തിരുവനന്തപുരം: ശബരിമലയില്‍ ആചാരലംഘനം  അനുവദിക്കാനാകില്ലെന്ന, മഞ്ചേശ്വരത്തെ ഇടതു സ്ഥാനാര്‍ത്ഥിയുടെ തുറന്നുപറച്ചില്‍ ഏറ്റുപിടിച്ച് ശബരിമല വിഷയം വീണ്ടും ചൂട് പിടിപ്പിക്കാനൊരുങ്ങുകയാണ് യുഡിഎഫും ബിജെപിയും. ശബരിമല വിഷയം ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകില്ലെന്ന് സിപിഎം പറയുമ്പോള്‍, അതു തന്നെയാണ് സജീവചര്‍ച്ചയെന്ന് കോണ്‍ഗ്രസും ബിജെപിയും പറയുന്നു. 

ശബരിമല വിഷയത്തില്‍ തൊടാതെ, പാലാ നിലപാട് സ്വീകരിച്ച് സുരക്ഷിതമായി മുന്നോട്ട് പോകുന്നതിനിടെയാണ് സിപിഎമ്മിന് തലവേദനയായി മഞ്ചേശ്വരത്തെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ വെടിപൊട്ടിച്ചത്. ശബരിമലയില്‍ ആചാരലംഘനത്തിന് കൂട്ട്നില്ക്കാനാകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ശബരിമലയില്‍ വിശ്വാസമുള്ളവര്‍ക്ക് അവിടുത്തെ ആചാരങ്ങളനുസരിച്ച് പോകാമെന്നാണ് ശങ്കര്‍ റൈ പറഞ്ഞത്.

Read Also: 'ആചാരം ലംഘിക്കാതെ യുവതികൾക്കും ശബരിമലയിൽ പോകാം': ഇടത് സ്ഥാനാർത്ഥി ശങ്കർ റൈ

ശങ്കര്‍ റൈയുടെ പ്രസ്താവനയെ സുവര്‍ണാവസരമായിക്കണ്ട് ഏറ്റുപിടിച്ചിരിക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും. ശബരിമല സംബന്ധിച്ച പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായാണ് അപ്പോഴും ശങ്കര്‍ റൈയുടെ നിലപാട്. ആചാരമാണ് പ്രധാനം. പ്രസ്താവനയില്‍ തനിക്ക് ആശയക്കുഴപ്പം ഇല്ല. താന്‍ പറഞ്ഞതിന്‍റെ വിശദീകരണം പാര്‍ട്ടി നല്‍കും. താനെന്താണ് പറ‌ഞ്ഞതെന്നും എന്തിനാണ് പറ‌ഞ്ഞതെന്നും ജനങ്ങള്‍ക്ക് അറിയാമെന്നും ശങ്കര്‍ റൈ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ശബരിമലയില്‍ നിയമം കൊണ്ട് വരുമെന്ന മുന്‍ നിലപാട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു. മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിയുടെ പ്രസ്താവനയെപ്പറ്റി എന്താണ് സിപിഎമ്മിന്‍റെ   അഭിപ്രായം. സംസ്ഥാന സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയും അഭിപ്രായമെന്താണ് എന്നും ചെന്നിത്തല ചോദിച്ചു.

Read Also: ശബരിമലയില്‍ ആചാരം സംരക്ഷിക്കണമെന്നാണോ പിണറായി പറയുന്നത്: ചോദ്യവുമായി ചെന്നിത്തല

പാര്‍ട്ടി  വിരുദ്ധമായി ശങ്കര്‍ റൈ ഒന്നും പറഞ്ഞില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയത്. ശബരിമല ചര്‍ച്ചാവിഷയമാകില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു സുപ്രീംകോടതി വിധി മാറ്റാന്‍ മഞ്ചേശ്വരം തെര‍ഞ്ഞെടുപ്പിലെ ജനവിധിക്ക് കഴിയുമോ. ഈ അഞ്ചു മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം അനുസരിച്ചാണോ സുപ്രീംകോടതി ശബരിമലവ സംബന്ധിച്ച പുന:പരിശോധനാ ഹര്‍ജി കേള്‍ക്കാന്‍ പോകുന്നത് എന്നും കോടിയേരി ചോദിച്ചു.

Read Also: ഉപതെരഞ്ഞെടുപ്പിൽ ശബരിമല വിഷയമാകില്ല, മരടിൽ സർക്കാർ നിസഹായരാണ്; കോടിയേരി ബാലകൃഷ്ണൻ

ശബരിമല മുഖ്യപ്രചാരണ വിഷയമാക്കണമെന്ന് നേതാക്കള്‍ക്കും അണികള്‍ക്കും ബിജെപി നിര്‍ദ്ദേശം നല്കി‍കഴിഞ്ഞു. കൂടുതല്‍ നേതാക്കളും സ്ഥാനാര്‍ത്ഥികളും ശബരിമലയില്‍ അഭിപ്രായം പറയുന്നതോടെ വരും ജിവസങ്ങളില്‍ ശബരിമല വീണ്ടും ചൂടുള്ള ചര്‍ച്ചയാകുമെന്നാണ് വിലയിരുത്തല്‍.