എറണാകുളം: ഒക്ടോബർ 21ന് നടക്കുന്ന തെരഞ്ഞെടുപ്പോടെ എറണാകുളം നിയമസഭാ മണ്ഡലം ഒരു റെക്കോര്‍ഡിടുകയാണ്. കേരളാ നിയമസഭയിലേക്ക് ഏറ്റവും കൂടുതല്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലം എന്ന റെക്കോർഡ്. രണ്ട് ഉപതെരഞ്ഞെടുപ്പുകൾ നടന്ന കേരളത്തിലെ ഏക ലോക്സഭാ മണ്ഡലവും എറണാകുളം ആണ്. ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിറ്റിങ് എംഎൽഎമാരുടെ രാജിയാണ് മൂന്നാമതും ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയിരിക്കുന്നത്. 

17–ാം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഹൈബി ഈഡൻ രാജിവച്ച ഒഴിവിലാണ് ഇത്തവണത്തെ ഉപതെരഞ്ഞെടുപ്പ്. കഴിഞ്ഞ രണ്ട് ഉപതെരഞ്ഞെടുപ്പില്‍ ഒരു തവണ എല്‍ഡിഎഫ് അട്ടിമറി വിജയം നേടിയപ്പോള്‍, രണ്ടാം തവണ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് കോട്ട നിലനിർത്തുകയായിരുന്നു. മൂന്നാം ഉപതെരഞ്ഞെടുപ്പ് ആര് നേടും എന്നാണ് ഇരുമുന്നണികളും ഉറ്റ് നോക്കുന്നത്.

'കോട്ട'യില്‍ വാഴുമോ വീഴുമോ?

കോണ്‍ഗ്രസിന്‍റെ പൊന്നാപുരം കോട്ടയെന്ന വിശേഷണമുള്ള മണ്ഡലമാണ് എറണാകുളം. എവിടെ തോറ്റാലും ഈ ഉപതെരഞ്ഞടുപ്പില്‍ 
എറണാകുളം നിലനിര്‍ത്തുമെന്ന ആത്മവിശ്വാസമാണ് യുഡിഎഫ്  പുലര്‍ത്തുന്നത്. 1957 മുതല്‍ മുതല്‍ 2016 വരെ നടന്ന 16 തെരഞ്ഞെടുപ്പില്‍ രണ്ട് തവണ മാത്രമാണ് എറണാകുളം കോണ്‍ഗ്രസിനെ കൈവിട്ടത്. 

ഇടത് വശം ചേര്‍ന്ന് നടന്ന ചരിത്രവും മണ്ഡലത്തിനുണ്ട്. ഈ ചരിത്രം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കാന്‍ കഴിയും എന്ന വിശ്വാസത്തിലാണ് എല്‍ഡിഎഫ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ കളത്തിലിറക്കി മണ്ഡലം പിടിക്കാം എന്ന് തന്നെയാണ് ഇടത് പക്ഷം പ്രതീക്ഷിക്കുന്നത്. 1987 ല്‍ എംകെ സാനുവും 1998 ല്‍ സെബാസ്റ്റ്യന്‍ പോളുമാണ് എറണാകുളത്ത് നിന്ന് വിജയിച്ച കോണ്‍ഗ്രസ് ഇതര സ്ഥാനാര്‍ത്ഥികള്‍. രണ്ടു പേരും ഇടത് സ്വതന്ത്രരായിട്ടായിരുന്നു മത്സരിച്ചത്. ഇത്തവണയും സ്വതന്ത്രനെ ഇറക്കിയാണ് ഇടത് പരീഷണം.

