Asianet News MalayalamAsianet News Malayalam

'ശങ്കര്‍ റൈ കമ്മ്യൂണിസ്റ്റ് വേഷമിട്ട സംഘപരിവാറുകാരന്‍'; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി

"പെരിയ ഇരട്ടക്കൊലപാതകവും, ടി പി ചന്ദ്രശേഖരന്‍ വധക്കേസും  സിബിഐ അന്വേഷിച്ചാൽ ഇന്ന് ഭരിക്കുന്ന പലരും അഴിക്കുള്ളിലാകും. എല്‍ഡിഎഫ് സര്‍ക്കാര്‍  ഒമ്പതു മാസം കൊണ്ട് 70 ബാർ ലൈസൻസുകൾ ആണ് അനുവദിച്ചത്. ഇതില്‍ വൻ കുംഭകോണം നടന്നിട്ടുണ്ട്."

mullappally ramachandran says shankar rai member of the sangh parivar wearing communist attire
Author
Kannur, First Published Oct 4, 2019, 12:38 PM IST

കണ്ണൂര്‍:  മ‍ഞ്ചേശ്വരത്തെ ഇടതുസ്ഥാനാര്‍ത്ഥി ശങ്കര്‍ റൈക്കെതിരെ ഗുരുതര ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ശങ്കർ റൈ കമ്മ്യൂണിസ്റ്റ് വേഷം അണിഞ്ഞ സംഘ പരിവാറുകാരനാണ്. തന്ത്രിയുടെ അനുഗ്രഹം വാങ്ങി തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത് അതിന്‍റെ തെളിവാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ സിപിഎം ബിജെപി വോട്ട് കച്ചവടം നടക്കുന്നുണ്ടെന്നും മുല്ലപ്പള്ളി ആവര്‍ത്തിച്ചു.

Read Also: ശങ്കര്‍ റൈയിലുടെ മഞ്ചേശ്വരം പിടിച്ചെടുക്കാന്‍ സിപിഎം; ക്ഷേത്രദര്‍ശനം നടത്തി പ്രചാരണത്തിന് തുടക്കം

സിപിഎമ്മും ബിജെപിയും തമ്മില്‍ വോട്ടുകച്ചവടം തുടങ്ങിയിട്ട് ഏറെ വര്‍ഷങ്ങളായി. ഇത്തവണ ഉപതെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ ഇവര്‍ക്കിടയില്‍ വോട്ടുകച്ചവടം നടക്കും. ശബരിമല വിഷയത്തില്‍ എന്താണ് നിലപാടെന്ന് സിപിഎം വ്യക്തമാക്കണം. സ്ഥാനാര്‍ത്ഥിയും പാര്‍ട്ടിയും പറയുന്നത് വ്യത്യസ്ത കാര്യങ്ങളാണ്.ആര് പറയുന്നതാണ് ശരിയെന്ന് വ്യക്തമാക്കണം. ഉപതെരഞ്ഞെടുപ്പുകളില്‍ ശബരിമല മുഖ്യ ചര്‍ച്ചാവിഷയമാകും. പെരിയ ഇരട്ടക്കൊലപാതകവും ചര്‍ച്ചയാകും.

Read Also: 'ശബരിമല' ഏറ്റുപിടിച്ച് കോണ്‍ഗ്രസും ബിജെപിയും; നിലപാടിലുറച്ച് ശങ്കര്‍ റൈ

പെരിയ ഇരട്ടക്കൊലപാതകവും, ടി പി ചന്ദ്രശേഖരന്‍ വധക്കേസും  സിബിഐ അന്വേഷിച്ചാൽ ഇന്ന് ഭരിക്കുന്ന പലരും അഴിക്കുള്ളിലാകും. എല്‍ഡിഎഫ് സര്‍ക്കാര്‍  ഒമ്പതു മാസം കൊണ്ട് 70 ബാർ ലൈസൻസുകൾ ആണ് അനുവദിച്ചത്. ഇതില്‍ വൻ കുംഭകോണം നടന്നിട്ടുണ്ട്. പാർട്ടിയുടെ ഫണ്ട് സമാഹാരണത്തിനു അബ്‌കാരികൾ വലിയ തുക നൽകിക്കഴിഞ്ഞു. ഇതില്‍ അന്വേഷണം നടത്തണം.

കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ഓഹരിവില്‍പനയുമായി ബന്ധപ്പെട്ട് ഷിബു ബേബി ജോണ്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. അതില്‍ സമഗ്ര അന്വേഷണം നടത്തണം. മാണി സി കാപ്പന്‍ അധികാരദല്ലാളാണ്. അങ്ങനെയൊരാളെയാണ് പാലാക്കാര്‍ വിജയിപ്പിച്ചിരിക്കുന്നത്. വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് കോണ്‍ഗ്രസ് നേതാക്കളുടെ അസാന്നിധ്യമുണ്ടെന്ന ആരോപണം തെറ്റാണ്.  കെ മുരളീധരനെ ആണ് അവിടെ ചുമതല ഏല്പിച്ചിരിക്കുന്നത്. 

Read Also: കോടിയേരിക്കും മകനുമെതിരെ മാണി സി കാപ്പന്‍റെ മൊഴി; സിബിഐ രേഖകള്‍ പുറത്തുവിട്ട് ഷിബു ബേബിജോണ്‍

Read Also:കോടിയേരിക്കെതിരെ മൊഴി നൽകിയിട്ടില്ലെന്ന് കാപ്പൻ; ഷിബു പുറത്തുവിട്ട രേഖ വ്യാജമല്ലെന്ന് വ്യവസായി

രാജ്യത്ത് വര്‍ധിക്കുന്ന അസഹിഷ്ണുതയില്‍ ആശങ്കയറിയിച്ച് കത്തയച്ച ചലച്ചിത്ര-സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത സംഭവം അപലപനീയമാണ്. അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോൾ ഉസ്മാനെതിരെ കേരള പോലീസ് കേസെടുത്തില്ലേ. ഇതുപോലെ നാണംകെട്ട സർക്കാർ വേറെ ഉണ്ടോ. കേരളത്തിലെ സാംസ്കാരിക നായകരെ പോലെ ഇരട്ടത്താപ്പ് കാണിക്കുന്ന വിഭാഗം വേറെയില്ല. കേരളത്തിലെ ആള്‍ക്കൂട്ട കൊലപാതകങ്ങളിൽ അവർ പ്രതിഷേധിക്കുന്നില്ല. സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നടപടികളിൽ അവർ മൗനം പാലിക്കുകയാണെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു. 

Read Also: അസഹിഷ്ണുതയില്‍ ആശങ്കയറിയിച്ചു; അമ്പതോളം പ്രമുഖര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

Follow Us:
Download App:
  • android
  • ios