ്‍ഗ്രസിന് എക്സ്ട്രാ ബോണസായി മാറുകയും ചെയ്തു.

Read More: വട്ടിയൂര്‍ക്കാവില്‍ പോരാട്ടം വിഐപി എംഎല്‍എയാവാന്‍: രണ്ടും, മൂന്നും സ്ഥാനങ്ങളും പ്രസക്തം

സീറ്റ് നിലനിര്‍ത്താനായി യുഡിഎഫ് മത്സരിക്കുമ്പോള്‍ തങ്ങളുടെ എ പ്ലസ് മണ്ഡലത്തില്‍ വിജയത്തില്‍ കുറഞ്ഞ ഒന്നും ബിജെപി ലക്ഷ്യമിടുന്നില്ല. എകെജി സെന്‍ററും നിയമസഭയും മുഖ്യമന്ത്രിയുടേയും പ്രതിപക്ഷനേതാവിന്‍റേയും ഒദ്യോഗിക വസതിയും സ്ഥിതി ചെയ്യുന്ന മണ്ഡലത്തില്‍ കഴിഞ്ഞ വട്ടം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എല്‍ഡിഎഫിന് അഭിമാനം തിരിച്ചു പിടിക്കാനുള്ള പോരാട്ടമാണിത്.