"

സ്ഥാനാര്‍ത്ഥികളുടെ സ്വാധീനം

ഹൈബിയുടെ ഒഴിവ്  എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയറുമായ ടി ജെ വിനോദ് തന്നെ നികത്തുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. ലത്തീന്‍ സമുദായ വോട്ടുകളുടെ പരമ്പരാഗത യുഡിഎഫ് ചായ്വാണ് ഈ ആത്മവിശ്വാസത്തിന്‍റെ പ്രധാന കാരണം. കോണ്‍ഗ്രസ് മുന്‍തൂക്കമുള്ള മണ്ഡലത്തില്‍ മറ്റിടങ്ങളിലുളളതിനെക്കാള്‍ ശക്തമായ സംഘടനാ സംവിധാനം ഉണ്ടെന്നതാണ് മറ്റൊരു കാരണമായി പാര്‍ട്ടി കാണുന്നത്. സംസ്ഥാനത്ത് പൊതുവില്‍ ഉണ്ടെന്ന് യുഡിഎഫുകാര്‍ വിശ്വസിക്കുന്ന സര്‍ക്കാര്‍ വിരുദ്ധ വികാരവും മണ്ഡലത്തിന് പരിചിതനായ സ്ഥാനാര്‍ത്ഥിക്ക് ഗുണം ചെയ്യും എന്നും യുഡിഎഫ് വിശ്വസിക്കുന്നു.

ഉപതെരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കാന്‍ ഇത്തവണയും കഴിയുമെന്നാണ് ഇടത് മുന്നണിയുടെ പ്രതീക്ഷ. അതിനായി സിപിഎം രംഗത്ത് ഇറക്കിയിരിക്കുന്നതാവട്ടെ മണ്ഡ‍ലത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ലത്തീന്‍ സമുദായത്തില്‍പ്പെട്ട ഹൈക്കോടതി അഭിഭാഷകന്‍ മനു റോയിയേയും. ലത്തീന്‍ സമുദായാംഗമായ മനു റോയിയുടെ സ്ഥാനാര്‍ഥിത്വം സമുദായ വോട്ടുകളില്‍ വലിയൊരു പങ്ക് ഇടത്തോട്ട് ചോര്‍ത്തുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്. 

പൊതുരാഷ്ട്രീയവും പാലാരിവട്ടം പാലം അഴിമതി പോലെയുള്ള വിഷയങ്ങളും ഉയര്‍ത്തിക്കാട്ടി എറണാകുളത്ത് പ്രതിരോധിക്കാനാകും എന്നാണ് അവര്‍ കണക്ക് കൂട്ടുന്നത്. ഉപതെരഞ്ഞെടുപ്പുകളിലെ അട്ടിമറി ചരിത്രവും എറണാകുളത്തെ ഇടതുമുന്നണി പ്രവര്‍ത്തകരെ കിനാവ് കാണാന്‍ പ്രേരിപ്പിക്കുന്നു. 

മുത്തു എന്ന വിളിപ്പേരില്‍ എറണാകുളത്തുകാര്‍ക്കിടയില്‍ സുപരിചിതനായ സി ജി രാജഗോപാലിന് മണ്ഡ‍ലത്തില്‍ പരിചയപ്പെടുത്തലിന്‍റെ ആവശ്യമില്ല. അതുകൊണ്ട് തന്നെ നിക്ഷ്പക്ഷ വോട്ടുകളില്‍ വലിയൊരളവ് രാജഗോപാലിന് നേടിയെടുക്കാന്‍ കഴിയുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. മണ്ഡലമാകെ വ്യക്തിബന്ധമുളള സി ജി രാജഗോപാലിലൂടെ അത് ഇരുപതിനായിരം കടത്താനായാല്‍ ജയത്തിന് തുല്യമായൊരു മൂന്നാം സ്ഥാനമായിട്ടാവും ബിജെപി അതിനെ കണക്കാക്കുക.

പ്രതിഫലിക്കുമോ വികസനവും അഴിമതിയും?

മെട്രോ നഗരത്തിലെ വികസനം തന്നെയാണ് തെരഞ്ഞെടുപ്പില്‍ മുഖ്യ പ്രചാരണ വിഷയമായത്. എറണാകുളത്തിന്റെ വികസനമെല്ലാം തങ്ങളാണ് കൊണ്ടുവന്നതെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്. എന്നാല്‍, മൂന്നര വർഷത്തെ പിണറായി സര്‍ക്കാറിന്‍റെ ഭരണവും കഴിഞ്ഞ യുഡിഎഫ് ഭരണവും ഒത്തുനോക്കൂ എന്നാണ് എൽഡിഎഫ് പറയുന്നത്. 

