വയനാട്: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ശബരിമലയാണ് മുഖ്യപ്രചാരണ വിഷയമെന്ന പ്രയോഗം തെറ്റാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. ബിജെപിയെ അക്രമിക്കുന്നതിലൂടെ ഇടത് വലത് മുന്നണികൾ ചെയ്യുന്നത് മാർജാര സുരതമാണ്. പരസ്പരം ജനങ്ങൾക്ക് മുന്നിൽ കടിച്ചു കീറി ഒടുവിൽ രണ്ടു മുന്നണികളും തന്നെ ഇണചേരുമെന്നും ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു.

ബിജെപിയെ അപകീര്‍ത്തിപ്പെടുത്തി തകര്‍ക്കാനാണ് ഇടതു വലതു മുന്നണികള്‍ ശ്രമിക്കുന്നതെന്ന് ശ്രീധരന്‍ പിള്ള ആരോപിച്ചു. ബിജെപിക്ക് സ്ഥാനാർഥിയെ നിർണയിക്കാൻ സ്വാതന്ത്യം ഇല്ലേയെന്നും അദ്ദേഹം ചോദിച്ചു. ശബരിമല മാത്രമല്ല എല്ലാ വിഷയങ്ങളും ആയുധമാക്കി ബിജെപി പോരാടും. ശബരിമലയും മോദിയുടെ ഭരണനേട്ടങ്ങളും ഉപതെരഞ്ഞെടുപ്പിൽ വിഷയമാകും. ഈ ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭയിൽ ബിജെപിയുടെ പ്രതിനിധി എത്തും. 

ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനത്തില്‍ കേരളത്തിന്‍റെ ആവശ്യത്തോടൊപ്പമാണ് ബിജെപി. ബത്തേരിയില്‍ നടക്കുന്ന സമരത്തിന് ബിജെപിയുടെ പൂര്‍ണപിന്തുണയുണ്ട്. കോണ്‍ഗ്രസ് ദേശീയ തലത്തിൽ പിളർപ്പിന്റെ വക്കിലാണ്. ഇന്നലെ സോണിയാ ഗാന്ധിയുടെ വീടിനു മുന്നിൽ കണ്ട പ്രതിഷേധം അതിന് തെളിവാണെന്നും ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു. 

Read Also: 'ശബരിമല' ഏറ്റുപിടിച്ച് കോണ്‍ഗ്രസും ബിജെപിയും; നിലപാടിലുറച്ച് ശങ്കര്‍ റൈ, പ്രചാരണവിഷയമാകില്ലെന്ന് കോടിയേരി