കേന്ദ്ര സർക്കാർ കൊച്ചിക്ക് അനുവദിച്ച പദ്ധതികളുടെ പേരിലാണ് ഇരുമുന്നണികളും മേനി നടിക്കുന്നെന്നാണ് ബിജെപിയുടെ അവകാശ വാദം. 
അഴിമതിക്കെതിരെ ഒരു വോട്ട് എന്ന പ്രചാരണ വാക്യം കുറിച്ച് പഞ്ചവടിപ്പാലം എന്ന് കോടതി വിളിച്ച പാലാരിവട്ടം പാലവും  ചർച്ചയായി. കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥയും എൽഡിഎഫ് ചർച്ചയാക്കിയിരുന്നു.റോഡ് നന്നാക്കാൻ മൂന്ന് വർഷമായി സർക്കാർ നയാപൈസ നൽകിയിട്ടില്ലെന്നാണ് യുഡിഎഫിന്റെ മറുപടി.

മണ്ഡലത്തിന്‍റെ ഭൂമിശാസ്ത്രവും രാഷ്ട്രീയ സ്വാധീനവും 

കൊച്ചി താലൂക്കിൽ കൊച്ചി നഗരസഭയുടെ 26-ആം വാർഡും കണയന്നൂർ താലൂക്കിലെ ചേരാനല്ലൂര്‍ പഞ്ചായത്തും ഇതേ താലൂക്കിൽ ഉൾപ്പെടുന്ന കൊച്ചി നഗരസഭയുടെ 27 മുതൽ 30 വരേയും 32,35, 52 മുതൽ 66 വരേയുള്ള വാർഡുകളും അടങ്ങിയതാണ് എറണാകുളം നിയമസഭാ മണ്ഡലം.

എറണാകുളം മണ്ഡലം പുതുക്കി നിർണയിച്ചപ്പോഴാണ് ചേരാനല്ലൂർ മണ്ഡലത്തിന്‍റെ ഭാഗമായത്. അതോടെ, എറണാകുളം യുഡിഎഫിന്റെ ഉരുക്ക് കോട്ടകളില്‍ ഒന്നായി. ചേരാനല്ലൂർ പഞ്ചായത്തിൽ ഇതുവരെ എൽഡിഎഫിന് ഭരണം കിട്ടിയിട്ടില്ല എന്നതാണ് ഇതിന് ആധാരം. ചേരാനല്ലൂർ പഞ്ചായത്ത്, വടുതല, കുന്നുംപുറം, എളമക്കര, കലൂർ, സെൻട്രൽ സിറ്റി, അയ്യപ്പൻകാവ് നോർത്ത്, തേവര, വാത്തുരുത്തി, ഗാന്ധിനഗർ എന്നിവയാണ് മണ്ഡലത്തിലെ മേഖലകൾ. 135 ബൂത്തുകൾ. ഏതാണ്ട് എല്ലാം തന്നെ യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളാണ്.

കൊച്ചി കോർപ്പറേഷനും ചേരാനല്ലൂർ പഞ്ചായത്തും ഭരിക്കുന്നത് യുഡിഎഫാണ് എന്നത് കോണ്‍ഗ്രസിന്‍റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. ചേരാനല്ലൂർ, വടുതല, എളമക്കര, കലൂർ, തേവര എന്നിവ യുഡിഎഫിനെ കൈയയച്ചു സഹായിക്കുന്ന മേഖലകളാണ്. മണ്ഡലത്തിലെ ഒമ്പത് ഡിവിഷനുകളിൽ മാത്രമാണ് എൽഡിഎഫ് കൗൺസിലർമാരുള്ളത്. നഗരഹൃദയത്തിലെ ഒരു ഡിവിഷൻ ബിജെപിയുടെ കൈയ്യിലാണ്. സെൻട്രൽ സിറ്റിക്ക് യുഡിഎഫ് മനസുണ്ടെങ്കിലും അടുത്ത കാലത്ത് ബിജെപി പക്ഷത്തേക്ക് ചെറിയൊരു ചായ്‌വുണ്ട്. മണ്ഡലത്തിലെ ഈ ചായ്‌വ് വോട്ടിന്റെ എണ്ണത്തിലും ദൃശ്യമാണ്.  

രാഷ്ട്രീയമായി യുഡിഎഫിനൊപ്പമെങ്കിലും നഗരസഭാ തെരഞ്ഞെടുപ്പിൽ എളമക്കരയിലും കുന്നുംപുറത്തും കലൂരിലും വടുതലയിലും എൽഡിഎഫിന് ചില ആനുകൂല്യങ്ങൾ ലഭിക്കാറുണ്ട്. ഗാന്ധിനഗർ മാത്രമാണ് സ്ഥിരമായി എൽഡിഎഫിന് ഒപ്പം നിൽക്കുന്ന പ്രദേശം. തമ്മനം – പുല്ലേപ്പടി റോഡ്, പൈപ്പ് ലൈൻ റോഡ്, എളമക്കര ചങ്ങാടംപോക്ക് തോട്, ദേശാഭിമാനി റോഡ്, ഇൻഡോർ സ്റ്റേഡിയം റോഡ്, പനമ്പിള്ളി നഗർ കിഴവന റോഡിന്റെ പടിഞ്ഞാറുഭാഗം, സെന്റ് ജോസഫ് പള്ളി മുതൽ കല്ലുപാലം വരെ കെപി വള്ളോൻ റോഡിന്റെ ഒരു ഭാഗം എന്നിങ്ങനെയാണ് മണ്ഡലത്തിന്റെ അതിർത്തികൾ.

നിയമസഭാ ചരിത്രം

1957 മുതല്‍ മുതല്‍ 2016 വരെ രണ്ട് ഉപതെരഞ്ഞെടുപ്പ് ഉള്‍പ്പടെ 16 തെരഞ്ഞെടുപ്പുകള്‍ക്കാണ് എറണാകുളം മണ്ഡ‍ലം സാക്ഷിയായത്. ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ തന്നെ മണ്ഡലം കൃത്യമായ കോണ്‍ഗ്രസ് ചായ്‍വ് പ്രകടമാക്കിയിട്ടുണ്ട്. ഇന്നും അത് തുടരുന്നു. ജേക്കബ് എ എല്‍ (5685 ഭൂരിപഷം) ആണ് ഒന്നാം നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പ്രതിനിധീകരിച്ച് ജയിച്ച് കയറിയത്. 1960 ല്‍ നടന്ന തെരഞ്ഞെടുപ്പിലും ജേക്കബ് എ എല്‍ (6893) തന്നെ എറണാകുളം മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തി.

1967 ല്‍ നടന്ന മൂന്നാം നിയമസഭാ തെരഞ്ഞെടുപ്പില്‍ എ പറമ്പിത്തറ (297) വിജയിച്ചു. 1970 ലും 1977 ലും എ എല്‍ ജേക്കബ് 5042 ഉം 1724 ഉം ഭൂരിപക്ഷം മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. 1980ലും 1982ലും  ജേക്കബ് തന്നെ ആധിപത്യം നേടി.

1987ല്‍ പ്രൊഫ.എം.കെ.സാനുവിനെ ഇടതുമുന്നണി സ്വതന്ത്രനായി പരീക്ഷിച്ചപ്പോള്‍ 10032 ഭൂരിപക്ഷത്തോടെ ആദ്യമായി മണ്ഡലം മാറ്റി ചിന്തിച്ചു.1991ല്‍ ജോര്‍ജ്ജ് ഈഡന്‍ മണ്ഡലം തിരിച്ച് പിടിച്ചു. 1996 ല്‍ വീണ്ടും ജോര്‍ജ് ഈഡന്‍ വിജയിച്ചു. 12–ാം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജോർജ് ഈഡൻ രാജിവച്ച ഒഴിവിൽ 1998 ജൂൺ രണ്ടിന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഡോ.സെബാസ്‌റ്റ്യൻ പോൾ (ഇടതു മുന്നണി) വിജയിച്ചു. 2001 ല്‍ കെ വിതോമസ് ജയിച്ചപ്പോൾ 2006 ലും 2011ലും ഡൊമനിക് പ്രസന്‍റേഷന്‍ വിജയിച്ചു. 15–ാം ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട കെ വി തോമസ് രാജിവച്ച ഒഴിവിൽ 2009 നവംബർ ഏഴിന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഡൊമിനിക് പ്രസന്റേഷൻ വിജയിച്ചു.